ഉല്പാദനശക്തികളുടെ വികാസവുമായി ബന്ധപ്പെട്ട് ഉല്പാദന ബന്ധങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുടെ ചാലകശക്തിയെന്ന നിലയിലാണ് മാര്‍ക്‌സിനെയും എംഗല്‍സിനെയും പോലുള്ളവര്‍ വര്‍ഗസമരത്തെ കണ്ടിരുന്നത്. വര്‍ഗവിഭജിതമായൊരു സമൂഹത്തിന്റെ വിശകലനത്തിലൂടെയാണ് അവര്‍ അത്തരമൊരു നിഗമനത്തിലെത്തിയത്.
![]()
എസ്സേയ്‌സ് / കെ.എം. സലിംകുമാര്‍
![]()
[share]
വര്‍ഗവീക്ഷണത്തില്‍ നിന്ന് ജാതി പ്രശ്‌നത്തെ നോക്കിക്കാണുന്ന ദലിത് അന്വേഷകര്‍ എത്തിച്ചേരുന്ന ആശയവ്യക്തതയില്ലായ്മയും സ്വത്വപ്രതിസന്ധിയും ചൂണ്ടിക്കാണിക്കുന്നതിന് ഡൂള്‍ന്യൂസ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച കെ.കെ.എസ്. ദാസ്. എഴുതിയ “ജാതി ഉന്മൂലനത്തിന് എന്തു പറ്റി ?” എന്ന ലേഖനവും ആനന്ദ് തെല്‍തുംടെ എഴുതിയ “ദലിത് മുന്നേറ്റവും പ്രതിസന്ധിയും” എന്നീ ലേഖനവും കെ.എം. സലിംകുമാര്‍ ഇവിടെ പരിശോധിക്കുന്നു.
ഒന്നര നൂറ്റാണ്ടുമുമ്പ് മാര്‍ക്‌സും എംഗല്‍സും ലോകത്തിന്റെ മുന്നില്‍ സമര്‍പ്പിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ചുകൊണ്ടാണ് കെ.കെ.എസ്. ദാസ് തന്റെ ലേഖനം തുടങ്ങുന്നത്.
“നാളിതു വരെയുള്ള സമൂഹങ്ങളുടെ ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണ്”. ഈ സാമൂഹ്യ വീക്ഷണത്തെ ദാസ് ഇന്ത്യയിലേക്ക് മൊഴിമാറ്റുന്നത് ഇങ്ങനെയാണ്; നാളിതുവരെയുള്ള ഇന്ത്യാ ചരിത്രം ജാതി വിരുദ്ധ, ജാതി നശീകരണ വര്‍ഗ സമരത്തിന്റെ ചരിത്രമാണെന്ന് വായിക്കേണ്ടിയിരിക്കുന്നു.

ജാതി നശീകരണ വര്‍ഗ സമരം ഉല്പാദന ബന്ധങ്ങളുടെ വിമോചനമാണ്. അത് ദേശീയ വിമോചനസമരമാണ്. ദലിത് മര്‍ദ്ദിത ജനതയുടെയും മറ്റ് ദേശീയതകളുടെയും വിമോചനം പൂര്‍ത്തീകരിക്കാത്ത ദേശീയ വിമോചനം ജാതിബദ്ധ ഉല്പാദന ബന്ധങ്ങളുടെ ആധിപത്യത്തെ പുനരുല്പാദിപ്പിക്കുന്നു.
19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകം സാമൂഹ്യനവോത്ഥാന മുന്നേറ്റങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു. 20-ാം നൂറ്റാണ്ട് ജനാധിപത്യ ഉദ്ദേശങ്ങളുടേതയിരുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ട് പുത്തന്‍ കൊളോണിയല്‍ വിരുദ്ധ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കുമോയെന്നതാണ്, ജാതി നശീകരണം ദേശീയ ഉള്ളടക്കമായുള്ള ജനാധിപത്യ വിപ്ലവത്തിന്റെ ഭാവി ചരിത്രം.””
വര്‍ഗ നിലപാടില്‍ നിന്ന് സീഡിയന്‍ സര്‍വ്വീസ് സൊസൈറ്റി എന്ന പേരില്‍ 70കളുടെ തുടക്കത്തില്‍ പ്രവര്‍ത്തനമാരംഭിച്ചൊരു ദലിത് സംഘടനയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് കെ.കെ.എസ്. ദാസ്. ജാതിപ്രശ്‌നം പഠിക്കാനും പരിശോധിക്കാനും ദാസിനെപ്പോലുള്ളവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നാലുപതിറ്റാണ്ടിലേറെ പഴക്കമുണ്ട് എന്നാണിതിനര്‍ത്ഥം.
എന്നിരിക്കിലും ജാതി വര്‍ഗ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ കൃത്യമായും വ്യക്തമായും അവതരിപ്പിക്കുവാന്‍ ഇപ്പോഴും അവര്‍ക്ക് കഴിയുന്നില്ലെന്നാണ് മുകളില്‍ കൊടുത്ത വരികള്‍ വ്യക്തമാക്കുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിലാണ് താന്‍ ഈ കാര്യം അന്വേഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതെന്ന പ്രാഥമിക ധാരണയിലേക്കുപോലും ദാസിന് എത്തിച്ചേരാനാവുന്നില്ല. ഒരു വിപ്ലവം രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണെന്ന മട്ടില്‍ അത് ഈ നൂറ്റാണ്ടില്‍ പൂര്‍ത്തീകരിക്കപ്പെടുമോയെന്ന കാര്യത്തിലാണ് അദ്ദേഹം ആശങ്കപ്പെടുന്നത്.
ഉല്പാദനശക്തികളുടെ വികാസവുമായി ബന്ധപ്പെട്ട് ഉല്പാദന ബന്ധങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുടെ ചാലകശക്തിയെന്ന നിലയിലാണ് മാര്‍ക്‌സിനെയും എംഗല്‍സിനെയും പോലുള്ളവര്‍ വര്‍ഗസമരത്തെ കണ്ടിരുന്നത്. വര്‍ഗവിഭജിതമായൊരു സമൂഹത്തിന്റെ വിശകലനത്തിലൂടെയാണ് അവര്‍ അത്തരമൊരു നിഗമനത്തിലെത്തിയത്.
