സിറിയക് ജോസഫ് സുപ്രീംകോടതി കൊളീജിയത്തില്‍ കടന്നുകൂടിയ പുഴുക്കുത്ത്: ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ അഭിപ്രായം പങ്കുവെച്ച് കെ.ടി. ജലീല്‍
Kerala News
സിറിയക് ജോസഫ് സുപ്രീംകോടതി കൊളീജിയത്തില്‍ കടന്നുകൂടിയ പുഴുക്കുത്ത്: ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ അഭിപ്രായം പങ്കുവെച്ച് കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st February 2022, 2:28 pm

കോഴിക്കോട്: സുപ്രീംകോടതി കൊളീജിയത്തില്‍ കടന്ന് കൂടിയ പുഴുക്കുത്താണ് ജസ്റ്റിസ് സിറിയക് ജോസഫെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരക്കലിന്റെ ആത്മകഥയില്‍ നിന്നുള്ള ഭാഗം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് കെ.ടി. ജലീലിന്റെ ആരോപണം.

ജോമോന്‍ പുത്തന്‍ പുരക്കല്‍ എഴുതുന്നു എന്ന് തുടക്കത്തില്‍ എഴുതി ചേര്‍ത്താണ് കുറിപ്പ് തുടങ്ങുന്നത്. ‘ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം പ്രധാനമന്ത്രിക്ക് കീഴിലേക്ക് മാറ്റി കൊണ്ട് പാര്‍ലമെന്റില്‍ നിയമം പാസാക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് സിറിയക് ജോസഫിനെ കുറിച്ചുള്ള പ്രസ്താവനകള്‍ ഉണ്ടാകുന്നത്,’ പോസ്റ്റില്‍ പറയുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തില്‍ പുഴുക്കുത്തുകളായ ന്യായാധിപര്‍ കടന്നു കൂടിയത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ കീഴിലേക്ക് കൊളീജിയം മാറ്റിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോഹിത്ഗിയുടെ വാദം. അതിന് ഉദാഹരണമായി പുഴുക്കുത്തായ ഏതെങ്കിലും ജഡ്ജിയെ ചൂണ്ടിക്കാണിക്കാവോ എന്ന ഭരണഘടനാ ബെഞ്ചിന്റെ ചോദ്യത്തിന് അറ്റോണി ജനറല്‍ ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരാണ് നല്‍കിയതെന്നും പോസ്റ്റില്‍ പറഞ്ഞു.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയായിരുന്നു എന്നും ഇത്തരം പുഴുക്കുത്തുകളാണ് കൊളീജിയത്തില്‍ കടന്നുകൂടിയതെന്നും അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയിരുന്നതായും കെ.ടി. ജലീലിന്റെ പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് നിയമപ്രകരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലൊരാള്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുക്കാന്‍ വിസമ്മതം അറിയിക്കുയായിരുന്നെന്നും ജലീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നു ജലീല്‍ നേരത്തെ ആരോപിച്ചിരുന്നത്.

എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകളും കെ.ടി. ജലീല്‍ പുറത്തുവിട്ടിരുന്നു.

കെ.ടി. ജലീന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പുഴുക്കുത്ത്’

ജോമോന്‍ പുത്തന്‍പുരക്കല്‍ എഴുതുന്നു:

‘ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റികൊണ്ട് പാര്‍ലമെന്റില്‍ നിയമം പാസാക്കിയതിനെതിരെ, സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍, കേന്ദ്രഗവണ്മെന്റിന് വേണ്ടി അന്നത്തെ അറ്റോണി ജനറല്‍ മുകുള്‍ റോഹ്തഗി ഇപ്രകാരം വാദിച്ചു;

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തില്‍ പുഴുക്കുത്തുകളായ ജഡ്ജിമാര്‍ കടന്നുകൂടിയത് കൊണ്ടാണ്, ജഡ്ജിമാരെ തിരെഞ്ഞെടുക്കുന്ന കൊളീജിയം പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റിയത്’.

അപ്പോള്‍ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് അറ്റോണി ജനറലിനോട് ചോദിച്ചു; ‘കൊളീജിയത്തില്‍ കടന്നുകൂടിയ പുഴുക്കുത്തുകളായ ഒരു ജഡ്ജിന്റെ പേരെങ്കിലും എക്‌സാംപിളായി പറയാന്‍ കഴിയുമോ?’

സുപ്രീംകോടതി ജഡ്ജിയായിരുന്ന, അതിനുമുമ്പ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന, ജസ്റ്റിസ് സിറിയക് ജോസഫ് ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയായിരുന്നു എന്നും, ഇത്തരം പുഴുക്കുത്തുകളാണ് കൊളീജിയത്തില്‍ കടന്നുകൂടിയതെന്നും, അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തി.

ജസ്റ്റിസ് സിറിയക് ജോസഫ് വാദംകേട്ട കേസുകളിലെല്ലാം സിറിയക് ജോസഫിനോടൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിയാണ് ജഡ്ജ്‌മെന്റ് എഴുതിയതെന്ന്, അറ്റോണി ജനറല്‍, 2015 ജൂണ്‍ 18 നാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം കേന്ദ്രസര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയത്.

ഈ വാര്‍ത്ത 2015 ജൂണ്‍ 19ന് ടൈംസ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് പത്രത്തിലെ ഫ്രണ്ട്‌പേജില്‍ പ്രധാനവാര്‍ത്തയായി, സിറിയക് ജോസഫിന്റെ ചിത്രം സഹിതം വാര്‍ത്ത വന്നിരുന്നു’. (ജോമോന്റെ എഴുതിത്തീരാത്ത ആത്മകഥയില്‍ നിന്നുള്ള ഭാഗം)


Content Highlights: Cyriac Joseph’s filth in Supreme Court collegium: KT Jaleel