2026 ഫിഫ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ക്രോയേഷ്യ. പനാമയെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രോട്ടുകള്‍ വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടായിരുന്നു ക്രോയേഷ്യ രണ്ടാം മത്സരത്തിനിറങ്ങിയത്.
അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ഈ മത്സരം ക്രോയേഷ്യക്ക് അതിനിര്‍ണായകമായിരുന്നു. നിര്‍ണായക മത്സരവും വിജയിച്ചുകൊണ്ട് നോക്ക് ഔട്ട് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ക്രോയേഷ്യ.
മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഒരു ചരിത്രനേട്ടമാണ് ക്രോയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് സ്വന്തമാക്കിയത്. 200 ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് റയല്‍ മാഡ്രിഡ് ഇതിഹാസം പുതിയ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്.
മോഡ്രിച്ചിന് മുമ്പ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങളെന്ന മാന്ത്രിക സംഖ്യയിലെത്തിയത് മൂന്ന് താരങ്ങള്‍ മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബദര്‍ അല്‍ മുതവ, ലയണല്‍ മെസി എന്നിവരാണ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.
ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ കളത്തിലിറങ്ങിയതോടെയാണ് മെസി ഈ നേട്ടം കൈവരിച്ചത്. ഇപ്പോള്‍ ഈ ഇതിഹാസ പട്ടികയിലേക്ക് തന്റെ പേരും എഴുതിച്ചേര്‍ത്തിരിക്കുകയാണ് മോഡ്രിച്ച്.
ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, മത്സരങ്ങളുടെ എണ്ണം, രാജ്യം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-230-പോര്‍ച്ചുഗല്‍
ബദര്‍ അല്‍ മുതവ-202-കുവൈത്ത്
ലയണല്‍ മെസി-201-അര്‍ജന്റീന
ലൂക്ക മോഡ്രിച്ച്-200-ക്രൊയേഷ്യ
സോ ചിന്‍ ആന്‍-195-മലേഷ്യ
അതേസമയം മത്സരത്തില്‍ ആന്‍ഡി ബുദ്ധിമിറാണ് ക്രോയേഷ്യക്ക് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്റെ 54ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. ഈ ഒറ്റ ഗോളിന്റെ ലീഡില്‍ ക്രോയേഷ്യ അവസാന നിമിഷം വരെ പിടിച്ചു നില്‍ക്കുകയായിരുന്നു.
ജൂണ്‍ 28ന് ഘാനക്കെതിരെയാണ് ക്രോയേഷ്യയുടെ അടുത്ത മത്സരം. അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ ലൂക്ക മോഡ്രിച്ചിനും സംഘത്തിനും ഈ മത്സരത്തിലും വിജയം അനിവാര്യമാണ്.
Content Highlight: Croatia legend Luka Modric completed 200 international matches