തല്ലുമാല കണ്ടു, ചില കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്: ആര്യ
Film News
തല്ലുമാല കണ്ടു, ചില കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്: ആര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th September 2022, 3:34 pm

തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ ആരാധകരുള്ള യുവ നടനാണ് ആര്യ. കേരളത്തിലാണ് ജനിച്ചതെങ്കിലും ആര്യയുടെ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തിലുള്ളത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ഡബിള്‍ ബാരല്‍’ എന്ന മലയാള ചിത്രത്തില്‍ നടന്‍ അഭിനയിച്ചിരുന്നു. ടൊവിനോ തോമസുമായുള്ള സൗഹൃദത്തെ പറ്റി സംസാരിക്കുകയാണ് മീഡിയാ വണിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ.

”തല്ലുമാല കണ്ടിരുന്നു, ടൊവി എന്റെ നല്ലൊരു സുഹൃത്താണ്. ഒരു ഹ്യൂജ് ക്യാന്‍വാസിലെടുത്ത സിനിമയാണ് തല്ലുമാല. ആ ഒരു സ്‌കെയില്‍ സിനിമ എടുക്കുകയും അത് പൂര്‍ണമായും എന്റര്‍ടെയ്നറാക്കുകയും ചെയ്തിട്ടുണ്ടവര്‍. സിനിമ വിജയിച്ചത് അറിയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. തല്ലുമാലയുടെ ടീം നന്നായി വര്‍ക്ക് ചെയ്തു എന്ന് തന്നെയാണ് കണ്ടപ്പോള്‍ മനസ്സിലായത്,” അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ മിക്ക സിനിമകള്‍ കാണുമ്പോഴും അതിലെ കഥാപാത്രത്തെ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ടെന്നും ആര്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

”മലയാളത്തിലെ എല്ലാ സിനിമകളും നല്ലതാണ്. സിനിമ കാണുമ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ഈ കഥാപാത്രം എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന്, അങ്ങനെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. എനിക്ക് മിസ്സ് ആയി പോയി, ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നൊക്കെ ചിന്തിക്കും.

നമ്മള്‍ ഒരു കഥാപാത്രത്തെ കണ്ടാല്‍ ആ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കും നമുക്ക് ആ കഥാപാത്രം ചെയ്യണമെന്ന് തോന്നും. അത് ഒരു പ്രോസസ് ആണ്. കൂടാതെ അത് നല്ലൊരു അനുഭവമാണ്,” ആര്യ പറഞ്ഞു.

ആര്യയുടെ പുതിയ ചിത്രമായ ക്യാപ്റ്റന്‍ സെപ്റ്റംബര്‍ എട്ടിനാണ് തിയേറ്ററില്‍ റിലീസായത്. ശക്തി സൗന്ദര്‍ രാജാണ് ചിത്രം സംവിധാനം നിര്‍വഹച്ചത്. ഷോ പീപ്പിളിന്റെ ബാനറില്‍ ആര്യയാണ് ക്യാപ്റ്റന്‍ പ്രൊഡ്യൂസ് ചെയ്തത്.

Content Highlight: actor arya says he have seen Thallumala and Tovino is a good friend of him