ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: പ്രതികളായ മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐക്ക് അന്ത്യശാസനം
India
ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: പ്രതികളായ മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐക്ക് അന്ത്യശാസനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 7:33 pm

ന്യൂദല്‍ഹി: ആദിവാസി യുവാവിന്റെ കസ്റ്റഡി മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ട് മധ്യപ്രദേശ് പൊലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം.

ഒക്ടോബര്‍ ഏഴിനകം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. സി.ബി.ഐക്കും മധ്യപ്രദേശ് സര്‍ക്കാരിനുമാണ് പരമോന്നത കോടതിയുടെ മുന്നറിയിപ്പ്.

2024 ജൂലൈയിലാണ് 25 വയസുകാരനായ ദേവപാര്‍ത്ഥിയെയും ബന്ധുവായ ഗംഗാറാം പാര്‍ത്ഥിയെയും മോഷണക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിവാഹത്തിന് തൊട്ടുമുമ്പായിരുന്നു യുവാവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കസ്റ്റഡിയില്‍ വെച്ച് ദേവപാര്‍ത്ഥി മരിച്ചതായി കുടുംബത്തെ പൊലീസ് തന്നെ അറിയിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് ദേവപാര്‍ത്ഥി മരണപ്പെട്ടതെന്നായിരുന്നു പൊലീസിന്റെ വാദം.

എന്നാല്‍ കസ്റ്റഡിയില്‍ വെച്ച് ക്രൂരമായ മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ് കസ്റ്റഡി മരണം സംബന്ധിച്ച് അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ നിരവധി പാളിച്ചകള്‍ സംഭവിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ മേയ് 15ന് സുപ്രീം കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.

ന്യായവും സുതാര്യവുമായ അന്വേഷണം മധ്യപ്രദേശ് പൊലീസ് നടത്തിയില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്.

ഈ കേസില്‍ ഏതെങ്കിലും പൊലീസ് ഓഫീസര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഒരു മാസത്തിനകം അറസ്റ്റ് ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തില്‍ സഞ്ജീവ് സിങ് മാളവ്യ, ഉത്തം സിങ് കുശ്‌വാഹ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

ഇവര്‍ ഒളിവിലാണെന്നാണ് ചൊവ്വാഴ്ച കോടതിയെ സി.ബി.ഐ അറിയിച്ചത്. സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരമോന്നത കോടതി രോഷം പ്രകടിപ്പിക്കുകയും യൂണിഫോമിലുള്ളവര്‍ക്കായി നിയമം വ്യത്യസ്തമായി പ്രവര്‍ത്തിക്കില്ലെന്ന് വിമര്‍ശിക്കുകയും ചെയ്തു.

സാധാരണക്കാരായ വ്യക്തികളായിരുന്നെങ്കില്‍ 15 ദിവസത്തിനുള്ളിലെങ്കിലും അറസ്റ്റ് നടന്നേനെ, കുറ്റാരോപിതര്‍ പൊലീസുദ്യോഗസ്ഥരായതിനാലാണ് സി.ബി.ഐ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.

ഒളിവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നുണ്ടെന്നും അവരെ സസ്‌പെന്‍ഡ് ചെയ്യാത്തത് എന്താണെന്നും കോടതി മധ്യപ്രദേശ് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും ശമ്പളം നല്‍കുന്നത് അവസാനിപ്പിച്ചതായും സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു.

പ്രതികളെ കണ്ടെത്താന്‍ പ്രയാസമാണെന്നും പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും സാമ്പത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്തതായും സി.ബി.ഐ കോടതിയെ അറിയിച്ചു.

ഇതിനെയും കോടതി വിമര്‍ശിക്കുകയും ഇരുട്ടില്‍ തപ്പുകയാണ് സി.ബി.ഐയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബര്‍ എട്ടിന് കോടതി അടുത്തവാദം കേള്‍ക്കും.

Content Highlight: Custodial death of tribal youth: SC sets  deadline to arrest accused Madhya Pradesh police officers to CBI