എന്നാല്‍ ഈ വര്‍ഗ വിശകലന രീതി ജാതി വിഭജിതമായൊരു സമൂഹത്തിലും ഉപയോഗിക്കുകയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്. ജാതി പ്രശ്‌നം ഉന്നയിച്ചുകൊണ്ട് ദലിതരെ വര്‍ഗവത്കരിക്കുവാന്‍ ദാസ് നടത്തുന്ന ശ്രമത്തില്‍ അവര്‍ മര്‍ദ്ദിത ജനതയായി ചിത്രീകരിക്കപ്പെടുന്നു.
എന്നാല്‍ ആരാണ് അവരുടെ മര്‍ദ്ദകരെന്നോ, ആര്‍ക്കെതിരെ നടത്തുന്ന പോരാട്ടമാണ് ദേശീയമോചനമെന്നോ, ജനാധിപത്യ വിപ്ലവമെന്നോ ഒന്നും ദാസ് വ്യക്തമാക്കുന്നില്ല. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത അമൂര്‍ത്തമായ ചില സങ്കല്പങ്ങളാണിവ.
അടുത്ത പേജില്‍ തുടരുന്നു
ജാതിപ്രശ്‌നം അംഗീകരിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന അവസ്ഥയിലേക്ക് സി.പി.എം. പോലുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പോലും നിര്‍ബന്ധിക്കപ്പെടുന്ന സ്ഥിതിയിലേക്ക് ഇത് മാറി. വര്‍ഗേതര സംഘടനകളുണ്ടാക്കി ദലിത് പ്രവര്‍ത്തനമണ്ഡലത്തെ പ്രതിരോധിക്കാനാവുമോയെന്നാണ് ഇന്ന് കമ്യൂണിസ്റ്റുകള്‍ ആലോചിക്കുന്നത്.

കൊളോണിയല്‍ വിരുദ്ധസമരം പോലും ജനാധിപത്യ വിപ്ലവമായി മാറാതിരുന്ന ഇന്ത്യയില്‍ “വിപ്ലവ”മെന്ന വാക്കുപോലും ഉപേക്ഷിക്കുവാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരും അവര്‍ക്കുമേല്‍ തിരുത്തല്‍വാദം ആരോപിച്ച് “യഥാര്‍ത്ഥ വിപ്ലവ”ത്തിന് നേതൃത്വം നല്‍കുവാന്‍ ശ്രമിച്ചവരുമെല്ലാം നിരന്തരം നിര്‍ബന്ധിക്കപ്പെട്ടൊരു രാജ്യത്താണ്, ദാസ് ഇപ്പോഴും ജനാധിപത്യ വിപ്ലവത്തെക്കുറിച്ച് പറയുന്നത്.
എന്നാല്‍ നവോത്ഥാനാനന്തര കേരളത്തില്‍ രൂപം കൊണ്ട ജനാധിപത്യ സംവിധാനത്തിനുള്ളില്‍, വര്‍ഗേതര തലത്തില്‍ നിന്നും, ജാതി വിരുദ്ധ ദിശയില്‍ ഇടപെടുവാന്‍ ശ്രമിച്ച ദലിതര്‍ തങ്ങളുടേതായൊരു പ്രവര്‍ത്തനമണ്ഡലവും ബൗദ്ധികമണ്ഡലവും സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.
ദാസ് ചെയ്യുവാന്‍ ശ്രമിച്ചതുപോലെ വര്‍ഗനിലപാടും ജാതിവിരുദ്ധ നിലപാടും കൂട്ടിക്കെട്ടിയല്ല, ജാതി വിരുദ്ധ നിലപാടില്‍ ഊന്നിയും വര്‍ഗനിലപാടിനെ എതിര്‍ത്തുമാണ് ദലിതര്‍ ഇത്തരമൊരു സ്ഥിതിയുണ്ടാക്കിയത്.

ജാതിപ്രശ്‌നം അംഗീകരിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന അവസ്ഥയിലേക്ക് സി.പി.എം. പോലുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പോലും നിര്‍ബന്ധിക്കപ്പെടുന്ന സ്ഥിതിയിലേക്ക് ഇത് മാറി. വര്‍ഗേതര സംഘടനകളുണ്ടാക്കി ദലിത് പ്രവര്‍ത്തനമണ്ഡലത്തെ പ്രതിരോധിക്കാനാവുമോയെന്നാണ് ഇന്ന് കമ്യൂണിസ്റ്റുകള്‍ ആലോചിക്കുന്നത്.
എന്നാല്‍ ഒരു വൈജ്ഞാനികശാഖയായി മാറിക്കൊണ്ടിരിക്കുന്ന ദലിത് പ്രവര്‍ത്തനമണ്ഡലത്തെ പ്രതിരോധിക്കുക അസാദ്ധ്യമാണ്. ഇത്തരമൊരു പ്രക്രിയയില്‍ ദാസിനെപ്പോലുള്ളവര്‍ക്ക് ശ്രദ്ധേയമായൊരു പങ്ക് വഹിക്കുവാന്‍ കഴിയാതെ പോയത് അവരുടെ വര്‍ഗനിലപാടുമൂലമാണ്; അതിലെ കടുംപിടുത്തം മൂലമാണ്.
പൗരാണിക ഇന്ത്യയുടെ ചരിത്രം തിരക്കിയും ജാതികളുടെ ഉല്പത്തി തേടിയും ഭൂതകാലത്തില്‍ തപ്പിത്തടഞ്ഞ് സ്വന്തം ഊര്‍ജ്ജവും സമയവും നഷ്ടപ്പെടുത്തുന്നവരെപ്പറ്റി ആനന്ദ് തെല്‍തുംടെ പറയുന്നത് ദാസിനെപ്പോലുള്ളവര്‍ക്കും ബാധകമാണ്.
ദാസിന്റെ ലേഖനം അതിനുള്ള തെളിവാണ്. ജാതി ഉന്മൂലനത്തിനെന്തുപറ്റി? എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ചോദ്യം. അത് തിരക്കി അദ്ദേഹം ആര്യാധിനിവേശത്തിലേക്കും ബുദ്ധനിലേക്കുമെല്ലാം പോകുന്നു.
എന്നാല്‍ ജാതി ഉന്മൂലനം സ്വപ്നം കണ്ട അംബേദ്കര്‍ക്കുശേഷം ജാതിവിരുദ്ധമായൊരു ചലനം രാജ്യത്ത് നടന്നതായി കാണാന്‍ കഴിയുന്നില്ല. അംബേദ്കറിനു പിന്നില്‍ ഫൂലെയിലേക്കും മുന്നില്‍ കാന്‍ഷിറാമിലേക്കുമെല്ലാം നീളുന്ന സുതാര്യമായ നേര്‍രേഖകള്‍ ഉള്ളപ്പോഴാണ് ഈ സ്ഥിതിയെന്നത് ദാസിന്റെ കണ്ണുകളുടെ പ്രശ്‌നമല്ല, കണ്ണാടിയുടെ പ്രശ്‌നമാണ്.
