ധരംശാല: മരണശേഷം മാത്രമായിരിക്കും തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുകയെന്ന് ടിബറ്റന്‍ ബുദ്ധമത നേതാവ് ദലൈലാമ. 600 വര്‍ഷം പഴക്കമുള്ള സ്ഥാപനം തന്റെ പിന്‍ഗാമിയിലൂടെ തുടരുമെന്നും ദലൈലാമ പറഞ്ഞു. നേരത്തെ തന്റെ 90ാം ജന്മദിനാഘോഷത്തില്‍ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നാണ് ദലൈലാമ അറിയിച്ചിരുന്നത്.
നിലവിൽ പതിനഞ്ചാമത്തെ ലാമയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഗാഡെന്‍ ഫോഡ്രാങ് ട്രസ്റ്റിലെ അംഗങ്ങൾക്കായിരിക്കുമെന്നും ദലൈലാമ വ്യക്തമാക്കി. ജൂലൈ ആറിന് ദലൈലാമയ്ക്ക് 90 വയസ് തികയാനിരിക്കെ പതിനായിരക്കണക്കിന് ആളുകളാണ് ധരംശാലയിലെ മക്ലിയോഡ്ഗഞ്ചില്‍ പിന്‍ഗാമി പ്രഖ്യാപനത്തിനായി ഒത്തുകൂടിയത്.
അതേസമയം ടിബറ്റന്‍ ബുദ്ധിസത്തിന്റെ അടുത്ത ആത്മീയ നേതാവിനെ തങ്ങള്‍ തെരഞ്ഞെടുക്കുമെന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ട്രസ്റ്റിനല്ലാതെ മറ്റാര്‍ക്കുമില്ലെന്നും ദലൈലാമ വ്യക്തമാക്കി.
ഇതിനെ തുടര്‍ന്ന് ദലൈലാമയുടെ ഔദ്യോഗിക പ്രസ്താവനക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ദലൈലാമയുടെ പിന്‍ഗാമിയെ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് മന്ത്രാലയ വ്യക്താവ് മാവോ നിംഗ് പറഞ്ഞു. ചൈനയുടെ മതവിശ്വാസ നയമനുസരിച്ച് ദലൈലാമയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ടെന്നും മാവോ നിഗ് ചൂണ്ടിക്കാട്ടി.
ഇതിനിടെ ദലൈലാമയുടെ പിന്‍ഗാമി പുരുഷന്‍ തന്നെയാകണമെന്നില്ലെന്നും ലാമയെ ടിബറ്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ തന്റെ പിന്‍ഗാമി ചൈനക്ക് പുറത്തുള്ള സ്വതന്ത്രലോകത്ത് ജനിക്കുമെന്ന് ദലൈലാമ പറഞ്ഞിരുന്നു.
‘വോയിസ് ഓഫ് ദി വോയ്‌സിലെസ്’ എന്ന തന്റെ പുതിയ പുസ്തകത്തിലായിരുന്നു പ്രഖ്യാപനം. ടിബറ്റന്‍ പാരമ്പര്യമനുസരിച്ച്, ഒരു മുതിര്‍ന്ന ബുദ്ധ സന്യാസി അദ്ദേഹത്തിന്റെ മരണശേഷം ഒരു കുട്ടിയുടെ ശരീരത്തിലൂടെ പുനര്‍ജനിക്കുമെന്നാണ് വിശ്വാസം.
1935 ജൂലൈ ആറിന് ഇന്നത്തെ ക്വിങ്ഹായ് പ്രവിശ്യയിലെ ഒരു കര്‍ഷക കുടുംബത്തില്‍ ലാമോ തോണ്ടപ്പ് എന്ന പേരിലാണ് പതിനാലാമത്തെ ദലൈലാമ ജനിച്ചത്. 1959ല്‍ മാവോ സെതൂങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭം പരാജയപ്പെട്ടതോടെ ദലൈലാമ ഇന്ത്യലെ ഹിമാചല്‍ പ്രദേശിലേക്ക് പലായനം ചെയ്യുകയായിരുന്നു.
Content Highlight: Dalai Lama says he will announce his successor only after his death