ചെന്നൈ: ആഡംബര ബൈക്ക് വാങ്ങിയതിന്റെ പേരില്‍ ദളിത് യുവാവിന് നേരെ വീട് കയറി ആക്രമണം. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം .സംഭവത്തില്‍ ഹിന്ദു ജാതിവാദികളായ ആറ് പേരെ പാപ്പനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടല്‍ തൊഴിലാളിയായ 21കാരനായ എന്‍. പച്ചിലിന്‍ എന്ന ദളിത് യുവാവിനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ ഗോപിനാഥ് (30), വി.ലിങ്കനാഥന്‍ (21), എ. സാരഥി (23), എം. അരുണ്‍ കുമാര്‍ (23), കെ. ഉദയന്‍ (21), പ്രഹദീശ്വരന്‍ (21) എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.
തിങ്കളാഴ്ച ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞ് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ദളിതര്‍ വിലകൂടിയ ബൈക്ക് ഉപയോഗിക്കരുതെന്ന് നെമ്മേലി സ്വദേശിയായ ടി. ഗോപിനാഥ് ഭീഷണി മുഴക്കുകയായിരുന്നു.
ഇത് ചെവികൊള്ളാതിരുന്ന പച്ചിലിന്‍, താന്‍ പണം കൊടുത്ത് സ്വന്തമാക്കിയ ബൈക്ക് ഉപയോഗിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു.
ഇതില്‍ പ്രകോപിതരായ ഗോപിനാഥ് അഞ്ച് കൂട്ടാളികളുമായി ചേര്‍ന്ന് അര്‍ധരാത്രിയോടെ പച്ചിലിന്റെ വീട്ടിലെത്തുകയും യുവാവിനെ വിളിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. യുവാവിന് നേരെ ജാതീയധിക്ഷേപം നടത്തുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മര്‍ദനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട പച്ചിലിന്‍ പാപ്പനാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബി.എന്‍.എസ് പ്രകാരം എസ്.സി,എസ്.ടി അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു.
ജാതി വിവേചനങ്ങളുടെ പേരില്‍ നിരവധി കുറ്റകൃത്യങ്ങളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയില്‍ ശിവഗംഗ ജില്ലയിലെ സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥിയായ ദളിത് യുവാവിന് സ്‌കൂട്ടര്‍ ഓടിച്ചതിന്റെ പേരില്‍ മര്‍ദനമേറ്റിരുന്നു. അന്ന് ജാതിവാദികളായ മൂന്നുപേരാണ് അറസ്റ്റിലായത്.
Content Highlight: Dalit youth beaten up for buying luxury bike; Six arrested in Tamil Nadu