നാരായണഗുരുവിനും അയ്യങ്കാളിക്കും ശേഷം കേരളത്തിലും ജാതി വിരുദ്ധദിശയില്‍ എന്തെങ്കിലും ചലനങ്ങളുണ്ടായതായി കണ്ടെത്താനാവുന്നില്ല. എന്നാല്‍ അയ്യങ്കാളിപ്രസ്ഥാനം വെറുമൊരു നവോത്ഥാന പ്രസ്ഥാനമല്ലെന്നും വിപ്ലവകരമായൊരു രാഷ്ട്രീയ മുന്നേറ്റമായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
അതിന് എന്തു സംഭവിച്ചുവെന്നോ, അതിനെ തുടര്‍ന്ന് എന്തുണ്ടായിയെന്നോ അന്വേഷിക്കുന്നില്ല. ഒരു കാര്യം മാത്രം ശ്രദ്ധിച്ചു; ജാതിബന്ധമായ സമ്പദ്ഘടനയെ തകര്‍ക്കാന്‍ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനമായി കര്‍ഷക അടിയാള ഉല്പാദനശക്തികള്‍ക്ക് അക്കാലത്ത് വര്‍ഗവികാസം നേടുവാന്‍ സാദ്ധ്യമായിരുന്നില്ല. പില്‍ക്കാലത്ത് എപ്പോഴെങ്കിലും അവര്‍ക്ക് വര്‍ഗവികാസം സാദ്ധ്യമായോയെന്ന് പരിശോധിക്കുന്നില്ല.
വര്‍ഗവ്യവസ്ഥയെ നേരിടുന്നതിനായി ആവിഷ്‌ക്കരിച്ച ചിന്താപദ്ധതിയും ഉപകരണങ്ങളും ഉപയോഗിച്ച് ജാതിവ്യവസ്ഥയെ നേരിടുവാന്‍ ശ്രമിക്കുന്ന ദാസിനെപ്പോലുള്ളവര്‍ എത്തിച്ചേരുന്ന പ്രതിസന്ധിയാണിത്. തന്റെ ലേഖനം സമാഹരിച്ചുകൊണ്ട് ദാസ് പറയുന്നത് “ചങ്ങമ്പുഴയുടെ വാഴക്കുല ജാതിവിരുദ്ധ വര്‍ഗസമരത്തിന്റെ രാഷ്ട്രീയം അഥവ ജാതി വിരുദ്ധജാതി ബഹിഷ്‌കരണത്തിന്റെ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നുണ്ടെന്നാണ്.
എന്നാല്‍ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ വീണ്ടും പഠിക്കുവാന്‍ ഇടതുപക്ഷത്തോടാവശ്യപ്പെടുന്ന ആനന്ദ് തെല്‍തുംടെക്ക് കുറച്ചുകൂടി മുന്നോട്ടുപോകുവാന്‍ കഴിയുന്നുണ്ട്. ജാതിയുടെ നിര്‍വ്വഹണശേഷിയും അതിനെ വര്‍ഗത്തിലേക്ക് ശുദ്ധീകരിച്ച് ഇല്ലാതാക്കാനാവില്ലെന്ന തിരിച്ചറിവുമാണ് ഇതിന് കാരണം.
ജാതിക്കെതിരായ സമരം ദലിത് സ്വത്വത്തിലധിഷ്ഠിതമായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലത് ദലിതരല്ലാത്തവര്‍ക്കെതിരല്ല. ദലിത് വിരുദ്ധതക്കെതിരാണ്. സര്‍വ്വോപരി ദലിതര്‍ക്കുമാത്രമായി ജാതി ഇല്ലാതാക്കാനാവില്ല. ഇവിടെയാണ് അദ്ദേഹം ജാതി വിരുദ്ധ സമരത്തെയും വിപ്ലവ പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയും തൊഴിലാളി വര്‍ഗഭരണക്രമത്തിലേക്ക് നീങ്ങുകയും ചെയ്യുന്നത്. രാഷ്ട്രീയ കാഴ്ചപ്പാടിനെപ്പറ്റി സൂചിപ്പിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
നിര്‍ണായകമായൊരു കാര്യം ഇത്തരം സ്ഥാപനങ്ങളൊന്നും ജാതി വിമുക്തമല്ലെന്നതാണ്. രാഷ്ട്രീയമാകട്ടെ, സംഘടിത സാമുദായിക വിഭാഗങ്ങളുടെ അധികാരമത്സരത്തിന്റെ വേദിയുമാണ്.

ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും ദലിത് ജാതി സമൂഹങ്ങള്‍ക്കുള്ളില്‍ വന്‍തോതില്‍ നിലനില്ക്കുന്ന അധിക ജനസംഖ്യക്കു കാരണം ജാതി അതിര്‍ത്തികളുടെ അപ്രത്യക്ഷമാകലും ജാതികള്‍ തമ്മിലുള്ള കൂടിച്ചേരലുകളുമാണെന്ന് സൂചിപ്പിച്ചുകൊണ്ട്, റെയില്‍വേയുടെ വരവോടെ മാര്‍ക്‌സ് ദര്‍ശിച്ച ജാതിവ്യവസ്ഥയുടെ തകര്‍ച്ച യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന് തെല്‍തുംടെ നിരീക്ഷിക്കുന്നു.
അനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായി മനസിലാക്കിയിരുന്ന ജാതി വ്യവസ്ഥ ജാതികള്‍ക്കുള്ളില്‍, വിശിഷ്യ മുതലാളിത്തം ദത്തെടുത്ത ദ്വിജജാതികള്‍ക്കുളളില്‍ വാസ്തവത്തില്‍ തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആധുനിക വികസന പദ്ധതികള്‍ രാജ്യത്തെ പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നു.
