കേരളത്തില്‍ രണ്ടിടത്ത് പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്‍
Kerala Flood
കേരളത്തില്‍ രണ്ടിടത്ത് പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th May 2021, 12:30 pm

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്‍. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യതയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നുണ്ട്. അച്ചന്‍കോവിലാറിലും മണിമലയാറ്റിലും അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്.

അച്ചന്‍കോവിലില്‍ 10 മീറ്ററാണ് അപകടനിലയെങ്കില്‍ നിലവില്‍ 10.5 മീറ്ററിലാണ് ജലനിരപ്പ്. മണിമലയാറ്റില്‍ 6 മീറ്റര്‍ അപകട നിലയുള്ള സാഹചര്യത്തില്‍ നിലവില്‍ 6.5 മീറ്ററിലാണ് ജലനിരപ്പ്.

അച്ചന്‍കോവിലാര്‍ ഒഴുകുന്ന തുമ്പമണ്‍, മണിമലയാര്‍ ഒഴുകുന്ന കല്ലൂപ്പാറ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കൊടൈയാറിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു.

ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്.

വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cyclone Tauktae Central Water Commission predicts severe flood situation in Kerala