ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് ദർശന രാജേന്ദ്രൻ. മായാനദി ഹൃദയം, ജയ ജയ ജയ ജയ ഹേ, തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ സ്വീകാര്യത നേടാൻ ദർശനക്കായി. കഴിഞ്ഞ വർഷമിറങ്ങിയ റൈഫിൾ ക്ലബ് എന്ന ആഷിഖ് അബു ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ ദർശന എത്തിയിരുന്നു.
ഇപ്പോൾ മുതിർന്ന താരങ്ങളോടൊപ്പം അഭിനയിക്കുന്നതിന് കുറിച്ച് സംസാരിക്കുകയാണ് ദർശന. താൻ കണ്ട് വളർന്ന അഭിനേതാക്കളുടെ കൂടെ ഇപ്പോൾ അഭിനയിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ദർശന രാജേന്ദ്രൻ പറയുന്നു. താൻ കുട്ടിയായിരുന്നപ്പോൾ സിനിമയിൽ മാത്രം കണ്ട ആളുകളുടെ നായികയായിവരെ താൻ ഇപ്പോൾ അഭിനയിക്കുന്നുണ്ടെന്നും ദർശന പറഞ്ഞു.
കുഞ്ചാക്കോ ബോബൻ പണ്ട് തന്റെ സ്കൂളിൽ വന്നിട്ടുള്ളതാണെന്നും ഇപ്പോൾ താൻ കുഞ്ചാക്കോ ബോബന്റെ കൂടെയാണ് അഭിനയിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദർശന.
‘ഞാൻ കണ്ട് വളർന്ന നടന്മാരുടെ കൂടെ അഭിനയിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ സ്കൂളിൽ ഗസ്റ്റ് ആയി വന്നത് കുഞ്ചാക്കോ ബോബനാണ്. അന്ന് ഞാൻ വളരെ ചെറുതാണ്. എന്തോ പരിപാടി ചെയ്തതിന് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഞാൻ സമ്മാനമെല്ലാം വാങ്ങിയിട്ടുണ്ട്. ഇപ്പോൾ നോക്കൂ, ഞാനും ചാക്കോച്ചനും കൂടെ ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നു. എന്ത് മനോഹരമാണല്ലേ,’ ദർശന രാജേന്ദ്രൻ പറയുന്നു.
അതേസമയം തെലുങ്ക് സിനിമ മേഖലയിലേയ്ക്കും ചുവടുവെച്ചിരിക്കുകയാണ് ദർശന. പർദ്ദ എന്ന സിനിമയിലൂടെയാണ് ദർശനയുടെ തെലുങ്ക് അരങ്ങേറ്റം. അനുപമ പരമേശ്വരനും സംഗീതയും ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന മികച്ച പ്രതികരണവുമായി തിയേറ്ററിൽ മുന്നേറുകയാണ്.