ശൈശവ വിവാഹം എതിർത്തു; ഒഡിഷയിൽ മൂന്ന് വർഷമായി ദളിത് കുടുംബത്തെ സാമൂഹികമായി ബഹിഷ്‌കരിച്ച് ഗ്രാമം
national news
ശൈശവ വിവാഹം എതിർത്തു; ഒഡിഷയിൽ മൂന്ന് വർഷമായി ദളിത് കുടുംബത്തെ സാമൂഹികമായി ബഹിഷ്‌കരിച്ച് ഗ്രാമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th June 2025, 7:57 am

ഭുവനേശ്വർ: ഒഡിഷയിൽ ശൈശവ വിവാഹം എതിർത്ത ദളിത് കുടുംബത്തെ ബഹിഷ്കരിച്ച് പ്രദേശവാസികൾ. കഴിഞ്ഞ മൂന്ന് വർഷമായി കുടുംബം സാമൂഹിക ബഹിഷ്‌കരണം നേരിടുകയാണ്. ഒഡീഷയിലെ ബൽസോർ ജില്ലയിലെ ബലിയപതി ഗ്രാമത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത തങ്ങളുടെ മകളെ വിവാഹം കഴിച്ച് നൽകാൻ വിസമ്മതിച്ചതോടെ നാട്ടുകാർ കുടുംബത്തിന് നേരെ ബഹിഷ്‌കരണ ആഹ്വനം നടത്തുകയായിരുന്നു.

ബലിയപതി ഗ്രാമവാസിയായ പ്രശാന്ത് ബാറിനും ഭാര്യയ്ക്കും മകൾക്കുമാണ് ബഹിഷ്‌കരണം നേരിടേണ്ടി വന്നത്. കുടുംബത്തിനാവശ്യമായ വെള്ളം, വിറക്, എന്നിവ നൽകുന്നത് തടഞ്ഞും പ്രാദേശിക കടകൾ, ചന്തകൾ, കൃഷിയിടങ്ങൾ, ഗ്രാമക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ടും ഗ്രാമവാസികൾ അവരെ സാമൂഹികമായി ബഹിഷ്‌ക്കരിക്കുകയാണ്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രശാന്തിന്റെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകളെ ജംഭിറായിൽ നിന്നുള്ള ഒരു യുവാവ് തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് കുട്ടിയെ മോചിപ്പിച്ചു. കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഗ്രാമവാസികളും യുവാവിന്റെ മാതാപിതാക്കളും പ്രശാന്തിനോടും കുടുംബത്തോടും കുട്ടിയെ യുവാവിന് വിവാഹം ചെയ്ത് നല്കാൻ നിർബന്ധിച്ചു.

എന്നാൽ മകൾക്ക് പ്രായപൂർത്തിയായില്ലെന്നും അവൾ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് പ്രശാന്ത് വിവാഹത്തിന് വിസമ്മതിച്ചു. പിന്നാലെ നിരവധി തവണ ഇരു കക്ഷികളും ഗ്രാമവാസികളും തമ്മിൽ ഈ വിഷയത്തിൽ നിരവധി കൂടിക്കാഴ്ചകൾ നടന്നു. പക്ഷേ പ്രശാന്ത് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

തുടർന്ന് ഗ്രാമവാസികളുടെ തീരുമാനം അംഗീകരിക്കാത്തതിനാൽ ഗ്രാമത്തിലെ പ്രാദേശിക കോടതി കുടുംബത്തിനെതിരെ സാമൂഹിക ബഹിഷ്‌കരണം ഏർപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഗ്രാമത്തലവൻ പ്രാദേശിക മാർക്കറ്റ് സന്ദർശിക്കുന്നതും പ്രശാന്തിന്റെ കുടുംബത്തിനെതിരെ സാമൂഹിക ബഹിഷ്‌കരണം പ്രഖ്യാപിക്കുന്നതും കാണാം.

അതേസമയം, മൂന്ന് വർഷം മുമ്പ് കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് ഇപ്പോൾ വിവാഹിതനാണ്. പക്ഷേ ഗ്രാമവാസികൾ ബഹിഷ്‌കരണം തുടരുകയാണ്. ബഹിഷ്ക്കരണം മൂലം ദമ്പതികൾക്ക് നിരവധി തവണ മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. തുടർന്ന് പ്രശാന്തിന്റെ മകൾ ജൂൺ 14 ന് സിംഗ്ല പൊലീസ് സ്റ്റേഷനിൽ നീതി തേടി പരാതി നൽകിയെങ്കിലും ഇതുവരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.

ബാലസോറിൽ ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് പെൺകുട്ടിയുടെ പരാതി പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതെന്നും പരാതിക്കാരിയുമായി വിവരങ്ങൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും സിംഗ്ല പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ് കമാലിനി താണ്ടി പറഞ്ഞു.

 

Content Highlight: Dalit family in Odisha faces social boycott for refusing child marriage