പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്‌ക്കൊപ്പം ചേര്‍ന്ന് ഡാനിയല്‍ വെറ്റൊറി
Sports News
പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്‌ക്കൊപ്പം ചേര്‍ന്ന് ഡാനിയല്‍ വെറ്റൊറി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st March 2022, 10:43 pm

പാകിസഥാനെതിരെ നടക്കുന്ന വൈറ്റ് ബോള്‍ സീരീസില്‍ ഓസ്‌ട്രേലിയയുടെ സ്പിന്‍ കണ്‍സള്‍ട്ടന്റായി ചുമതലയേറ്റ് മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി. വെറ്റോറി സ്ഥാനമേറ്റെടുത്തതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

പാകിസ്ഥാനില്‍ പര്യടനം നടത്തുന്ന ഓസീസ് ടീമിന്റെ സ്പിന്‍ വിഭാഗത്തെ വരാനിരിക്കുന്ന ഏകദിന-ടി-20 പരമ്പരകള്‍ക്ക് സജ്ജമാക്കുകയെന്ന ഭാരിച്ച ചുമതലയാണ് വെറ്റോറിക്കുള്ളത്.

റെഡ്‌ബോള്‍ ടീം പാകിസ്ഥാനിലേക്ക് പോവുന്നതിന് മുമ്പായി മെല്‍ബണില്‍ വെച്ചാണ് താരം ടീമിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക. ഇതിന് മുമ്പ് 2017ല്‍ വെറ്റോറി ഓസീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

2019-2021 കാലഘട്ടത്തില്‍ ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായും വെറ്റോറി പ്രവര്‍ത്തിച്ചിരുന്നു.

ലോകം കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു വെറ്റോറി. ന്യൂസിലാന്‍ഡിന് വേണ്ടി ടെസ്റ്റില്‍ നിന്നും 362 വിക്കറ്റും ഏകദിനത്തില്‍ 305 വിക്കറ്റും താരം നേടിയിട്ടുണ്ട്. 38 ടി-20 വിക്കറ്റുകളാണ് കരിയറില്‍ താരത്തിന്റെ സമ്പാദ്യം.

അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമെ ഐ.പി.എല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ലീഗിലും താരം തന്റെ സ്പിന്‍ മാന്ത്രികത പുറത്തെടുത്തിട്ടുണ്ട്.

ഇതുകൂടാതെ, ഐ.പി.എല്ലില്‍ ബെംഗളൂരുവിന്റെയും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിന്റെയും പരിശീലകനായും വെറ്റോറി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാര്‍ച്ച് 29നാണ് പാകിസഥാനും ഓസീസും തമ്മിലുള്ള റെഡ്‌ബോള്‍ സീരീസ് ആരംഭിക്കുന്നത്. മാര്‍ച്ച് 29, 31, ഏപ്രില്‍ 2 തീയ്യതികളിലാണ് ഏകദിന മത്സരം. ഏപ്രില്‍ അഞ്ചിനാണ് പര്യടനത്തിലെ ഏക ടി-20 മത്സരം നടക്കുന്നത്.

Content Highlight: Daniel Vettori joins Australia for white-ball series in Pakistan