ഇവിടെ ബലാത്സംഗം ഇപ്പോഴും കോമഡിയാണ്; 19ാം നൂറ്റാണ്ടില്‍ നിന്നും വണ്ടി കിട്ടാത്ത മൂസ
Film News
ഇവിടെ ബലാത്സംഗം ഇപ്പോഴും കോമഡിയാണ്; 19ാം നൂറ്റാണ്ടില്‍ നിന്നും വണ്ടി കിട്ടാത്ത മൂസ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th November 2022, 11:00 am

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മേ ഹൂം മൂസ. മരിച്ചുപോയി എന്ന് രാജ്യം മുഴുവന്‍ വിശ്വസിക്കുന്ന പട്ടാളക്കാരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുമ്പോള്‍ അയാളുടെ നാടും വീടും ചുറ്റുപാടുമാകെ മാറി.

ഇത്രയും സീരിയസായ വിഷയമാണ് കാണിക്കുന്നതെങ്കിലും ഡാര്‍ക്ക് കോമഡി മോഡിലാണ് കഥ മുമ്പോട്ട് പോകുന്നത്. വെള്ളിമൂങ്ങയിലൂടെ കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നര്‍ ഒരുക്കിയ ജിബു ജേക്കബ് കോമഡി ട്രാക്ക് തന്നെയാണ് ഇവിടെയും ഉദ്ദേശിച്ചത്. നന്നായി ചിരിപ്പിക്കുന്ന നിരവധി കോമഡികള്‍ ചിത്രത്തിലുണ്ട്. പ്രത്യേകിച്ചും ഹരീഷ് കണാരന്റെയും ശ്രിന്ദയുടെയുമടക്കം പ്രകടനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിട്ട് നിന്നിരുന്നു.

എന്നാല്‍ മാറിയ കാലഘട്ടത്തില്‍ പറയാന്‍ പാടില്ലാത്ത തമാശ മേ ഹൂം മൂസയില്‍ വന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ മൂസയോട് ഏതെങ്കിലും കേസ് ഒപ്പിക്കാന്‍ അയാളുടെ വക്കീല്‍ ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണമായി അദ്ദേഹം പറയുന്നത് കൊലപാതകവും പിടിച്ചുപറിയും ബലാത്സംഗവുമാണ്. അപ്പോള്‍ കൂട്ടുകാരനായ താമി മൂസയോട് പറയുന്നത് ബലാത്സംഗമായാലോ എന്നാണ്.

2000ത്തിന് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ബലാത്സംഗ തമാശകള്‍ ഒരു പുത്തരിയല്ലായിരുന്നു. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്ന സമയത്ത് ഇതെല്ലാം നിശിതമായി വിമര്‍ശിക്കപ്പെട്ടതാണ്. സംവിധായകനും തിരക്കഥാകൃത്തും ഈ രംഗത്തില്‍ അഭിനയിച്ചവരുമൊന്നും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്.

ഇനി പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനെ പറ്റി വിചാരിച്ചില്ലെങ്കിലും മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ബലാത്സംഗത്തെ എങ്ങനെയാണ് ഇപ്പോഴും ഇവര്‍ക്ക് കോമഡിയായി കാണാന്‍ തോന്നുന്നത്. ഒരു കാലഘട്ടത്തിലും അംഗീകരിക്കാനോ ആസ്വദിക്കാനോ പറ്റാത്ത തമാശയാണിത്. ഇത് കേട്ട് ആളുകള്‍ ഇപ്പോഴും ചിരിക്കുമെന്നാണോ തിരക്കഥാകൃത്ത് കരുതിയിരിക്കുന്നത്?

ദേശീയതയും രാജ്യസ്‌നേഹവുമെല്ലാം ഉയര്‍ത്തി പിടിക്കുന്നു എന്ന് നായകനടന്‍ തന്നെ അവകാശപ്പെടുന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും ഈ നടന്‍ കണ്ടില്ലേ?

Content Highlight: criticism on anti women joke in mei hoom moosa