ബെയ്ജിങ്: തന്റെ പിന്മഗാമി ചൈനയ്ക്ക് പുറത്ത് നിന്നുള്ള ആളായിരിക്കുമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ വോയ്‌സ് ഓഫ് ദ് വോയിസ്‌ലെസ്സിലാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ മരണശേഷവും ടിബറ്റിന്റെ പാരമ്പര്യം തുടരണമെന്ന് ലോകമെമ്പാടുമുള്ള ടിബറ്റുകാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ എഴുതിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മുമ്പ് ആത്മീയ നേതാക്കളുടെ നിര തന്നോടൊപ്പം അവസാനിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം ഉണ്ടായിരിക്കുന്നത്. തന്റെ പിന്‍ഗാമി ചൈനയ്ക്ക് പുറത്തുള്ള ഒരു സ്വതന്ത്ര ലോകത്തില്‍ ജനിക്കുമെന്നും ഒരുപക്ഷേ താന്‍ ഇന്ത്യയില്‍ പുനര്‍ജനിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഒരു പുനര്‍ജന്മത്തിന്റെ ലക്ഷ്യം മുന്‍ഗാമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക എന്നതായതിനാല്‍, പുതിയ ദലൈലാമ സ്വതന്ത്ര ലോകത്ത് ജനിക്കും. അങ്ങനെ ദലൈലാമയുടെ പരമ്പരാഗത ദൗത്യമായ സാര്‍വത്രിക കാരുണ്യത്തിന്റെ ശബ്ദമാകല്‍, ടിബറ്റന്‍ ബുദ്ധമതത്തിന്റെ ആത്മീയ നേതാവ്, ടിബറ്റന്‍ ജനതയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടിബറ്റിന്റെ പ്രതീകം എന്നിവ തുടരും,’ ദലൈലാമ തന്റെ പുസ്തകത്തില്‍ എഴുതി. യു.എസില്‍ വില്യം മോറോയും ബ്രിട്ടനില്‍ ഹാര്‍പ്പര്‍ നോണ്‍ഫിക്ഷനുമാണ് ദലൈലാമയുടെ പുസ്തകം പ്രസിദ്ധീകരിക്കുക.
അതേസമയം തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ദലൈലാമയുടെ പുസ്തകത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ദലൈലാമ മതത്തിന്റെ മറവില്‍ ചൈന വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവാസിയാണെന്ന് ആരോപിച്ചു.
ദലൈലാമ ശരിയായ പാതയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും ടിബറ്റും തായ്‌വാനും ചൈനയുടെ അവിഭാജ്യ ഭാഗങ്ങളാണെന്നും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഏക നിയമപരമായ സര്‍ക്കാര്‍ ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ ദലൈലാമ പാലിച്ചാല്‍ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഫെബ്രുവരിയില്‍ ബെയ്ജിങ് പറഞ്ഞിരുന്നു. എന്നാല്‍ ടിബറ്റ് ഇത് നിരസിച്ചു.
ടിബറ്റന്‍ പാരമ്പര്യമനുസരിച്ച് മുതിര്‍ന്ന ബുദ്ധ സന്യാസിയുടെ മരണശേഷം അദ്ദേഹം മറ്റൊരു കുട്ടിയുടെ ശരീരത്തില്‍ പുനര്‍ജനിക്കുന്നു എന്നാണ് വിശ്വാസം. ഇപ്പോഴത്തെ ദലൈലാമയ്ക്ക് രണ്ട് വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ മുന്‍ഗാമിയുടെ പുനര്‍ജന്മമായി അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.
1959-ല്‍ മാവോ സെതൂങ്ങിന്റെ ഭരണത്തിനെതിരായ പ്രക്ഷോഭം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് 14ാമത്തെ ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോ 23ാം വയസില്‍ ആയിരക്കണക്കിന് മറ്റ് ടിബറ്റുകാരോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്തത്.