എഡിറ്റര്‍
എഡിറ്റര്‍
പോപ്പുലര്‍ ഫ്രണ്ടിനോടുള്ള സമീപനം;ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പിളര്‍ന്നു
എഡിറ്റര്‍
Thursday 7th March 2013 5:15pm

കോഴിക്കോട്:പോപ്പുലര്‍ ഫ്രണ്ടിനോടുള്ള സമീപനത്തെ ചൊല്ലി ദളിത് ഹ്യൂമന്‍ റൈറ്റസ് മൂവ്‌മെന്റ് പിളര്‍ന്നു. ചെങ്ങറ സമര നായിക സലീന പ്രക്കാനവും, സംസ്ഥാനകമ്മറ്റിയംഗം സെല്‍വരാജും ഉള്‍പ്പെടെയുള്ള ഒരു വിഭാഗവും സ്ഥാപക നേതാവ്  ദാസ് വര്‍ക്കലയുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവുമായാണ് ഡി.എച്ച്.ആര്‍.എം വഴി പിരിഞ്ഞത്.

Ads By Google

ഇനി മുതല്‍ രണ്ട് വിഭാഗങ്ങളായാണ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തിക്കുക .

എന്നാല്‍ സലീന പ്രക്കാനത്തെ സംഘടന തീരുമാനത്തിന് വിരുധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പുറത്താക്കിയതായി ഔദ്യോഗിക വിഭാഗം പ്രസ്താവനയിറക്കിയിട്ടുണ്ട്.

സമീപകാലത്തായി ഭൂസമരം ഉള്‍പ്പെടെയുള്ള  നിരവധി പരിപാടികളില്‍ ഡി.എച്ച്.ആര്‍.എമ്മില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അനിയന്ത്രിതമായ സ്വാധീനമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

വര്‍ക്കലയുള്‍പ്പെടെയുള്ള ചില വിഷയങ്ങളില്‍ സോളഡാരിറ്റി,പി.യു.സി.എല്‍ , പരിസ്ഥിതി സംഘടനകള്‍,മനുഷ്യാവകാശ സംഘനടകളും ഡി.എച്ച്.ആര്‍.എമ്മിനെ പിന്തുണച്ചിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപ്പെടല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായാണ് സംസ്ഥാന കമ്മറ്റി ആരോപിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ആശയവ്യതിരിക്തതയുള്ള ചില സംഘനടകളുടെ സഹവര്‍ത്തിത്വം  നിലവില്‍ തന്നെ നിരവധി വേട്ടയാടലുകള്‍ക്ക് വിധേയരായികൊണ്ടിരിക്കുന്ന ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാനായി ചില സംഘടനകളെ അകറ്റി നിര്‍ത്തണമെന്നും സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഭൂസമരത്തിന്റെ മുന്നോടിയായി പാലക്കാട് ചേര്‍ന്ന പൊതുയോഗത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും യോഗം  ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിന് കടക വിരുദ്ധമായി സംഘടനയുടെ തീരുമാനത്തെ പരസ്യമായി അവഹേളിക്കുകയാണ് സലീന പ്രക്കാനം ചെയ്തതെന്നും ദാസ് വര്‍ക്കല വിഭാഗം അറിയിച്ചു .

പാലക്കാട് നടന്ന പോപ്പുലര്‍ഫ്രണ്ടിന്റെ പൊതുയോഗത്തില്‍ സലീന പങ്കെടുത്തിരുന്നു.

ഇവര്‍ക്കു വേണ്ടി സംഘടനയെ സലീന ഉപയോഗിക്കുന്നതായും ഇതിനു സമാനമായ നിരവധി വിഷയങ്ങളില്‍ സലീന ഇത്തരത്തിലുള്ള നടപടി തുടരുകയും ചെയ്‌തെന്നും ഇതേ തുടര്‍ന്ന് സലീനയുടെ പ്രാഥമിക അംഗത്വം ഒഴിവാക്കിയതായും  ഡി.എച്ച്.ആര്‍.എം സംസ്ഥാനകമ്മറ്റി ഭാരവാഹികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്നലെ വര്‍ക്കലയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് തീരുമാനം. സംഘടനയുടെ തീരുമാനത്തെ മറികടന്ന് ആശയപരമായി വിയോജിപ്പുള്ള സംഘടനകളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും സംഘടനയെ പിളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തത് സംസ്ഥാന കമ്മിറ്റിക്ക് ബോധ്യമായതിനാലാണ് അച്ചടക്ക നടപടിയെന്നും ദാസ് കെ വര്‍ക്കല പറഞ്ഞു.

