വിജയ് ഹസാരെയില്‍ തിളങ്ങി ചെന്നൈ സൂപ്പര്‍ കിങ്സ് യുവതാരം രാമകൃഷ്ണ ഘോഷ്. ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രാദേശിന് എതിരെയുള്ള മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് മഹാരാഷ്ട്ര താരം ശ്രദ്ധ പിടിച്ച് പറ്റിയത്. 9.4 ഓവര്‍ എറിഞ്ഞ് 42 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹിമാചലിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇന്നേഷ് മഹാജനെ മടക്കിയാണ് രാമകൃഷ്ണ ഘോഷ് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തന്റെ ആദ്യ ഓവറില്‍ തുടങ്ങിയ വേട്ട താരം പിന്നെ അവസാനിപ്പിച്ചത് പത്താം ഓവറിലാണ്. സ്‌കോര്‍ ബോര്‍ഡില്‍ ഹിമാചലിന് നാല് റണ്‍സ് മാത്രമുള്ളപ്പോഴായാണ് 28കാരന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്.
Photo: CricUp/x.com
തന്റെ അടുത്ത രണ്ട് ഓവറുകളിലും രാമകൃഷ്ണ ഹിമാചല്‍ താരങ്ങളെ മടക്കി. താരത്തിന്റെ രണ്ടാം ഓവറില്‍ അങ്കിത് കാല്‍സി തിരികെ നടന്നപ്പോള്‍ മൂന്നാം ഓവറില്‍ ഏകാന്ത് സെന്നും പേസര്‍ക്ക് മുന്നില്‍ മുട്ടുമടക്കി.
പിന്നീട് നിതിന്‍ ശര്‍മയും സെഞ്ച്വറി നേടി ഹിമാചലിന്റെ ടോപ് സ്‌കോററായ പുഖരാജ് മന്നും രാമകൃഷ്ണയുടെ പന്തില്‍ അടിയറവ് പറഞ്ഞു. ഇവര്‍ മടങ്ങിയതിന് പിന്നാലെ ഹിമാചലിന്റെ വാലറ്റവും താരത്തിന്റെ പന്തില്‍ വലിയ പോരാട്ടം നടത്താതെ മടങ്ങി.
ഈ മത്സരത്തിലെ പ്രകടനത്തോടെ തന്നെ നിലനിര്‍ത്താനുള്ള ചെന്നൈയുടെ തീരുമാനം മികച്ചൊരു നീക്കമെന്ന് പറയാതെ പറഞ്ഞു വെക്കുകയാണ് രാമകൃഷ്ണന്‍. ഈ പ്രകടനം അടുത്ത ഐ.പി.എല്ലിലും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: CSK player Ramakrishna Ghosh took 7 wickets against Himachal Pradesh in Vijay Hazare Trophy