രാമനെ അധിക്ഷേപിച്ചെന്ന് ഹിന്ദുത്വ സംഘടനകളുടെ സെെബര്‍ ആക്രമണം; പ്രതിക് ഗാന്ധി ചിത്രം 'രാവണ്‍ ലീല'യുടെ പേര് മാറ്റി
Entertainment news
രാമനെ അധിക്ഷേപിച്ചെന്ന് ഹിന്ദുത്വ സംഘടനകളുടെ സെെബര്‍ ആക്രമണം; പ്രതിക് ഗാന്ധി ചിത്രം 'രാവണ്‍ ലീല'യുടെ പേര് മാറ്റി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th September 2021, 4:58 pm

മുംബൈ: രാമനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് പിന്നാലെ പ്രതിക് ഗാന്ധി നായകനാവുന്ന ചിത്രത്തിന്റെ പേര് മാറ്റി അണിയറ പ്രവര്‍ത്തകര്‍.

രാവണ്‍ ലീല എന്ന ചിത്രത്തിന്റെ പേരാണ് സൈബര്‍ ആക്രമണവും പൊലീസ് കേസിനെയും തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ മാറ്റിയത്. ഭാവയി എന്നാണ് ചിത്രത്തിന്റെ പുതിയ പേര്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണം അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നിരുന്നു ഇതിനിടെ മഹാരാഷ്ട്രയിലെ അംബര്‍നാഥ് നിവാസിയായ കമലേഷ് ദേവിദയാല്‍ ഗുപ്ത ചിത്രത്തിനെതിരെ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

രാമലീലയുടെ മാതൃകയില്‍ ‘രാവണ ലീല’ എന്ന് പേരിടുകയും രാവണനെ മഹത്വപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ചിത്രം രാമലീല എന്ന ആശയത്തെ തകര്‍ക്കുകയാണെന്നാണ് നോട്ടീസില്‍ ഗുപ്ത പറഞ്ഞത്.

ഒരുവിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്ന് നായകന്‍ പ്രതീക് ഗാന്ധി പറഞ്ഞു. രാവണനെ മഹത്വവത്കരിക്കുന്ന ചിത്രമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

രാമലീല കലാകാരന്മാരായ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. ഹിന്ദി വെബ് സീരീസായ സ്‌കാം 1992ന് ശേഷം പ്രതീക് ഗാന്ധി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഭവായി.

ഹാര്‍ദിക് ഗജ്ജാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അയിന്ത്രിത റോയി, രാജേന്ദ്ര ഗുപ്ത, രാജേഷ് ശര്‍മ, അഭിമന്യു സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Cyber attack by Hindutva groups, Pratik Gandhi Movie changed the name ‘Raavan Leela’