ശ്രീലങ്കയില്‍ നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; 50ലധികം മരണം, സഹായവുമായി ഇന്ത്യ
Trending
ശ്രീലങ്കയില്‍ നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; 50ലധികം മരണം, സഹായവുമായി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th November 2025, 7:41 am

കൊളംബോ: ശ്രീലങ്കയില്‍ ആഞ്ഞടിച്ച് ദിത്വ ചുഴലിക്കാറ്റ്. അതീവ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 50ലധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 56 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിരവധി ആളുകളെ കാണാതായിട്ടുണ്ട്.

കിഴക്കന്‍-മധ്യ ശ്രീലങ്കന്‍ മേഖലയിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇവിടെ മാത്രം 300 മില്ലീ മീറ്ററിലേറെ മഴ പെയ്തിറങ്ങിയതായാണ് ശ്രീലങ്കന്‍ കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തല്‍.

ശ്രീലങ്കയിലെ ദുരന്ത നിവാരണത്തിനായി പ്രസിഡന്റ് അനുര കുമാര ദിസനായകെ 3.9 മില്യണ്‍ ഡോളറും അടിയന്തര സാഹചര്യങ്ങള്‍ക്കായി ഏകദേശം 97.5 മില്യണ്‍ ഡോളറും അനുവദിച്ചു.

കനത്ത മഴയില്‍ രാജ്യത്തെ ആയിരത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലങ്കയിലേക്കുള്ള വിമാനസര്‍വീസുകളും റദ്ദാക്കപ്പെട്ടു.

മസ്‌കറ്റ്, ദുബായ്, ദല്‍ഹി, ബാങ്കോക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ 15 വിമാനങ്ങള്‍ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജപക്സെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇന്ത്യയിലെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും വഴിതിരിച്ചുവിട്ടിരുന്നു.

ശ്രീലങ്കയ്ക്ക് സാധ്യമായ എല്ലാ സഹായവും ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ട്. രാജ്യത്തെ രക്ഷാപ്രവര്‍ത്തനത്തിനായി ഐ.എന്‍.എസ് വിക്രാന്തിനെ ഇന്ത്യ വിട്ടുനല്‍കി. ശ്രീലങ്കയിലെ കാലാവസ്ഥാ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.


ഓപ്പറേഷന്‍ സാഗര്‍ ബന്ധു എന്ന പേരില്‍ ഇന്ത്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. വരും മണിക്കൂറുകളില്‍ ശ്രീലങ്കയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യ സമയത്ത് ഇന്ത്യ ശ്രീലങ്കയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. ‘ഇന്ത്യയുടെ അയല്‍രാജ്യത്തിന് പ്രഥമ പരിഗണന’ എന്ന നയത്തിന്റെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ദിത്വ ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് (ശനി) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെ 14 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ പുതുച്ചേരി, തെക്കന്‍ ആന്ധ്രാതീരം എന്നിവിടങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പുതുച്ചേരിയിലും ഇന്ന് റെഡ് അലേര്‍ട്ടാണ്. കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

Content Highlight: Cyclone Ditwah wreaks havoc in Sri Lanka; Over 50 dead, India offers assistance