ആളിക്കത്തി യുവരോഷം; ദൃശ്യം 3 ആട് 3 ക്രോസോവര്‍ സാധ്യത കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
ആളിക്കത്തി യുവരോഷം; ദൃശ്യം 3 ആട് 3 ക്രോസോവര്‍ സാധ്യത കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 14th May 2026, 10:30 am

സ്വീക്വലുകളുടെയും ഫ്രാഞ്ചൈസുകളുടെയും അയ്യരുകളിക്കാണ് മലയാള സിനിമാ ലോകം സമീപകാലത്ത് സാക്ഷ്യം വഹിക്കുന്നത്. ഭരതനാട്യം 2വും ആട് 3യും വാഴ 2വും ഇനി പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 3യുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തി വലിയ വിജയം നേടിയ ആട് 3യില്‍ പല ടൈംലൈനുകളെ സംയോജിപ്പിച്ച് കൊണ്ടായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കഥ പറഞ്ഞത്. കഥാപാത്രങ്ങളുടെ വിവിധ ടൈംലൈനുകളിലുള്ള ക്രോസോവറുകള്‍ക്കും ആട് 3 സാക്ഷ്യം വഹിച്ചിരുന്നു.

ആട് 3. Photo: Zee 5

എന്നാല്‍ സ്വപ്‌നത്തില്‍ പോലും പ്രേക്ഷകര്‍ വിചാരിക്കാത്ത ഒരു ക്രോസോവറിനുള്ള സാധ്യതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ആട് 3യും തമ്മിലുള്ള കണക്ഷനാണ് സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്. മെയ് 21ന് പുറത്തിറങ്ങുന്ന ദൃശ്യം 3യുടെ ഇതിനോടകം പുറത്തിറങ്ങിയ പോസ്റ്ററില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടി വായിക്കുന്ന പത്രവും ആട് 3യില്‍ സൈജു കുറുപ്പ് അവതരിപ്പിച്ച അറയ്ക്കല്‍ അബു വായിക്കുന്ന പത്രവും ഒന്നാണെന്നതാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണം.

സാമാന്യ ബോധ്യത്തില്‍ ആലോചിക്കുമ്പോള്‍ ഇരുചിത്രങ്ങളും തമ്മില്‍ ക്രോസോവര്‍ വരാന്‍ നൂറിലൊന്ന് സാധ്യത പോലുമില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട തിയറികളെല്ലാം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ദൃശ്യം 3യില്‍ ഐ.ജി ഗീതാപ്രഭാകരിന്റെ പിടിയില്‍ അകപ്പെട്ട ജോര്‍ജ് കുട്ടിയെ രക്ഷിക്കാന്‍ ഷാജി പാപ്പനും ടീമും വരാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണ് ഒരേ പത്രമെന്നാണ് പലരുടെയും അഭിപ്രായം. വരുണ്‍ പ്രഭാകരിന്റെ കൊലക്കുറ്റം ഷാജി പാപ്പന്റെ തലയില്‍ ഇട്ട് ജോര്‍ജ് കുട്ടി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.

ദൃശ്യം 3. Photo: IMDB

ചിലപ്പോള്‍ രണ്ട് ചിത്രങ്ങളുടെയും ആര്‍ട്ട് ഡയറക്ടര്‍മാര്‍ ഒന്നായത് കൊണ്ട് സംഭവിച്ചതാകാമെന്നും ഇരു ചിത്രങ്ങളും തമ്മില്‍ യാതൊരു കണക്ഷനും വരാന്‍ സാധ്യതയില്ലെന്നും പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. രണ്ട് മൂഡില്‍ പോകുന്ന ചിത്രങ്ങള്‍ ക്രോസോവര്‍ ചെയ്താല്‍ രണ്ട് ചിത്രങ്ങളുടെയും വൈബ് നഷ്ടപ്പെടുമെന്നും പലരും അഭിപ്രായപ്പെടുന്നു. രണ്ട് പത്രങ്ങളിലെയും വാര്‍ത്തകള്‍ ഒന്നാണെങ്കിലും രണ്ടിലെയും ഡേറ്റ് വ്യത്യസ്തമാണെന്ന കാര്യവും ചിലര്‍ സൂചിപ്പിക്കുന്നു.

Content Highlight: Crossover link between Aadu 3 and Mohanlal’s Drishyam 3

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.