എത്ര പരിമിതമായ തോതിലാണെങ്കിലും ഭൂപരിഷ്‌കരണവും ഹരിതവിപ്ലവവുമെല്ലാം ഇതിലേക്കു നയിച്ചു. ഇതിലൂടെ ഉയര്‍ന്ന ജാതികളുടെ കൈകളില്‍ നിന്ന് അധിക ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ കര്‍ഷകശുദ്രജാതികള്‍ രാഷ്ട്രീയമായി മുന്നേറുകയും എന്നാല്‍ ഭൂവുടമസ്ഥത ലഭ്യമാകാതിരുന്ന ദലിതര്‍ ശൂദ്രജാതികളില്‍പ്പെട്ട കര്‍ഷകരുടെ കൃഷിയിടങ്ങളിലെ കൂലിയടിമകളായി മാറുകയും ചെയ്തു.
ജാതി ഘടനക്കുള്ളിലെ ഈ മാറ്റങ്ങളാണ് രാജ്യത്ത് പലയിടത്തും ദലിത് കൂട്ടക്കൊലകളായി മാറിയ ജാതിസംഘര്‍ഷങ്ങളെന്നും അദ്ദേഹം വിലയിരുത്തുന്നു. സമ്പദ് ഘടനയിലുണ്ടായ മാറ്റങ്ങളും, അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലുണ്ടായ സാംസ്‌കാരികമുന്നേറ്റവും ഈ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി നിരീക്ഷിക്കുന്നു.
എന്നാല്‍ ഭരണകൂടത്തെക്കുറിച്ചുള്ള തന്റെ സങ്കല്പത്തില്‍ നിന്ന് ജാതി വിരുദ്ധ സമരത്തിന്റെ മുഖത്ത് രൂപപ്പെട്ട പ്രാതിനിധ്യയുക്തിയെ, സംവരണത്തെ, “ദലിത് മുന്നേറ്റത്തിലെ ഒരു പ്രധാനകാര്യമായി കാണാവുന്നതാണ്” എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുകയും അതിന്റെ ന്യൂനതകളില്‍ ഊന്നുകയും ചെയ്യുന്ന ആനന്ദ് തെല്‍ടതുംടെയുടെ സമീപനം ആശാവഹമല്ല.
കാരണം ഇന്ത്യയിലെ ദലിതരുടെ എല്ലാത്തരത്തിലുള്ള മുന്നേറ്റങ്ങളുടെയും അടിത്തറ സംവരണമാണ്. ന്യൂനതകള്‍ എന്തു തന്നെയായാലും അയിത്തം നിരോധിക്കപ്പെട്ടതിലൂടെ, വിലക്കപ്പെട്ട പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം സാദ്ധ്യമായതുപോലെ നിയമനിര്‍മ്മാണസഭയടക്കമുള്ള ഭരണകൂട സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ദലിതര്‍ക്ക് സാദ്ധ്യമായത് സംവരണം നിലവില്‍ വന്നതുകൊണ്ടുമാത്രമാണ്.
രാഷ്ട്രീയാധികാരത്തെ ഉല്പാദനബന്ധങ്ങളില്‍ നിന്ന് വേര്‍തിരിച്ചുകാണാന്‍ കഴിയാത്തതുകൊണ്ടാണ് തെല്‍തുംടെ ദലിത് വിരുദ്ധമായ ഇത്തരമൊരു നിലപാടെടുക്കുന്നത്
ഇതോടെ ദലിതര്‍ ഇന്ത്യയുടെ അധികാരവത്കരണത്തിന്റെ ഭാഗമായി. തെല്‍തുംടെ കരുതുന്നപോലെ ജാതി പീഡനത്തിന്റെ ഉപോല്പന്നമായി പ്രാതിനിധ്യയുക്തിയെ വിലയിരുത്താനാവില്ല. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യനീതിക്കുവേണ്ടി ദലിതര്‍ നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യാവകാശമാണിത്.
രാഷ്ട്രീയാധികാരത്തെ ഉല്പാദനബന്ധങ്ങളില്‍ നിന്ന് വേര്‍തിരിച്ചുകാണാന്‍ കഴിയാത്തതുകൊണ്ടാണ് തെല്‍തുംടെ ദലിത് വിരുദ്ധമായ ഇത്തരമൊരു നിലപാടെടുക്കുന്നത്. അവര്‍ക്ക് ഭരണകൂടമെന്നത് ഉല്പാദന ബന്ധങ്ങളുടെ സൃഷ്ടിയാണ്. വര്‍ഗസമീപനമാണ് അധികാരമണ്ഡലത്തിലേക്ക് പ്രവേശിച്ച ദലിതരുടെ സാന്നിദ്ധ്യത്തെ ലാഘവത്തോടെ നോക്കിക്കാണുവാന്‍ തെല്‍തുംടെയെ നിര്‍ബന്ധിക്കുന്നത്.
എന്നാല്‍ അധികാരമണ്ഡലത്തിലെത്തുന്ന ദലിതരെക്കുറിച്ചുള്ള ആനന്ദ് തെല്‍തുംടെയുടെ നിരീക്ഷണങ്ങള്‍ തള്ളിക്കളയാനാവില്ല. നിയമനിര്‍മ്മാണസഭയടക്കം അധികാരമണ്ഡലത്തിലേക്ക് പ്രവേശിക്കുന്ന സംവരണീയര്‍ക്ക് സമുദായത്തെ പ്രതിനിധീകരിക്കാനാവുന്നില്ല.
നിര്‍ണായകമായൊരു കാര്യം ഇത്തരം സ്ഥാപനങ്ങളൊന്നും ജാതി വിമുക്തമല്ലെന്നതാണ്. രാഷ്ട്രീയമാകട്ടെ, സംഘടിത സാമുദായിക വിഭാഗങ്ങളുടെ അധികാരമത്സരത്തിന്റെ വേദിയുമാണ്.
എന്നിരിക്കിലും പൊതു ഇടങ്ങളുടെ നിര്‍മ്മാണത്തില്‍ ജാത്യാതീതമായൊരു ഭാവനയുണ്ട്. ജാതി വിവേചനങ്ങളും ഉച്ചനീചത്വവും അതിക്രമണങ്ങളും അനുവദനീയമല്ല. അധികാരവല്‍കരണത്തിന്റെ ഭാഗമാകുന്ന ദലിതരുടെ പ്രവര്‍ത്തനരംഗമാണിത്.
അടുത്ത പേജില്‍ തുടരുന്നു
പത്തുശതമാനം ദലിതുകളെ ഭരണകൂടം ഉയര്‍ത്തിക്കൊണ്ടുവന്നത് ബാക്കിയുള്ളവരെ അടിച്ചമര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന വിലയിരുത്തല്‍ വ്യത്യസ്തമായൊരു ഭരണകൂട സങ്കല്പത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന സംവരണ വിരുദ്ധമായൊരു സമീപനമാണ്.

