ടെഹ്റാൻ: ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച മനുഷ്യാവകാശ പ്രവർത്തകയായ ഗ്രെറ്റ തെൻബെർഗിനോട് ഇസ്രഈൽ നടത്തിയ ക്രൂരമായ പെരുമാറ്റത്തെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ്. ഇസ്രാഈലിന്റെ പ്രവൃത്തികൾ ക്രൂരവും മനുഷ്യത്വരഹിതവും അപമാനവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഗസയിലെ വംശഹത്യക്കിടയിൽ ഭയം ജനിപ്പിക്കാനും അവിടുത്തെ ജനതയെ അടിച്ചമർത്താനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇസ്രഈൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അവർ എന്നെ പിടികൂടി, നിലത്തേക്ക് വലിച്ചിഴച്ചു, എന്റെ മേൽ ഇസ്രഈലി പതാക എറിഞ്ഞു,’ ഒരു സ്വീഡീഷ് പത്രത്തിന് ഗ്രെറ്റ തെൻബെർഗ് നൽകിയ അഭിമുഖത്തെ ഉദ്ധരിച്ചുകൊണ്ട് യുവ ആക്ടിവിസ്റ്റ് പ്രതിഷേധത്തിനിടെ ക്രൂരമായി അക്രമിക്കപ്പെട്ടിരുന്നെന്ന് എസ്മായിൽ ബഗായ് പറഞ്ഞു.
‘ഫലസ്തീനികളുടെ നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടി നിലകൊള്ളുന്ന ഏതൊരു ധീരനേയും, ഗസയിൽ നടക്കുന്ന വംശഹത്യയിലും അതിക്രമങ്ങളിലും പ്രതിഷേധിക്കുന്ന ലോകത്തെയും ഭയപ്പെടുത്തുകയാണ് ഇസ്രഈൽ ചെയ്യുന്നത്,’ ബഗായ് പറഞ്ഞു.
ഇസ്രഈലിന്റെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ കഴിയുന്നവരെ സ്വാധീനിച്ച് അവർക്ക് 7000 ഡോളർ ഇസ്രഈൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളുടെ രക്തം കൊണ്ട് എഴുതിയ സത്യം കൈകൂലികൊണ്ട് ഭീഷണിപ്പെടുത്തനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസയിലേക്ക് അന്താരാഷ്ട്ര പ്രവർത്തകരെയും മാനുഷിക സഹായങ്ങളെയും കൊണ്ടുപോകാനുള്ള ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ലയെ ഇസ്രഈൽ ആക്രമിച്ചതിനെതിരെ ആഗോളതലങ്ങളിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബഗായിയുടെ പരാമർശം.
ഫ്ലോട്ടില്ലയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ സമാധാന പ്രവർത്തകർക്ക് പരിക്കേൽക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഗസയിൽ വർഷങ്ങളായി തുടരുന്ന ഇസ്രഈൽ വംശഹത്യയെ വെല്ലുവിളിച്ചുകൊണ്ട് അന്താരാഷ്ട്ര ഐക്യദാർഢ്യ ഗ്രൂപ്പുകൾ സംഘടിപ്പിച്ച നീക്കമായിരുന്നു ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല.
Content Highlight: Cruel and inhumane; Iran condemns Israel’s treatment of Greta Thunberg