കോട്ടയത്തെ തിരുവഞ്ചൂരിന്റെ ആകാശപാതയ്ക്ക് ബലക്ഷയം; പൊളിച്ചുമാറ്റാന്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട്
Kerala News
കോട്ടയത്തെ തിരുവഞ്ചൂരിന്റെ ആകാശപാതയ്ക്ക് ബലക്ഷയം; പൊളിച്ചുമാറ്റാന്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 8:33 pm

കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയായിരിക്കെ നിര്‍മാണം ആരംഭിച്ച കോട്ടയത്തെ ആകാശപാതയ്ക്ക് ബലക്ഷയം. ആകാശപാതയുടെ തുരുമ്പെടുത്ത തൂണുകള്‍ പൊളിച്ചുനീക്കണമെന്ന് ബലപരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിസ്ഥാന തൂണുകള്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ തൂണുകള്‍ക്കും ബലക്ഷയം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. പാലക്കാട് ഐ.ഐ.ടിയും ചെന്നൈ സ്ട്രക്ച്ചറല്‍ എഞ്ചിനീറിയറിങ് റീസേര്‍ച്ച് സെന്ററും സംയുക്തമായി നടത്തിയ പഠനത്തിലാണ് ബലക്ഷയം കണ്ടെത്തിയത്.

2023 ലാണ് ആകാശപാതയുമായി ബന്ധപ്പെട്ട പഠനം നടന്നത്. എട്ട് വര്‍ഷം മുമ്പാണ് കോട്ടയത്ത് സ്വപ്നപദ്ധതിയായ ആകാശപാത ഉയര്‍ന്നത്. എന്നാല്‍ ഇക്കാലയളവില്‍ മഴയും വെയിലും കൊണ്ട് നിര്‍മിതിക്ക് കാര്യമായ ബലക്ഷയം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തുരുമ്പ് വരാതിരിക്കാന്‍ പെയിന്റ് എങ്കിലും അടിക്കണ്ടേയെന്നും ബോധപൂര്‍വം സ്വപ്നപദ്ധതി തകര്‍ക്കാന്‍ കാവല്‍ നിന്നവരുണ്ടെന്നുമാണ് തിരുവഞ്ചൂര്‍ പ്രതികരിച്ചത്. ഇടതുസര്‍ക്കാരിന്റെ ബോധപൂര്‍വമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു തട്ടിക്കൂട്ട് പദ്ധതി നടപ്പിലാക്കാന്‍ മുടക്കിയ മുഴുവന്‍ തുകയും തിരുവഞ്ചൂര്‍ വീട്ടില്‍ നിന്ന് തിരിച്ചടക്കണമെന്ന് സി.പ.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അനില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എം.എല്‍.എ ചെലവഴിച്ച തുക അഴിമതിയാണെന്നും ധൂർത്താണെന്നും അനില്‍ കുമാര്‍ പറഞ്ഞു.

ജനങ്ങളെ വെല്ലുവിളിക്കുന്ന നീക്കമാണ് ഉണ്ടായതെന്നും അനില്‍ കുമാര്‍ പ്രതികരിച്ചു. അഴിമതി തൊണ്ടി സഹിതം ഇപ്പോള്‍ വെളിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

2015 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കോട്ടയത്ത് ആകാശപാത പദ്ധതിക്ക് തുടക്കമിട്ടത്. അഞ്ച് കോടിയിലധികം രൂപയാണ് ഇതിനായി വകയിരുത്തിയത്. ഒരു കോടി രൂപ ചെലവാക്കിയാണ് പാതയുടെ സ്ട്രക്ച്ചര്‍ പൂര്‍ത്തിയാക്കിയത്.

എന്നാല്‍ നിര്‍മാണം ഏറ്റെടുത്ത കിറ്റ്കോയ്ക്ക് 2016ല്‍ ഭരണത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ കുടിശ്ശിക നല്‍കാതെ വന്നതോടെ പദ്ധതി തട്ടിന്‍പുറത്താകുകയും ചെയ്തു.

Content Highlight: Damage to Kottayam Skyway; Report suggesting demolition