കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ ഉമാ തോമസ് എം.എൽ.എക്കെതിരെ കടുത്ത സൈബർ ആക്രമണം. ‘കല്ലൂർ സ്റ്റേഡിയത്തിൽ വീണപ്പോൾ ഉമാ തോമസ് ചത്താൽ മതിയായിരുന്നു’ എന്നതടക്കമുള്ള അധിക്ഷേപമാണ് ഉയരുന്നത്. സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ-ഷാഫി അനുകൂലികളാണെന്നാണ് വിവരം.
യൂത്ത് കോൺഗ്രസ് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലും ഉമാ തോമസിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലുമാണ് അധിക്ഷേപം. ‘അതെ ഓരോ പട്ടികൾ… അന്ന് വീണപ്പോൾ ചത്താൽ മതിയായിരുന്നു,’ എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു പ്രതികരണം.
ജെബി മേത്തർ എം.പിയുടെ നിലപാട് ന്യായമാണെന്നും രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നത് വരെ ഉമാ തോമസിന് വായടച്ച് ഇരുന്നാൽ എന്താണെന്നും പ്രതികരണമുണ്ട്.
കൂടാതെ ‘ദേ തള്ളേ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോളണം. കോലും നീട്ടിപ്പിടിച്ചവർക്ക് നേരെ വായ തുറക്കാൻ നിൽക്കരുത്, നിങ്ങൾ പിടിച്ചു പുറത്താക്കാൻ പറഞ്ഞാൽ ഉടനെ അത് കേൾക്കാൻ പാർട്ടി എന്റെയും നിങ്ങളുടെയും തറവാട്ടു സ്വത്തല്ല’ തുടങ്ങിയ കമന്റുകളാണ് ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ ഉയരുന്നത്.
അതേസമയം രാഹുൽ രാജിവെച്ച് മാറിനിൽക്കണമെന്നാണ് ഉമാ തോമസ് എം.എൽ.എ മാധ്യമങ്ങളോട് പ്രതികരിച്ചത്. പദവികൾ ജനങ്ങൾ തെരഞ്ഞെടുത്തതുകൊണ്ടാണ് ഉണ്ടാകുന്നത്. എന്നാൽ ഇതിനേക്കാൾ ഉപരി മനുഷ്യൻ എന്ന ഒരു യാഥാർഥ്യമുണ്ട്. ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം, ബഹുമാനിക്കണം എന്നതെല്ലാം അറിഞ്ഞിരിക്കണമെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
പാർട്ടിയിൽ ഇങ്ങനെയൊരാൾ വേണ്ടെന്നും രാഹുൽ ഇതുവരെ ഒരു മാനനഷ്ടക്കേസ് ഫയൽ ചെയ്യാത്തതുകൊണ്ട് തന്നെ ആരോപണങ്ങളെല്ലാം ശരിയാണെന്ന് അനുമാനിക്കേണ്ടി വരുമെന്നും ഉമാ തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഉമാ തോമസിനെതിരെ രാഹുൽ-ഷാഫി അനുകൂലികൾ രംഗത്തെത്തിയത്.
കല്ലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയാണ് ഉമാ തോമസിന് അപകടം പറ്റിയത്. 12 അടി ഉയരത്തില്‍ നിന്ന് എം.എല്‍.എ താഴേക്ക് വീഴുകയായിരുന്നു. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സൗകര്യമൊരുക്കിയിരുന്നത്.
താത്കാലികമായി തയ്യാറാക്കിയ വി.ഐ.പി ഗാലറിയുടെ കൈവരി ഒരുക്കിയത് ബലമില്ലാത്ത ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചായിരുന്നു. ഈ കൈവരിയില്‍ പിടിച്ച എം.എല്‍.എ അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ എം.എല്‍.എയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ 45 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമാ തോമസ് ആശുപത്രി വിട്ടത്. 2024 ഡിസംബര്‍ 29നായിരുന്നു അപകടമുണ്ടായത്. വീഴ്ചയില്‍ തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തുണ്ടായ നീര്‍ക്കെട്ടും ഭേദമാകാന്‍ കാലതാമസം എടുത്തതോടെയാണ് ഡിസ്ചാര്‍ജ് വൈകിയത്.
Content Highlight: Cyber attack against uma thomas