സഞ്ജുവിന് പുതിയ എതിരാളി; ഓപ്പണിങ്ങില്‍ മിന്നി തിളങ്ങി ചെന്നൈ താരം
Cricket
സഞ്ജുവിന് പുതിയ എതിരാളി; ഓപ്പണിങ്ങില്‍ മിന്നി തിളങ്ങി ചെന്നൈ താരം
ഫസീഹ പി.സി.
Saturday, 6th June 2026, 9:43 am

മുംബൈ ടി – 20 ലീഗില്‍ മിന്നും പ്രകടനം നടത്തി സര്‍ഫറാസ് ഖാന്‍. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന ആകാശ് ടൈഗേഴ്സ് മുംബൈ വെസ്റ്റേണ്‍ സബര്‍ബ്സും നോര്‍ത്ത് മുംബൈ പാന്തേഴ്സും തമ്മിലുള്ള മത്സരത്തിലാണ് അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയത്.

വെസ്റ്റേണ്‍ സബര്‍ബ്സിനായി ഓപ്പണിങ്ങില്‍ എത്തിയ സര്‍ഫറാസ് 21 പന്തില്‍ 62 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നാല് സിക്‌സറുകളും എട്ട് ഫോറുകളുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 295.24 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു സി.എസ്.കെ ബാറ്റര്‍ പാന്തേഴ്സിന്റെ താരങ്ങളെ അടിച്ചൊതുക്കിയത്.

സർഫറാസ് ഖാൻ. Photo: The Free Hit/x.com

ഈ ഇന്നിങ്‌സിനിടെ ഒരു നേട്ടവും സര്‍ഫറാസ് സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ ടി – 20 ലീഗിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി എന്ന റെക്കോഡിനൊപ്പമാണ് താരം എത്തിയത്. ചെന്നൈ ബാറ്റര്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് 17 പന്തുകള്‍ നേരിട്ടായിരുന്നു.

ഐ.പി.എല്ലില്‍ ചെന്നൈ താരമായ സര്‍ഫറാസ് ഈ ഇന്നിങ്സിലൂടെ മധ്യനിരയില്‍ മാത്രമല്ല, തനിക്ക് ഓപ്പണിങ്ങിലും കളിക്കാന്‍ അറിയാമെന്ന് തെളിയിക്കുകയാണ്.

അതേസമയം, സര്‍ഫറാസ് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും താരത്തിന്റെ വെസ്റ്റേണ്‍ സബര്‍ബ്സ് മത്സരത്തില്‍ പരാജയപ്പെട്ടു. മത്സരത്തില്‍ നോര്‍ത്ത് മുംബൈ പാന്തേഴ്സിനോട് 22 റണ്‍സിനായിരുന്നു ടീമിന്റെ തോല്‍വി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്‌സ് ആയുഷ് വര്‍ത്തകിന്റെ 41 പന്തില്‍ 83 റണ്‍സിന്റെ മികവില്‍ 194 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് പിന്തുടര്‍ന്ന സബര്‍ബ്സിന് വെറും 172 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. സര്‍ഫറാസല്ലാതെ മറ്റൊരു താരവും തിളങ്ങാത്തതാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചത്.

Content Highlight: CSK batter Sarfaraz Khan hit joint fastest half century in T20 Mumbai League

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി