കാശുണ്ടെങ്കില്‍ അവരെ വെച്ച് പടം ചെയ്‌തേനെ; കൂടെ അഭിനയിക്കാനും ആഗ്രഹമുണ്ട്: ദര്‍ശന രാജേന്ദ്രന്‍
Malayalam Cinema
കാശുണ്ടെങ്കില്‍ അവരെ വെച്ച് പടം ചെയ്‌തേനെ; കൂടെ അഭിനയിക്കാനും ആഗ്രഹമുണ്ട്: ദര്‍ശന രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th August 2025, 10:52 am

 

ചുരുങ്ങിയകാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. മായനദി, കൂടെ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളിലെ ചെറിയവേഷങ്ങളിലൂടെയായിരുന്നു ദര്‍ശന അഭിനയിച്ച് തുടങ്ങിയത്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ദര്‍ശനക്ക് കഴിഞ്ഞു.

ഹൃദയം, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ നടി സിനിമയില്‍ ഏറെ സ്വീകാര്യത നേടി. കഴിഞ്ഞ വര്‍ഷമിറങ്ങിയ റൈഫിള്‍ ക്ലബ് എന്ന ആഷിഖ് അബു ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ ദര്‍ശന എത്തിയിരുന്നു. ദര്‍ശനയുടേതായി വരാന്‍ പോകുന്ന ചിത്രമാണ് പര്‍ദ്ദ. ഇപ്പോള്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട നായികമാരെ കുറിച്ചും സംസാരിക്കുകയാണ് ദര്‍ശന.

‘ചില സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങളെ എഴുതുന്നത് കുറച്ച് ബോറിങ്ങ് ആണ്. അതിന്റെ ഉള്ളില്‍ ഇന്‍ഡ്രസ്റ്റിങ് ക്യാരക്ടേഴ്‌സ് ഉണ്ട്. പക്ഷേ അത് കുറച്ചുകൂടി എക്‌സ്പാന്‍ഡ് ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നും. കനിയും ഞാനുമൊക്കെ ഒരുമിച്ച് തിയേറ്റര്‍ ചെയ്യുന്നയാളാണ്. ഇവരെയൊക്കെ നമ്മള്‍ സിനിമയില്‍ ചെറിയ റോളുകളിലാണ് കണ്ടിരിക്കുന്നത്. ഇനിയും നല്ല റോളുകള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയും. എനിക്ക് കാശുണ്ടായിരുന്നെങ്കില്‍ ഇവരെയൊക്കെ വെച്ച് ഒരു പടം പ്രൊഡ്യൂസ് ചെയ്‌തേനേ. ഒരുപാട് നല്ല നടികള്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്.

ഞാന്‍ ഭയങ്കരമായി അഡ്‌മെയറ് ചെയ്യുന്ന നടിയാണ് കനി കുസൃതി. കനി അടിപൊളിയാണ്. ഇപ്പോള്‍ പോലും കനിയെ സിനിമയില്‍ ആരും വേണ്ടത്ര ഉപയോഗിച്ചിട്ടില്ല. അത്രയും പൊട്ടന്‍ഷ്യലുണ്ട്. അതുപോല ദിവ്യപ്രഭ. ദിവ്യ പ്രഭക്കൊക്കെ പ്രാന്താണ്. എനിക്ക് ദിവ്യയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്. പണ്ടൊക്കെ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. ഉര്‍വശി ചേച്ചിയും ഫിലോമിന ചേച്ചിയുമൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ ഉണ്ട്. അങ്ങനെയുള്ള കഥപാത്രം ഇപ്പോള്‍ ചെയ്യാന്‍ നല്ല ലിമിറ്റേഷന്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്,’ദര്‍ശന പറയുന്നു.

Content Highlight: Darshan Rajedran about Divya prabha and Kani Kusruti