ദുൽഖറിന്റെ വാഹനം വിട്ടുനൽകണമെന്ന് ഹൈക്കോടതി; കസ്റ്റംസിന് തിരിച്ചടി
Kerala
ദുൽഖറിന്റെ വാഹനം വിട്ടുനൽകണമെന്ന് ഹൈക്കോടതി; കസ്റ്റംസിന് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th October 2025, 3:51 pm

കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ കസ്റ്റംസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്. ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ദുൽഖറിൽ നിന്നും പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട്  ആവശ്യപ്പെട്ടു.

ദുൽഖറിന്റെ ആവശ്യം കസ്റ്റംസിന്റെ ജോയിന്റ് കമ്മീഷണർ പരിഗണിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അതോടൊപ്പം അന്വേഷണ സംഘത്തിന്റെ വാദം കൂടി പരിഗണിച്ച് അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി തീരുമാനം എടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വാഹനങ്ങൾ വിദേശത്തുനിന്ന് കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചതിന് ശേഷമാണ് കോടതിയുടെ ഉത്തരവ്. ഇന്റലിജിൻസ് റിപ്പോർട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കസ്റ്റംസ് ആക്ട് പ്രകാരമാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

നിരവധി വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനമാണിതെന്നും എന്തുകൊണ്ടാണ് ഇപ്പോൾ നടപടിയെടുക്കുന്നതെന്ന് തുടങ്ങിയ ചില ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ സമർപ്പിച്ച ഹരജിയിലാണ് കസ്റ്റംസ് ഇത്തരത്തിലൊരു വിശദീകരണം ഹൈകോടതിക്ക് നൽകിയത്. കസ്റ്റംസ് അബ്‍ലെറ്റ് ട്രെബ്യുണലിനെയായിരുന്നു ദുൽഖർ ആദ്യം സമീപിക്കേണ്ടിയിരുന്നത് എന്നാൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. അതിനാൽ നിയമപരമായി നടപടി നിലനിൽക്കില്ല എന്ന് കസ്റ്റംസ് പറഞ്ഞു .

ഇതുകൂടാതെ ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ കസ്‌റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിനെ ഹൈക്കോടതി ചോദ്യം ചെയ്തിട്ടില്ല. നിയമവിരുദ്ധമായാണ് വാഹനം കൈവശം വെച്ചിരിക്കുന്നതെങ്കിൽ വാഹനം പിടിച്ചെടുക്കാൻ അധികാരമുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.

കേസിൽ വിശദീകരണം നൽകാൻ ദുൽഖർ സൽമാന് കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. ദുൽഖർ സൽമാന്റെ ഹരജി നിലനിൽക്കില്ലെന്ന വാദം കസ്റ്റംസ് ഉന്നയിക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഭൂട്ടാനിൽ നിന്നും ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനായുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കേരളത്തിൽ നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ വാഹനങ്ങൾ കഴിഞ്ഞ മാസം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത കാറുകൾ കൂടാതെ ദുൽഖറിനോട് കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കാനും കസ്റ്റംസ് അറിയിച്ചിരുന്നു.

രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീട്ടില്‍ കസ്റ്റംസ് എത്തി പരിശോധന നടത്തിയത്. നടൻ പൃഥ്വിരാജിന്റെയും വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

Content Highlight: Customs says Dulquer’s plea to release vehicle will not stand; High Court says cannot interfere in investigation