ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റ് ആഞ്ഞ് വീളശുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാലിതിനിടിയല്‍ ഹൂസ്റ്റണിലുള്ള നടന്‍ ബാബു ആന്റണിയേയും കുടുംബത്തേയും തേടി രണ്ട് അതിഥികളെത്തി.
നടന്‍ ബാബു ആന്റണിയുടെ ഹൂസ്റ്റണിലുള്ള വീടിന് മുന്നിലെത്തിയത് ചീങ്കണിയും മലമ്പാമ്പുമാണ്. ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണി ഇതിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നും ബാബു ആന്റണി വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയെന്നും തമ്പി പോസ്റ്റില്‍ പറയുന്നു.
വാര്‍ത്താ വിനിമ സംവിധാനങ്ങളും തകരാറിലായതോടെ ഹൂസ്റ്റണ്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. ഇരുന്നോറോളം കുട്ടികള്‍ ഹൂസ്റ്റണില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിരവധി മലയാളികള്‍ താമസിക്കുന്ന സ്ഥലമാണ് ഹൂസ്റ്റണ്‍. നദികളും തടാകങ്ങളും ഉള്‍പ്പെടെ കര കവിഞ്ഞൊഴുകുകയാണ്. ഇഴജന്തുക്കള്‍ വീട്ടിലേക്ക് കയറിവരുന്നത് ആളുകളില്‍ ഭീതിയുണര്‍ത്തിയിരിക്കുകയാണ്. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി. ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
