ഇംഗ്ലീഷ് ഫ്രാഞ്ചൈസി ലീഗായ ദി ഹണ്‍ഡ്രഡില്‍ പാക് താരം അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയതിന് പിന്നാലെ ടീമിനും സിസ്റ്റര്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമെതിരെ സൈബര്‍ അറ്റാക്ക്.
ഇന്ത്യയെ അപമാനിക്കാനാണ് അബ്രാര്‍ അഹമ്മദിനെ സണ്‍ ടി.വിയുടെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയതെന്നാണ് ഇവരുടെ ആരോപണം.
190,000 പൗണ്ടിനാണ് സണ്‍റൈസേഴ്‌സ് ലീഡ്‌സ് അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചത്. ദി ഹണ്‍ഡ്രഡില്‍ ഇതാദ്യമായാണ് സണ്‍റൈസേഴ്‌സ് കളിക്കുന്നത്.
പാക് താരത്തെ ടീമിലെത്തിച്ചതില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യയുടെ വികാരങ്ങള്‍ മാനിക്കാതെയാണ് കാവ്യ മാരനും സണ്‍ ടി.വിയും ഈ തീരുമാനമെടുത്തതെന്നാണ് വിമര്‍ശനം.
കടുത്ത പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

ഇംഗ്ലീഷ് താരം ആദില്‍ റഷീദിനെ സ്വന്തമാക്കുകയെന്നതായിരുന്നു തങ്ങളുടെ പ്രഥമ പരിഗണനയെന്നും, എന്നാല്‍ അദ്ദേഹത്തെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഒരു വിദേശ സ്പിന്നര്‍ എന്ന നിലയില്‍ അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചത് എന്നുമാണ് പരിശീലകന്‍ ഡാനിയല്‍ വെറ്റോറി നല്‍കുന്ന വിശദീകരണം.
ലേലത്തിന് മുന്‍പ് പാക് താരങ്ങളെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടീം മാനേജ്മെന്റില്‍ പ്രത്യേക ചര്‍ച്ചകളൊന്നും നടന്നിരുന്നില്ലെന്നും വെറ്റോറി വ്യക്തമാക്കി.
