തിരുവനന്തപുരം: ചരിത്ര പാഠ പുസ്തകങ്ങളില്‍ ദളിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് ഒഴിവാക്കാന്‍ നടപടി വേണമെന്ന് നടിയും ടെലിവിഷന്‍ അവതാരകയുമായ മീനാക്ഷി. തൊട്ടുകൂടായ്മ എന്ന പദം തന്നെ ചെറുപ്പം മുതല്‍ അലോസരപ്പെടുത്തിയിരുന്നുവെന്നും ദളിതര്‍ തൊട്ടുകൂടാത്തവരെന്ന് തെറ്റിദ്ധരിക്കപ്പെട്ട കാര്യം പാഠപുസ്തകങ്ങളില്‍ രേഖപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘ജാതി പിരമിഡ് പരിശോധിക്കുമ്പോള്‍ ദളിതര്‍ എന്ന വിഭാഗം താഴ്ന്നവരെന്നും തൊട്ടുകൂടാത്തവര്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രം പഠിക്കുമ്പോള്‍ നമ്മുടെ മുമ്പുള്ള കാലം ഇങ്ങനെയായിരുന്നുവെന്ന് മനസിലാക്കാനും അടയാളപ്പെടുത്താനും ഇവ നിര്‍ബന്ധമായും പഠിക്കേണ്ടതുണ്ട്.
ആര് ഇവരെ ഇങ്ങനെയാക്കി, ഇപ്പോള്‍ ഇങ്ങനെയല്ല, വേര്‍തിരിച്ച് കാണുന്നത് തെറ്റാണെന്നും കൂടെ പഠിപ്പിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ അറിവ് നല്‍കും,’ മീനാക്ഷി പറഞ്ഞു.
മുമ്പ് ആളുകളെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാണ് കണ്ടിരുന്നതെന്ന് മാത്രമാണ് പഠിപ്പിക്കുന്നതെന്നും ഇന്നത്തെ കാലത്ത് അതില്‍ മാറ്റം വന്നുവെന്ന കാര്യമൊന്നും പഠിപ്പിക്കുന്നില്ലെന്നും മീനാക്ഷി പറഞ്ഞു. ഈ വ്യവസ്ഥയുടെ തുടക്കം എവിടെ നിന്നാണെന്നും നമ്മള്‍ പഠിക്കുന്നില്ല.
ശരിയായ പഠനം ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമാണ്. അതിനാലാണ് താന്‍ ഈ വിഷയത്തില്‍ മുമ്പ് ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചത്. ചരിത്ര പാഠപുസ്തങ്ങളിലെ മാറ്റങ്ങള്‍ക്കായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.
‘വര്‍ണമില്ലാത്ത വര്‍ണാ പിരമിഡ്… ചില ചിന്തകള്‍’ എന്ന തലക്കെട്ടോടെയാണ് മീനാക്ഷി മുമ്പ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നത്. ദളിതര്‍ തൊട്ടുകൂടാത്തവരാണെന്ന പദം തന്നെ എന്നും അലോസരപ്പെടുത്തുന്നുവെന്നായിരുന്നു മീനാക്ഷി അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
Content Highlight: ‘Dalits are untouchables’ is a wrong marking in history textbooks; action is needed: Meenakshi