യു.എസ് സൈനിക നീക്കമുണ്ടായാല്‍ ജീവന്‍ നല്‍കി പ്രതിരോധിക്കും; പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ല; ക്യൂബന്‍ പ്രസിഡന്റ്
World
യു.എസ് സൈനിക നീക്കമുണ്ടായാല്‍ ജീവന്‍ നല്‍കി പ്രതിരോധിക്കും; പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ല; ക്യൂബന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2026, 10:48 am

കൊളംബിയ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ നിലപാട് വ്യക്തമാക്കി ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍. അമേരിക്കയുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ഒരിക്കലും ആരേയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഒഴികെയുള്ള മറ്റേതൊരു വിഷയത്തിലും വാഷിങ്ടണുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഹവാനയിലെ സ്പാനിഷ് മാധ്യമമായ ‘കനാല്‍ റെഡി’ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

വിദേശ നിക്ഷേപം, കുടിയേറ്റം, മയക്കുമരുന്ന് കടത്ത്, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങി നിരവധി വിഷയങ്ങളില്‍ യു.എസുമായി ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു.

‘നമുക്ക് എന്തും ചര്‍ച്ച ചെയ്യാം, പക്ഷേ നമ്മുടെ പരമാധികാരം ബഹുമാനിക്കപ്പെടണം. നമ്മുടെ സ്വാതന്ത്ര്യവും രാഷ്ട്രീയ സംവിധാനവും ഒരിക്കലും ചര്‍ച്ചയ്ക്ക് വിധേയമല്ല,’ അദ്ദേഹം പറഞ്ഞു.

ചര്‍ച്ചാ പ്രക്രിയകള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണെന്നും ഡയസ് കാനല്‍ പറഞ്ഞു. മുന്‍കാലങ്ങളിലെന്നപോലെ, സര്‍ക്കാര്‍ സ്ഥാപനങ്ങളും സിവില്‍ സൊസൈറ്റി സംഘടനകളും സംഭാഷണത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധമല്ല വേണ്ടത്. സംഭാഷണമാണ്. പക്ഷേ, രാജ്യം സൈനിക ഇടപെടലിന് വിധേയമായാല്‍, വിപ്ലവത്തിനായി എന്റെ ജീവന്‍ നല്‍കാന്‍ ഞാന്‍ തയ്യാറാണ്.

ബാഹ്യ ആശ്രിതത്വം കുറയ്ക്കുന്നതിനായി ക്യൂബ തങ്ങളുടെ ആഭ്യന്തര ഊര്‍ജ്ജ ഉല്‍പാദന ശേഷി ശക്തിപ്പെടുത്തുന്നതിനും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡയസ് കാനല്‍ പറഞ്ഞു.

ക്യൂബയ്ക്ക് എണ്ണ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ചുമത്തുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ജനുവരി 30 ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.

എണ്ണ വിതരണവുമായി ബന്ധപ്പെട്ട് ക്യൂബന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഫെബ്രുവരി 1 ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്യൂബ ഈ അവകാശവാദം നിഷേധിച്ചു.

അമേരിക്കന്‍ ഉപരോധം ശക്തമായതോടെ ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഊര്‍ജ്ജ മേഖല വലിയ പ്രതിസന്ധിയിലാണ്.

വെനസ്വേല പോലുള്ള രാജ്യങ്ങളില്‍ നിന്ന് ക്യൂബയിലേക്ക് എണ്ണ എത്തിക്കുന്ന കപ്പലുകള്‍ക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത് വലിയ ഇന്ധന ക്ഷാമത്തിന് കാരണമായി.

ക്യൂബയിലെ തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സിനും ആവശ്യമായ ഫണ്ട് കണ്ടെത്താനാവാത്തതും സര്‍ക്കാരിന് തിരിച്ചടിയായി.

ഈ പ്രതിസന്ധിയെ അമേരിക്കയുടെ ‘സാമ്പത്തിക യുദ്ധം’ എന്നാണ് ക്യൂബ വിശേഷിപ്പിക്കുന്നത്. എണ്ണ വിതരണം തടസ്സപ്പെടുത്തി ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ക്യൂബന്‍ ഭരണകൂടം ആരോപിച്ചിരുന്നു.

ക്യൂബ ഇപ്പോള്‍ നേരിടുന്നത് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയാണ്. രാജ്യം പലപ്പോഴും പൂര്‍ണ്ണമായും ഇരുട്ടിലാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ പുറത്തുനിന്നുള്ള എണ്ണ വിതരണമില്ലാതെ നിലവിലെ സ്ഥിതിഗതികള്‍ നേരിടാനുള്ള ശ്രമത്തിലാണ് ക്യൂബ. ഇതിനായി സര്‍ക്കാര്‍ ഒരു അടിയന്തര പാക്കേജും സജീവമാക്കിയിട്ടുണ്ട്.

Content Highlight: Cuban president says country’s independence ‘never’ open to discussion