സൈബറാക്രമണം; ഹൈക്കമാന്‍ഡിന് പരാതിയുമായി വി.ഡി. സതീശന്‍
Kerala
സൈബറാക്രമണം; ഹൈക്കമാന്‍ഡിന് പരാതിയുമായി വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th September 2025, 12:54 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബറാക്രമണത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്നെ ഒറ്റതിരിഞ്ഞും വ്യക്തിപരമായും അധിക്ഷേപിക്കുന്നുവെന്ന് വി.ഡി. സതീശന്‍ പരാതിയില്‍ പറയുന്നു

സൈബറാക്രമണത്തില്‍ കെ.പി.സി.സി സൈബര്‍ സെല്ലിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അടിയന്തരമായി നടപടിയുണ്ടാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. 4000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരാതി.

തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്ന് അനുയായികളാണെന്നും പരാതിയില്‍ പറയുന്നതായി വിവരമുണ്ട്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് വി.ഡി. സതീശന്‍ പരാതി നല്‍കിയത്.

ലൈംഗിക ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് വി.ഡി. സതീശനെതിരെ സൈബറാക്രമണമുണ്ടായത്. പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഉയരുകയായിരുന്നു.

കോണ്‍ഗ്രസിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നാണ് അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്. സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെടുന്നതിന് മുന്നോടിയായി, റീല്‍സിലും സമൂഹ മാധ്യമങ്ങളിലുമല്ല…. ജനങ്ങളുടെ ഹൃദയങ്ങളിലാണ് കോണ്‍ഗ്രസ് ജീവിക്കുന്നതെന്ന് വി.ഡി. സതീശന്‍ ഒരു പൊതുവേദിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സി.പി.ഐയുടെ കനൽ എന്ന യുട്യൂബ് ചാനലിനെതിരെയായിരുന്നു വി.ഡി. സതീശന്റെ വിമർശനം. എന്നാൽ  ഇതിനുപിന്നാലെയാണ് സതീശനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.

കൂടാതെ മുഖ്യമന്ത്രിയുടെ ഓണവിരുന്നില്‍ പങ്കെടുത്ത വി.ഡി. സതീശനെതിരെ കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തിയിരുന്നു. താന്‍ ആയിരുന്നെങ്കില്‍ ഈ അവസരത്തില്‍ മുഖ്യമന്ത്രിയുടെ ഓണവിരുന്നില്‍ പങ്കെടുക്കില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തിയത്.

പിന്നാലെ ധൈര്യമുണ്ടെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് ഒരു മാര്‍ച്ച് നടത്താന്‍ പറഞ്ഞും കോണ്‍ഗ്രസ് അണികള്‍ വി.ഡി. സതീശനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ വി.ഡി. സതീശനെതിരായ സൈബര്‍ ആക്രമണത്തില്‍ കെ.പി.സി.സി നേതൃത്വമോ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ദീപാദാസ് മുന്‍ഷി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളോ ഇതുവരെ വ്യക്തമായ പ്രതികരണം നല്‍കാന്‍ തയ്യാറായിട്ടില്ല. നേതാക്കളുടെ ഈ മൗനത്തെ കുറിച്ചും വി.ഡി. സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയതായി സൂചനയുണ്ട്.

Content Highlight: Cyber ​​attack; V.D. Satheesan files complaint with high command