ചണ്ഡീഗഡ്: ഹരിയാന മന്ത്രി അനില്‍ വിജിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ബി.ജെ.പി. തുടര്‍ച്ചയായി പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിലാണ് മന്ത്രിക്കെതിരായ നടപടി. ഇന്നലെ (തിങ്കള്‍) ആണ് ബി.ജെ.പി നേതൃത്വം അനില്‍ വിജിന് നോട്ടീസ് അയച്ചത്.
ഹരിയാന ബി.ജെ.പി മേധാവിയും മുഖ്യമന്ത്രിയുമായ നയാബ് സിങ് സൈനിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മന്ത്രിയോട് ബി.ജെ.പി ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈനിയുടെ സഹായി എതിര്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് മന്ത്രി അടുത്തിടെ ആരോപിച്ചിരുന്നു. സൈനിയുടെ സഹായിയായ ആശിഷ് തയാലിനെതിരെയാണ് വിജ് ആരോപണം ഉയര്‍ത്തിയത്.
അംബാല കാന്ത് മണ്ഡലത്തില്‍ നിന്ന് 7277 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിലെ സ്വതന്ത്രയായി മത്സരിച്ച ചിത്ര സര്‍വാരയെ ആശിഷ് പിന്തുണച്ചുവെന്നാണ് വിജ് ആരോപിച്ചത്.
കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ചിത്ര മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ചിത്രയ്ക്ക് വേണ്ടി തയാലിനൊപ്പം ആളുകള്‍ പ്രചരണം നടത്തുന്നതിന്റെ വീഡിയോകള്‍ വിജ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഹരിയാന ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നതകളും പൊട്ടിത്തെറികളും ഉണ്ടാവുകയുണ്ടായി. ഹരിയാന മന്ത്രിസഭ യോഗത്തിലാണ് വിജ് ആദ്യമായി അതൃപ്തി അറിയിക്കുന്നത്.
ഫേസ്ബുക്കിലൂടെ താന്‍ സൈനിയുടെ അടുത്തയാളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് ആശിഷ് തയാല്‍. തെരഞ്ഞെടുപ്പ് കാലയളവില്‍ ആശിഷിനൊപ്പം കാണുന്ന അതേ ആളുകളെ ബി.ജെ.പിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കാണാമെന്നും വിജ് യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹരിയാന മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ പ്രമുഖനായ നേതാവ് മോഹന്‍ ലാല്‍ ബദോളിക്കെതിരെയും വിജ് രംഗത്തെത്തിയിരുന്നു. ബലാത്സംഗം കുറ്റം നേരിടുന്ന ഒരാള്‍ എങ്ങനെയാണ് സ്ത്രീകള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയുടെ യോഗത്തില്‍ അധ്യക്ഷനാകുന്നതെന്നും വിജ് ചോദ്യം ചെയ്തിരുന്നു.
പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബദോളി രാജിവെക്കണമെന്നും വിജ് ആവശ്യപ്പെട്ടിരുന്നു. 2024 ഡിസംബറില്‍ ഹിമാചലില്‍ ബദോളിക്കെതിരെ കൂട്ടബലാത്സംഗ കുറ്റത്തില്‍ കേസെടുത്തിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിജിന്റെ വിമര്‍ശനം. എല്‍.കെ. അദ്വാനിയെക്കാള്‍ വലിയ നേതാവല്ല ബദോളിയെന്നും പൊലീസ് ക്ലീന്‍ ചീട്ട് നല്‍കുന്നവരെ രാജിവെക്കണമെന്നുമാണ് വിജ് ആവശ്യപ്പെട്ടത്.
Content Highlight: criticized the party and its leadership; BJP’s show cause notice to Haryana minister