എല്ലാ ഭരണകൂടോപകരണങ്ങളും കൈകാര്യം ചെയ്യുന്നത് ദലിതരായിട്ടും, കാര്‍ലാഞ്ചിയില്‍ അതിക്രമങ്ങള്‍ക്ക് വിധേയരായ ദലിതര്‍ക്ക് നീതി ലഭിക്കുകയുണ്ടായില്ലെന്ന് തെല്‍തുംടെ പറയുമ്പോള്‍ അധികാരത്തിലെത്തുന്ന ദലിതരുടെ ദയനീയചിത്രമാണ് നാം കാണുന്നത്. കുറ്റവാളികളും കുറ്റാന്വേഷകരും ന്യായാധിപന്മാരുമെല്ലാം ഉന്നത ജാതികളില്‍പ്പെട്ടവരാകുമ്പോള്‍ ദലിതര്‍ക്ക് നീതി ലഭിക്കുകയെന്നത് ദുഷ്‌കരമാണ്.
എന്നാല്‍ ഇവിടെയൊ? “തങ്ങള്‍ ഭരണക്രമത്തിന്റെ അടിസ്ഥാനമാണെന്നും, സാമുദായികമായി നിഷ്പക്ഷരാണെന്നും തെളിയിക്കുവാനുള്ള പ്രതിസമ്മര്‍ദ്ദമാണ്” അധികാരത്തിലെത്തുന്ന ദലിതരെ നീതിനിഷേധത്തിലേക്ക് നയിക്കുന്നതെന്നാണ് തെല്‍തുംടെ പറയുന്നതെങ്കിലും അതിനേക്കാള്‍ ആഴത്തില്‍ ജാതി ഘടനക്കുള്ളിലെ വിധേയത്വ ബന്ധങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മാനങ്ങളുണ്ടതിന്. ഈ വിധേയത്വബന്ധമാണ് ദലിത് പ്രാതിനിധ്യത്തെ ദലിത് വിരുദ്ധമാക്കിമാറ്റുന്നത്.
നിയമാനുസൃതമായ നീതി നിര്‍വ്വഹണത്തില്‍ നിന്നുപോലും അത് ദലിതരെ വിലക്കുന്നു. ആത്മാഭിമാനബോധമുള്ള ഒരു സമൂഹത്തിന്റെ ഭാഗമായല്ല ദലിതര്‍ പൊതുമണ്ഡലത്തില്‍ എത്തപ്പെടുന്നത് എന്നതുകൊണ്ട്, തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അപമാനിതരാകുകയാണെന്നോ സമൂഹത്തെ അപമാനിക്കുകയാണെന്നോ ഇവരറിയുന്നില്ല. മനുഷ്യാന്തസിന്റെ പ്രശ്‌നമാണിത്. സംവരണത്തോടൊപ്പം സ്വാഭിമാനബോധവും വളര്‍ത്തിയേ അത് വീണ്ടെടുക്കാനാവൂ. അത് പരിശീലിപ്പിക്കുന്ന സര്‍വ്വകലാശാലകളൊന്നുമില്ല. എന്നാല്‍ ദലിത് പ്രവര്‍ത്തനമണ്ഡലം അതാകേണ്ടതുണ്ട്.
അധികാരത്തിലെത്തുന്നവര്‍ക്ക് സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് മാറുവാന്‍ കഴിയുന്നുണ്ടോയെന്നത് ആപേക്ഷികമായ മറ്റൊരു കാര്യമാണ്
മറിച്ച് “ദലിതര്‍ കരുതുന്നതുപോലെ പ്രാതിനിധ്യയുക്തി പ്രവര്‍ത്തിച്ചിട്ടേയില്ല” എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംവരണം “ജനങ്ങള്‍ക്കിടയില്‍ ഒരു മിഥ്യാധാരണ മാത്രമേ ഇന്ന് സൃഷ്ടിച്ചിട്ടുള്ളു”വെന്നും, “തങ്ങളുടെ ആളുകള്‍ പ്രസിഡന്റോ മുഖ്യമന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ ആകുമ്പോള്‍ ദലിതര്‍ ആവേശഭരിതരാകുക മാത്രമാണ് ചെയ്യുന്ന”തെന്നും പറയുമ്പോള്‍ നിര്‍ണായകമായ ഇത്തരവിടങ്ങളിലേക്കുള്ള പ്രവേശനം സമൂഹത്തിനുള്ളില്‍ സൃഷ്ടിക്കുന്ന സന്തോഷവും അഭിമാനവും പ്രതീക്ഷയും ചോര്‍ത്തിക്കളയുന്നുണ്ട്.
അധികാരത്തിലെത്തുന്നവര്‍ക്ക് സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് മാറുവാന്‍ കഴിയുന്നുണ്ടോയെന്നത് ആപേക്ഷികമായ മറ്റൊരു കാര്യമാണ്. “ആറുപതിറ്റാണ്ടുകളായി ദലിതുകള്‍ കഴിയുന്നത്ര ഉയര്‍ന്ന പദവികളില്‍ എത്തിയിട്ടുണ്ടെങ്കിലും 90 ശതമാനം പേരും പഴയസ്ഥലത്തുതന്നെ നില്‍ക്കുന്നു”വെന്നതും ഒരവസ്ഥയാണ്.
ഇതിനര്‍ത്ഥം പത്തുശതമാനത്തെ ഉന്നതപദവികളിലെത്തിച്ച സാമൂഹ്യമാറ്റം 90 ശതമാനത്തില്‍ യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്നല്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവിതരീതികളിലുമെല്ലാം അവരും മാറ്റങ്ങള്‍ക്ക് വിധേയരാണ്. അവരാണ് രാജ്യത്തെമ്പാടും നടക്കുന്ന ദലിത് മുന്നേറ്റങ്ങളുടെ അടിത്തറ.
എന്നാല്‍ പത്തുശതമാനം ദലിതുകളെ ഭരണകൂടം ഉയര്‍ത്തിക്കൊണ്ടുവന്നത് ബാക്കിയുള്ളവരെ അടിച്ചമര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന വിലയിരുത്തല്‍ വ്യത്യസ്തമായൊരു ഭരണകൂട സങ്കല്പത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന സംവരണ വിരുദ്ധമായൊരു സമീപനമാണ്.

