ജീസസ് എവിടെ? ഫൈനലിലെ തോല്‍വിക്ക് പിന്നാലെ വീണ്ടും ജെമീമയെ അധിക്ഷേപിച്ച് ഹിന്ദുത്വവാദികള്‍
Sport-News
ജീസസ് എവിടെ? ഫൈനലിലെ തോല്‍വിക്ക് പിന്നാലെ വീണ്ടും ജെമീമയെ അധിക്ഷേപിച്ച് ഹിന്ദുത്വവാദികള്‍
ഫസീഹ പി.സി.
Friday, 6th February 2026, 6:25 pm

വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍) ഫൈനലിലെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസിനെതിരെ സൈബറാക്രമണം. ഹിന്ദുത്വ വാദികളാണ് സോഷ്യല്‍ മീഡിയില്‍ താരത്തിനെതിരെ രംഗത്തെത്തിയത്.

ജെമീമയുടെ ഫോട്ടോയും വിശ്വാസത്തെയും പരിഹസിച്ചാണ് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുള്ളത്. ക്രിസ്തുമത വിശ്വാസിയായ താരം ഒരിക്കല്‍ തന്റെ വിശ്വാസത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് പരിഹാസങ്ങളെല്ലാം.

‘ജീസസ് ആരുടെ കൂടെയാണ്’, ഇനി ജെമീമ ജയ് ശ്രീറാം വിളിക്കേണ്ടി വരു’മെന്നും പറഞ്ഞാണ് പലരും പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. തോല്‍വി ജെമീമ അര്‍ഹിച്ചിരുന്നുവെന്ന് പറയുന്നവരുമുണ്ട്.

എന്നാല്‍, ഇതിനെതിരെ വലിയൊരു സംഘം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ക്രിക്കറ്റില്‍ വിശ്വാസവും മതവും ഇടകലര്‍ത്തുന്നതെന്നാണ് ഇവര്‍ ഒന്നടങ്കം ചോദിക്കുന്നത്.

‘നിങ്ങള്‍ക്ക് നാണമില്ലേ?’, ‘ഇത്തരം യുക്തിയില്ലാത്ത പോസ്റ്റുകള്‍ ഇടരുത്’, എന്നും പറഞ്ഞ് ജെമീമയ്ക്ക് പിന്തുണയുമായി പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്. ജെമീമ ഇന്ത്യക്കായി പുറത്തെടുത്ത പ്രകടനങ്ങള്‍ മറക്കരുതെന്നും ഓര്‍മ്മപ്പെടുത്തുന്നവരുണ്ട്.

‘പല തരത്തിലുള്ള ട്രോളുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമാണ്. ട്രോളുകളുടെ നിലവാരം കുറയുന്നുവെന്നും’ ഒരു ആരാധകന്‍ കുറിച്ചു.

ഇത് ആദ്യമായല്ല, ജെമീമ സൈബറാക്രമണം നേരിടുന്നത്. 2025ല്‍ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിനിടെയും താരത്തിന് നേരെ ഹിന്ദുത്വവാദികള്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയിരുന്നു. സെമിയില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ച പ്രകടനത്തില്‍ ശേഷം യേശുവിന് നന്ദി പറഞ്ഞതാണ് അന്ന് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.

ഇതിന് മുമ്പ് 2024ലും ജെമീമ സമാന രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. അന്നും താരത്തിന്റെയും കുടുംബത്തിന്റെയും വിശ്വാസം തന്നെയാണ് താരത്തിന് എതിരെയുള്ള വിദ്വേഷപ്രചാണങ്ങള്‍ക്ക് കാരണമായത്.

 

Content Highlight: Cyber attack against Jemimah Rodrigues after the defeat in WPL final

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി