'തെരുവുകളിലെ നൃത്തം, ഭയമില്ലാതെ ചുംബനങ്ങള്‍'; ഇറാനിയന്‍ പ്രതിഷേധ ഗാനത്തിന് ഗ്രാമി അവാര്‍ഡ്
World News
'തെരുവുകളിലെ നൃത്തം, ഭയമില്ലാതെ ചുംബനങ്ങള്‍'; ഇറാനിയന്‍ പ്രതിഷേധ ഗാനത്തിന് ഗ്രാമി അവാര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2023, 3:56 pm

ലോസ് ആഞ്ചലസ്: ഇറാനിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളെ അടിസ്ഥാനമാക്കി ഗാനം രചിച്ച ഷെര്‍വിന്‍ ഹാജിപൂറിന് ഗ്രാമി അവാര്‍ഡ്. സാമൂഹിക മാറ്റത്തിനുള്ള ഗാനം എന്ന വിഭാഗത്തിലാണ് ഹാജിപൂറിന്റെ ബരായ എന്ന ഗാനത്തിന് അവാര്‍ഡ് ലഭിച്ചത്. ഈ വര്‍ഷം ആദ്യമായാണ് ഇങ്ങനൊരു വിഭാഗത്തില്‍ ഗ്രാമി അവാര്‍ഡ് നല്‍കുന്നത്. 65ാം ഗ്രാമി അവാര്‍ഡ് ആണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്.

ഗാനത്തെ തുടര്‍ന്ന് ഹാജിപൂരിനെ ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

‘ഈ ഗാനം മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളെ നയിച്ച ഗാനമാണ്. ഹാജിപൂരിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഗാനത്തിന്റെ ശക്തമായ വരികളും അര്‍ത്ഥങ്ങളും ലോകമെമ്പാടും പ്രതിധ്വനിക്കും’ അവാര്‍ഡ് സമര്‍പ്പണ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്‍ പ്രശംസിച്ചു.

എന്നാല്‍ അവാര്‍ഡ് നേരിട്ട് ഏറ്റുവാങ്ങാന്‍ ഷെര്‍വിന്‍ ഹാജിപൂരിന് സാധിച്ചില്ല. ഓണ്‍ലൈന്‍ വഴി സാന്നിധ്യം അറിയിച്ച അദ്ദേഹം ഇരുണ്ട മുറിയില്‍ കരഞ്ഞ് കൊണ്ടാണ് ഈ അവാര്‍ഡ് സ്വീകരിച്ചത്.

‘തെരുവുകളില്‍ നൃത്തം ചെയ്തതിന്, ഭയമില്ലാതെ ചുംബനങ്ങള്‍ നല്‍കിയതിന്’ എന്ന് തുടങ്ങുന്ന ഗാനം ഇറങ്ങിയതിനു പിന്നാലെ രണ്ട് ദിവസത്തിനുള്ളില്‍ 40 മില്യന്‍ ആളുകളാണ് കേട്ടത്. ഇതിനെത്തുടര്‍ന്ന് ഇറാനിയന്‍ പൊലീസ് ഹാജിപൂറിനെ ജയിലിലടക്കുകയായിരുന്നു. ഭരണകൂടത്തിനെതിരെയുളള കുപ്രചരണങ്ങളും, അക്രമത്തിനുള്ള പ്രേരണയും എന്ന വകുപ്പുകളിലാണ് കഴിഞ്ഞ വര്‍ഷം ഹാജിപൂറിനെ ജയിലിലടച്ചത്.

ഗാനം ഇറാനിയന്‍ ജനത വലിയ ആവേശത്തോടെ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് അവസാനിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടി, ജീവിതത്തിന് വേണ്ടി, സ്വാതന്ത്ര്യത്തിന് വേണ്ടി എന്ന പ്രശസ്തമായ മുദ്രാവാക്യത്തിലാണ്. പേര്‍ഷ്യന്‍ മുദ്രാവാക്യമായ ജിന്‍-ജിയാന്‍-ആസാദി എന്നതില്‍ നിന്നാണ് ഈ വരികള്‍ കടമെടുത്തിട്ടുള്ളത്.

ഹിജാബിന്റെ പേരില്‍ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനിയെന്ന 22കാരി കൊല്ലപ്പെട്ട സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇറാനില്‍ വഴിവെച്ചത്. സോണിയ റാദ് എന്ന യുവതിയും ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത്തരം നിരവധി സ്ത്രീ വിരുദ്ധ പ്രവണതകള്‍ക്കെതിരെ ഇറാനിയന്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ്
സ്ത്രീക്ക്, സ്വാതന്ത്ര്യത്തിന്, ജീവിതത്തിന് എന്ന് അസാനിക്കുന്ന ബരായെ ഗാനം പുറത്തിറക്കിയത്.

content highlight: Dancing in the streets, kissing without fear’; Grammy Award for Iranian Protest Song