ദലിത് പ്രശ്‌നത്തോടുള്ള തന്റെ തൊഴിലാളി വര്‍ഗ സമീപനമാണ് തെല്‍തുംടെ ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. ദലിതര്‍ മാത്രമുള്ള ഒരിന്ത്യ ഇല്ലാത്തതുപോലെ തന്നെ, ജാതി വിമുക്തമായൊരു തൊഴിലാളി വര്‍ഗവും നിലനില്‍ക്കുന്നില്ലായെന്നതുകൊണ്ട്, ഭരണാധികാരികളുടേയോ ഭരണകൂടത്തിന്റെയോ മാറ്റമല്ല, ദലിതരിലേക്കുള്ള അധികാരത്തിന്റെ വ്യാപനമാണ് അവരെ മോചിപ്പിക്കുവാന്‍ പോകുന്നത്. സര്‍വ്വവ്യാപിയായ ജാത്യാധികാരത്തെയാണ് അവര്‍ക്ക് നേരിടേണ്ടിയിരിക്കുന്നത്.
നിരക്ഷരരായിരുന്നപ്പോള്‍ അക്ഷരം അവര്‍ക്ക് അധികാരമായിരുന്നു. എഴുത്തുകാരായി മാറുമ്പോള്‍ അധികാരത്തിന്റെ മറ്റൊരു മണ്ഡലത്തിലേക്കവര്‍ പ്രവേശിക്കുന്നു. സാമ്പത്തിക ബന്ധങ്ങളിലേക്ക് രാഷ്ട്രീയത്തെയും അധികാരത്തെയും ചുരുക്കുന്ന വര്‍ഗസമീപനത്തിന് അധികാരത്തിന്റെ കേന്ദ്രീകരണത്തെക്കുറിച്ചല്ലാതെ വ്യാപനത്തെക്കുറിച്ച് ചിന്തിക്കുക എളുപ്പമല്ല. ദലിതര്‍ക്കാകട്ടെ ഇനിയും തുറക്കാനിരിക്കുന്ന അധികാരമണ്ഡലത്തിലെ അടഞ്ഞ വാതിലുകള്‍ക്ക് കണക്കില്ലതാനും.
പ്രാതിനിധ്യയുക്തിയുടെ ന്യൂനതകളില്‍ ഊന്നുന്ന ആനന്ദ് തെല്‍തുംടെ സംവരണത്തിന്റെ അതിരുകള്‍ കടന്ന് രാഷ്ട്രീയാധികാരത്തിലേക്ക് പ്രവേശിച്ച ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ അധികാര സങ്കല്പത്തെക്കുറിച്ച് പറയുന്നത് കാന്‍ഷിറാം ജനകീയമാക്കിയ ഈ മന്ത്രം (രാഷ്ട്രീയാധികാരം) എല്ലാ വിഭാഗങ്ങളിലും പെട്ട ദലിതുകളെ ആവേശം കൊള്ളിക്കുക മാത്രമല്ല മയക്കുകയും ചെയ്തിട്ടുണ്ടെന്നാണ്.
അടുത്ത പേജില്‍ തുടരുന്നു
ദലിത് വ്യക്തി അധികാരത്തിലെത്തുന്നത് ദലിതുകളെ സംബന്ധിച്ചിടത്തോളം ഉല്പാദനക്ഷമമല്ല. കാരണം അതുണ്ടാക്കുന്ന അധികാരത്തെക്കുറിച്ചുള്ള വ്യാമോഹം പോരാട്ടങ്ങളെ തളര്‍ത്തുകയാണ് ചെയ്യുന്നത്.

തന്റെ രാഷ്ട്രീയാധികാര സങ്കല്പം അദ്ദേഹം ഇങ്ങനെ വിശദമാക്കുന്നു. രാഷ്ട്രീയാധികാരം ബാലറ്റ് പെട്ടിയിലൂടെ നേടാവുന്നതല്ല. ഭരണ/ആധിപത്യ വര്‍ഗങ്ങളുടെ അധ്യക്ഷസ്ഥാനം വഹിക്കുക മാത്രമാണ് മായാവതി ചെയ്യുന്നത്. സ്വത്തധികാര വര്‍ഗങ്ങള്‍ക്കെതിരായ നിരന്തര പോരാട്ടത്തിലൂടെയല്ലാതെ ദലിതുകള്‍ക്ക് രാഷ്ട്രീയാധികാരം നേടാനാവില്ല.
ദലിത് വ്യക്തി അധികാരത്തിലെത്തുന്നത് ദലിതുകളെ സംബന്ധിച്ചിടത്തോളം ഉല്പാദനക്ഷമമല്ല. കാരണം അതുണ്ടാക്കുന്ന അധികാരത്തെക്കുറിച്ചുള്ള വ്യാമോഹം പോരാട്ടങ്ങളെ തളര്‍ത്തുകയാണ് ചെയ്യുന്നത്.
വിചിത്രമായൊരു കാര്യം സമൂഹ്യ/സാമ്പത്തിക/സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘ്‌നം വരുത്തി രാഷ്ട്രീയാധികാരത്തില്‍ കേന്ദ്രീകരിക്കുന്നുവെന്ന് കാന്‍ഷിറാമിനെ വിമര്‍ശിക്കുന്ന തെല്‍തുംടെ സ്വത്തധികാര വര്‍ഗത്തിനെതിരായ പോരാട്ടത്തിലാണ് രാഷ്ട്രീയാധികാരത്തെ കാണുന്നത് എന്നതാണ്.
വര്‍ഗ വിശകലനത്തില്‍ ജാതിയെ ഉപരിഘടനക്ക് വിട്ടുകൊടുത്ത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ യൂറോപ്പില്‍ നിന്ന് കടം കൊണ്ട വര്‍ഗമാതൃകയിലേക്ക് വിളക്കി ചേര്‍ക്കുന്നവരായി ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളെ വിമര്‍ശിക്കുന്ന ആനന്ദ് തെല്‍തുംടെയും കെ.കെ.എസ്. ദാസിനെപോലെ രാഷ്ട്രീയാധികാരത്തെ സാമ്പത്തികബന്ധങ്ങളിലേക്ക് പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്.

അധികാരഘടനയുടെ അട്ടിമറിയാണ് ദലിതരുടെ അധികാരത്തിലേക്കുള്ള മാര്‍ഗമായി തെല്‍തുംടെ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെയാണ് ദാസ് പുത്തന്‍ ജനാധിപത്യ വിപ്ലവം എന്നു പറയുന്നത്.
