ഗുജറാത്തില്‍ ദളിത് ഗ്രാമമുഖ്യയുടെ ഭര്‍ത്താവിനെ തല്ലിക്കൊന്നു
national news
ഗുജറാത്തില്‍ ദളിത് ഗ്രാമമുഖ്യയുടെ ഭര്‍ത്താവിനെ തല്ലിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2019, 8:27 am

ബത്താഡ്: ഗുജറാത്തില്‍ ദലിത് ഗ്രാമമുഖ്യ(സര്‍പഞ്ച്)യുടെ ഭര്‍ത്താവിനെ കാറിടിച്ച് വീഴ്ത്തി തല്ലിക്കൊന്നു. ബത്താഡ് ജില്ലയിലെ രണ്‍പുര്‍ബല്‍വാല റോഡിലാണ് സംഭവം.

മന്‍ജിഭായ് സോളങ്കി(51)യാണു ബൈക്കില്‍ യാത്ര ചെയ്യവെ ആറംഗസംഘത്തിന്റെ ആക്രമണത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത്.

രണ്‍പുര്‍ താലൂക്കിലെ ജലിയ ഗ്രാമത്തിലെ ഗ്രാമമുഖ്യ ഗീത സോളങ്കിയുടെ ഭര്‍ത്താവാണ് മന്‍ജിഭായ്. മന്‍ജിഭായ് സോളങ്കി ഡെപ്യൂട്ടി സര്‍പഞ്ച് എന്ന അനൗദ്യോഗിക സ്ഥാനം വഹിക്കുന്നുണ്ട്.

ബൈക്കില്‍ കാര്‍ ഇടിപ്പിച്ചു വീഴ്ത്തിയശേഷം അഞ്ചോ ആറോ ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്ന് മന്‍ജിഭായ് മരിക്കുന്നതിനു മുമ്പ് ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.

മന്‍ജിഭായ് സോളങ്കിയുടെ മൊഴി ബന്ധുവിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കാറില്‍ എത്തിയവരാണ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാത്തി ദര്‍ബാര്‍ സമുദായത്തില്‍ നിന്നും ഭീഷണിയുണ്ടെന്നു കാണിച്ച് കഴിഞ്ഞ വര്‍ഷം മന്‍ജിഭായിയും ഗീതയും പൊലീസ് സംരക്ഷണം തേടിയിരുന്നു. ഡി.ജി.പിക്കായിരുന്നു പരാതി നല്‍കിയിരുന്നത്. എന്നാല്‍ സംരക്ഷണം നല്‍കിയിരുന്നില്ല.