'സംസ്‌കാരത്തോടെ വസ്ത്രം ധരിക്കൂ'; അനിഖക്കും അനശ്വരക്കുമെതിരെ സൈബര്‍ ആക്രമണം
Entertainment news
'സംസ്‌കാരത്തോടെ വസ്ത്രം ധരിക്കൂ'; അനിഖക്കും അനശ്വരക്കുമെതിരെ സൈബര്‍ ആക്രമണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th August 2022, 3:33 pm

വസ്ത്രത്തിന്റെ പേരില്‍ നടിമാരായ അനിഖ സുരേന്ദ്രനും അനശ്വര രാജനുമെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ സൈബര്‍ അക്രമണം.

കഴിഞ്ഞ ദിവസം അനിഖ സുരേന്ദ്രന്‍ ആദ്യമായി നായികയായി എത്തുന്ന ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിന്റെ പൂജ ചടങ് നടന്നിരുന്നു, മൈക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കായി അനശ്വര രാജനും കൊച്ചിയില്‍ എത്തിയിരുന്നു. ഇരുവരും ധരിച്ച വസ്ത്രങ്ങളുടെ പേരിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടക്കുന്നത്.

അത്യധികം മോശം കമന്റുകള്‍ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ശക്തമായ സൈബര്‍ ആക്രമം നടന്നുകൊണ്ടിരിക്കുന്നത്.

ഇരുവരുടെയും മാതാപിതാക്കള്‍ക്കെതിരെയും സദാചാര വാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും പരിപാടിക്ക് ധരിച്ച വസ്ത്രങ്ങള്‍ സദാചാര വാദികളെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്.

‘സംസ്‌കാരസമ്പന്നമായ കേരളത്തില്‍ ഇത്തരം വേഷഭൂഷാദികള്‍ ഒട്ടും നന്നല്ല സുഹൃത്തേ.
കുറച്ചുകൂടി സഭ്യമായ വസ്ത്ര അലങ്കാരം നന്നായിരുന്നു’ , ‘മോളെ ഇതൊന്നും ശരിയല്ല ഇങ്ങനെ ആകരുത് കുട്ടികള്‍ നല്ല ഡ്രസ്സ് എടുത്ത് അന്തസായി നടക്കണം വരുന്ന തലമുറക്ക് മാതൃകയാവണം നിങ്ങള്‍ ഇതു കാണിക്കുമ്പോള്‍ വളര്‍ന്നുവരുന്ന ബാലതാരങ്ങള്‍ ഇതിനേക്കാളും മോശമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കും പ്രേക്ഷകര്‍ നല്ല ഡ്രസ്സ് ഇട്ടാണ് നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നത്’

(ഇതിനൊപ്പം പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള കമന്റുകളും ധാരാളമുണ്ട്)

മുമ്പും ഇത്തരത്തില്‍ സദാചാര വാദികള്‍ ഇരുവരുടെയും വസ്ത്ര ധാരണത്തിനെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇവര്‍ക്ക് മാത്രമല്ല മലയാള സിനിമയിലെ പല നടിമാര്‍ക്കുമെതിരെ വസ്ത്രത്തിന്റെ പേരില്‍ ഇത്തരം അധിക്ഷേപങ്ങള്‍ സദാചാരവാദികള്‍ നടത്താറുണ്ട്.

അതേസമയം അനശ്വര രാജന്‍ നായികയായി എത്തുന്ന മൈക്ക് തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ സാറയെയാണ് അനശ്വര അവതരിപ്പിക്കുന്നത്. അനിഖയുടെ ഓ മൈ ഡാര്‍ളിങ്ങില്‍ ലെന ഉള്‍പ്പടെയുള്ള താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

ട്രീ വെഞ്ചുവേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിര്‍മാണം. ആല്‍ഫ്രഡ് ഡി. സാമുവല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മെല്‍വിന്‍ ജി. ബാബു, മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Cyber Attack against Actress Anaswara Rajan  and Anikha Surendran