എന്നാല്‍ ജാതിയുടെ നിര്‍വ്വചനശേഷിയെക്കുറിച്ചു പറയുന്ന തെല്‍തുംടെക്ക് അതെങ്ങനെ രാഷ്ട്രീയമണ്ഡലത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്താനാവുമെന്നതും, ഒരു രാഷ്ട്രീയ അട്ടിമറിയിലൂടെ എങ്ങനെ ജാതി ഉന്മൂലനത്തിലേക്ക് നീങ്ങാനാവുമെന്നതും വ്യക്തമല്ല. ഒപ്പം ഇന്ത്യയെപ്പോലൊരു ജനാധിപത്യരാജ്യത്ത് മതാത്മകമായൊരു വിശ്വാസത്തിനപ്പുറം ഇത്തരം വിപ്ലവസ്വപ്നങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന കാര്യവും.
എന്നാല്‍ അംബേദ്കര്‍ നേതൃത്വം നല്‍കിയ പട്ടികജാതി ഫെഡറേഷന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ശക്തമായ അടിത്തറയുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍, ജാദവ സമൂഹത്തിന്റെ ഏകതാന സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബി.എസ്.പി.ക്ക് വിജയകരമായി മുന്നോട്ടുപോകാനായതെന്ന് ആനന്ദ് തെല്‍തുംടെ വിലയിരുത്തുന്നുണ്ട്.
അംബേദ്കര്‍ക്ക് സാദ്ധ്യമാകാതെ പോയതാണ് കാന്‍ഷിറാം നേടിയത്. എന്നാല്‍ അംബേദ്കറുടെ സംഭാവനയായി തെല്‍തുംടെ എടുത്തു കാട്ടുന്ന ജാതി ഉന്മൂലനമന്ത്രം ജാതി മന്ത്രമായി ഇവിടെ കീഴ്‌മേല്‍ മറിയുന്നുണ്ട്.
അംബേദ്കറുടെ രാഷ്ട്രീയാധികാര സങ്കല്പം നേരിട്ട പ്രതിസന്ധി മറികടക്കുന്നതിനായി ദ്വിജ ജാതികള്‍ക്കെതിരെ ദലിത്/പിന്നോക്ക/ന്യൂനപക്ഷ സഖ്യവും, കര്‍ഷകശൂദ്രജാതികളുടെ ആധിപത്യത്തിനെതിരെ ദലിത്/ബ്രാഹ്മിണ്‍ സഖ്യവും മുന്നോട്ടുവെച്ച ബി.എസ്.പി.യും മായാവതിയും ജാതി ഉന്മൂലനമെന്ന അംബേദ്കര്‍ സങ്കല്‍പ്പത്തെ എങ്ങനെ പരിപോഷിപ്പിക്കുമെന്ന പ്രശ്‌നമുണ്ട്.
അംബേദ്കര്‍ക്ക് സാദ്ധ്യമാകാതെ പോയതാണ് കാന്‍ഷിറാം നേടിയത്
എന്നാല്‍ “സമ്പത്തും അധികാരങ്ങളും പദവികളും ബ്രാഹ്മണന്” എന്ന് വിധിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തില്‍ ജാതിശ്രേണിയുടെ കീഴാളലോകത്ത് നിന്ന് മായാവതിയെപ്പോലൊരു ചണ്ഡാലസ്ത്രീ അധികാരത്തിലെത്തുന്നത് ദലിതരെ ആവേശം കൊള്ളിക്കുക മാത്രമല്ല, മയക്കുകയും അധികാരക്കൊതിയുള്ളവരാക്കുകയും ചെയ്യുന്നുവെന്ന വിലയിരുത്തല്‍ അതിരുകടന്നതാണ്.
ദലിത് സ്വത്വരാഷ്ട്രീയത്തെ അംഗീകരിക്കുന്നുവെന്നു പറയുന്ന തെല്‍തുംടെ തന്നെയാണ് യു.പി.യിലെ ദലിതര്‍ നീണ്ടുനിന്ന ചെറുത്തു നില്പുകളിലൂടെയും പോരാട്ടങ്ങളിലൂടെയും സ്വന്തം ജീവിതം കൊണ്ടുതന്നെ ആവിഷ്‌കരിച്ച രാഷ്ട്രീയാധികാരത്തെ ഈ വിധത്തില്‍ തരം താഴ്ത്തി ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥ്യത്തില്‍ ജാത്യാധിപത്യത്തെയും പുരുഷാധിപത്യത്തെയും ഒരേ സമയം ചോദ്യം ചെയ്യുന്ന മറ്റൊരു രാഷ്ട്രീയാനുഭവം ഇന്ത്യയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും ചൂണ്ടിക്കാണിക്കാനില്ല.
തന്റെ മരണശേഷം ഏറെ തമസ്‌കരിക്കപ്പെട്ട ഡോ. അംബേദ്കര്‍ തൊള്ളായിരത്തി എഴുപതുകള്‍ക്കുശേഷം വീണ്ടും ഉയര്‍ത്തപ്പെടുന്നത് ദലിത് പോരാട്ടങ്ങളുടെ മുഖത്താണ്. ഒരു “ഭാഗ്യ”മായി തെല്‍തുംടെ ചൂണ്ടിക്കാണിക്കുന്ന ജാതി ഘടനയുടെ ശ്രേണീകൃതാവസ്ഥയിലെ ദലിതുകളും ദലിതരല്ലാത്തവരും എന്ന വിഭജനം യാദൃശ്ചികമായി സംഭവിച്ചതല്ല.
അടുത്ത പേജില്‍ തുടരുന്നു
തന്റെ ലേഖനം സമാഹരിച്ചു കൊണ്ട് ദലിതരെ “അവരാ”ക്കിയും തന്നെ “മറ്റൊരാളാ”ക്കിയും ജാതി പ്രശ്‌നത്തില്‍ ഇടപെടുന്ന തെല്‍തുംടെ, സ്വയം പരിഹാരമില്ലെങ്കില്‍ മറ്റൊരാള്‍ നല്‍കുന്ന പരിഹാരം ശ്രദ്ധിക്കേണ്ടതാണെന്ന ന്യായത്തില്‍, അതിന് തയ്യാറാകാത്തവരെ നോക്കി “ജാതി ദലിതര്‍ക്ക് നീതിയാണെന്നും” അംബേദ്കറുടെ മഹത്തായ ദൗത്യത്തെ അവര്‍ ചതിക്കുകയായിരുന്നു”വെന്നും പറയുമ്പോള്‍ അത് യുക്തിഹീനമായ ശാപവാക്കുകളായി മാറുന്നുണ്ട്.

ആധുനിക ഇന്ത്യയിലും തുടര്‍ന്നുപോരുന്ന ജാത്യാധിപത്യത്തിന്റെയും അതിനോടുള്ള എതിര്‍പ്പിന്റെയും മുഖങ്ങളാണിവ. പ്രത്യയശാസ്ത്ര നിലപാടുകളും അധികാര സങ്കല്പങ്ങളും എന്തുതന്നെയായാലും ദലിതരും അദലിതരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണ് ഇന്ത്യ മൗലികമായി ജനാധിപത്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
കുടുംബ ബന്ധങ്ങളെപ്പോലും അഴിച്ചുപണിയുന്നത്ര സൂക്ഷ്മമായ മാനങ്ങള്‍ അതിനുണ്ട്. തെല്‍തുംടെ പറയുന്നതുപോലെതന്നെ ഈ പോരാട്ടം ദലിതരല്ലാത്ത എല്ലാവര്‍ക്കുമെതിരല്ല, ദലിത് വിരുദ്ധതക്കെതിരാണ്; ജാതിക്കെതിരാണ്. എന്നാല്‍ അതൊരമൂര്‍ത്തമായ സൈദ്ധാന്തിക കസര്‍ത്തല്ല.
ബ്രാഹ്മണാധിപത്യത്തിനെതിരെയെന്നതുപോലെ ശൂദ്രാധിപത്യത്തിനെതിരെയും അത് വിരല്‍ചൂണ്ടുന്നു. ദലിതര്‍ക്കുമേല്‍ ചിറകുവിരിച്ചു നില്‍ക്കുന്ന എല്ലാത്തരം അധീശത്വങ്ങള്‍ക്കുമെതിരായ പോരാട്ടമാണിത്. ദലിതര്‍ക്കിടയിലുളള അധീശത്വവാസനകളെയും അത് ചോദ്യം ചെയ്യുന്നു.
സ്വതന്ത്രവും ജനാധിപത്യപരവുമായൊരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള പോരാട്ടമാണിത്. തുല്യമായ അവസരങ്ങളോടെ മനുഷ്യന്‍ സന്തുഷ്ടരായി ജീവിക്കുന്നൊരു കാലത്തിനുവേണ്ടിയുള്ള പോരാട്ടം.
ദലിതര്‍ക്കുമാത്രമായി ജാതി ഇല്ലാതാക്കാന്‍ ആവില്ലായെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ജാതിയില്ലാതാക്കുകയെന്നത് സമൂഹത്തിന്റെ ഒന്നാകെയുള്ള ലക്ഷ്യമാണെന്ന തെല്‍തുംടെയുടെ നിലപാട് വസ്തുതാവിരുദ്ധമാണ്.
ജാതിവ്യവസ്ഥ ഒരു മര്‍ദ്ദന സമ്പ്രദായമാണ്. അതില്ലാതാക്കുകയെന്നത് മര്‍ദ്ദകരുടെ താല്പര്യമല്ല, മര്‍ദ്ദിതരുടെ താല്പര്യമാണ്.
കാരണം ജാതിവ്യവസ്ഥ ഒരു മര്‍ദ്ദന സമ്പ്രദായമാണ്. അതില്ലാതാക്കുകയെന്നത് മര്‍ദ്ദകരുടെ താല്പര്യമല്ല, മര്‍ദ്ദിതരുടെ താല്പര്യമാണ്. എന്നാല്‍ സ്വന്തം മോചനത്തോടൊപ്പം തങ്ങളുടെ മര്‍ദ്ദകരെയും മോചിപ്പിക്കുകയെന്ന ചരിത്രപരമായൊരു ദൗത്യം ദലിതരില്‍ നിക്ഷിപ്തമാക്കപ്പെട്ടിട്ടുണ്ട്.
അത്തരമൊരു ലക്ഷ്യത്തിലേക്കു കടന്നുവരുന്ന പുരോഗമന ശക്തികളുമായും ഇതര ജനസമൂഹങ്ങളുമായും കൈകോര്‍ക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം ആരാണ് ഈ പുരോഗമന ശക്തിയും ? ഏതാണ് ഈ ജനസമൂഹങ്ങള്‍ ? എന്നതും അത് വ്യക്തമാക്കപ്പെടുന്നില്ല.
എന്നാല്‍ ജാതി വിരുദ്ധസമരത്തെയും വിപ്ലവപ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയും തൊഴിലാളി വര്‍ഗ ഭരണക്രമവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന തന്റെ രാഷ്ട്രീയ സമീപനം ദലിത് സര്‍ക്കിളുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലായെന്നത് ഖേദകരമായൊരു കാര്യമായി തെല്‍തുംടെ ഓര്‍മ്മിക്കുന്നു.
തന്റെ ലേഖനം സമാഹരിച്ചു കൊണ്ട് ദലിതരെ “അവരാ”ക്കിയും തന്നെ “മറ്റൊരാളാ”ക്കിയും ജാതി പ്രശ്‌നത്തില്‍ ഇടപെടുന്ന തെല്‍തുംടെ, സ്വയം പരിഹാരമില്ലെങ്കില്‍ മറ്റൊരാള്‍ നല്‍കുന്ന പരിഹാരം ശ്രദ്ധിക്കേണ്ടതാണെന്ന ന്യായത്തില്‍, അതിന് തയ്യാറാകാത്തവരെ നോക്കി “ജാതി ദലിതര്‍ക്ക് നീതിയാണെന്നും” അംബേദ്കറുടെ മഹത്തായ ദൗത്യത്തെ അവര്‍ ചതിക്കുകയായിരുന്നു”വെന്നും പറയുമ്പോള്‍ അത് യുക്തിഹീനമായ ശാപവാക്കുകളായി മാറുന്നുണ്ട്.
ദലിത് സ്വത്വം തൊഴിലാളി വര്‍ഗസ്വത്വമായി മാറാത്തതിലോ സമന്വയിക്കപ്പെടാത്തതിലോ ഉള്ള രോഷമാകാം ഈ ശാപവാക്കുകളിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്.
എന്നാലത് സ്വസമൂഹത്തിനുള്ളില്‍ സംവാദാത്മകമായൊരു ബന്ധത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഇതും ഒരു പ്രതിസന്ധിയാണ്. വര്‍ഗവീക്ഷണം ദലിത് അന്വേഷകരില്‍ ബാക്കിവെക്കുന്ന ഭൗതികപ്രതിസന്ധി.