സംഘടനയുടെ വിദ്യാഭ്യാസ പദ്ധതി അട്ടിമറിക്കാന്‍ അനുഭാവികളുടെ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിച്ച് അവരുടെ സ്‌കൂള്‍ പഠനം നിര്‍ത്തലാക്കുന്ന രീതിയില്‍ തെറ്റിധരിപ്പിച്ചതും നടപടിയെടുക്കാന്‍  പുറത്താക്കല്‍ നടപടിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുശേഷം പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച് സംഘടനയെ വെല്ലുവിളിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

കള്ളകേസുകളും അടിച്ചമര്‍ത്തലും നേരിട്ട് സംഘടനയെ ശക്തിപെടുത്തിയ നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കാതെയാണ് മറ്റ് സംഘടനകളുമായി  സെലീന പ്രക്കാനം സഹകരണത്തിന് ശ്രമിച്ചതെന്നും ഇവര്‍ക്കൊപ്പം സെല്‍വരാജ് അല്ലാതെ സംസ്ഥാന കമ്മറ്റിയംഗങ്ങളോ, ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒരൊറ്റ അംഗത്തിന്റെ പോലും പിന്തുണ ഇവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ 2013ലെ സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ക്കായി നടത്തിയ തെരെഞ്ഞെടുപ്പില്‍ സെലീനപ്രക്കാനം ( ചെയര്‍പേഴ്‌സണ്‍),  സുരേഷ് വേളമാനൂര്‍ ( സംസ്ഥാന സെക്രട്ടറി) വി.വി സെല്‍വരാജ് (സ്‌റ്റേറ്റ് കണ്‍ട്രോളര്‍),ഷാജി കരുമാലൂര്‍(ട്രഷറര്‍ ) ആയും തെരെഞ്ഞെടുത്തതായി സലീന പ്രക്കാനം അറിയിച്ചു.

കൊല്ലം സജി(വൈസ് ചെയര്‍മാന്‍), അജിത കീഴ്പാലൂര്‍(ജോയിന്റ് സെക്രട്ടറി), ശ്രീകുമാര്‍ പത്തനംതിട്ട, ഷിജില്‍ ഗുരുവായൂര്‍, രഞ്ജിനി കൊടുമണ്‍, സജീവ് ചേര്‍ത്തല, ഉണ്ണി ഇട്ടിവ, വര്‍ക്കല തുളസീദാസ്, ആദി ദ്രാവിഡ്, വിജയകുമാര്‍ നെടുമ്പന, ദിനേശ് കൊടുമണ്‍ എന്നിവരെ  എക്‌സിക്ക്യൂട്ടീവ് ഭാരവാഹികളായും ഡി.എച്ച്.ആര്‍എമ്മിന്റെ ഹോംസ്‌ക്കൂള്‍ ഇന്‍ചാര്‍ജറായി സുനില ചടയമംഗലത്തെയും കഴിഞ്ഞ ദിവസം തെരെഞ്ഞെടുത്തതായും സലീന പറഞ്ഞു.

എന്നാല്‍ പുതിയ വിവാദത്തെ തുടര്‍ന്ന് ചോദിച്ചപ്പോള്‍ ഡി.എച്ച്.ആര്‍.എം പിളര്‍ന്നിട്ടില്ലെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലര്‍ ചേര്‍ന്ന് നടത്തുന്ന കുപ്രചാരണം മാത്രമാണിതെന്നും സലീന പ്രക്കാനം അഭിപ്രായപ്പെട്ടു.

സംഘടനയില്‍ ദീര്‍ഘകാലമായി നിഷ്‌ക്രിയരായി നില്‍ക്കുന്നവരാണ് ഈ അംഗങ്ങളെന്നും, പുതിയ സംഘടന രൂപീകരിക്കുകയല്ല തങ്ങള്‍ ചെയ്തതെന്നും സ്വാഭികമായും നടക്കുന്ന തെരെഞ്ഞെടുപ്പാണ് ഇന്നലെ നടന്നതെന്നും, വി.ജെ.ടി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഡി.എച്ച്.ആര്‍.എമ്മിനെയും പുതിയ വിവാദങ്ങളെയും കുറിച്ച് കൂടുതല്‍ വ്യക്തമാകുമെന്നും സലീന പറഞ്ഞു.

Advertisement