'വെളുത്ത് സുന്ദരിയാവുന്നതാണോ ഐഡിയല്‍ ബോഡി'? 'അവതാരകക്ക് കോമണ്‍ സെന്‍സുണ്ടോ'; സയനോരയോടുള്ള ചോദ്യത്തിന് വിമര്‍ശനം
Film News
'വെളുത്ത് സുന്ദരിയാവുന്നതാണോ ഐഡിയല്‍ ബോഡി'? 'അവതാരകക്ക് കോമണ്‍ സെന്‍സുണ്ടോ'; സയനോരയോടുള്ള ചോദ്യത്തിന് വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th November 2022, 1:18 pm

സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി എന്നിവര്‍ പങ്കെടുത്ത അഭിമുഖത്തില്‍ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള ചോദ്യത്തിനെതിരെ വിമര്‍ശനം. വണ്ടര്‍ വുമണ്‍ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ പ്രൊമോഷന്‍ അഭിമുഖത്തിലായിരുന്നു ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള ചോദ്യം വന്നത്.

‘നല്ല വെളുത്ത് സുന്ദരിമാരായ ഐഡിയല്‍ ബോഡിയുള്ളതാണ് നമ്മള്‍ ഡിഫൈന്‍ ചെയ്യുന്ന നടി. അങ്ങനത്തെ ലുക്ക്‌സില്ലാത്ത രണ്ട് പേര്‍ എന്തൊക്കെ വെല്ലുവിളികളാണ് നേരിട്ടത്,’ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

ചോദ്യത്തില്‍ പറഞ്ഞ കാര്യം ശരിയായില്ല എന്നാണ് സയനോര പ്രതികരിച്ചത്. ‘ആ പറയുന്നതില്‍ തന്നെയൊരു വൈരുധ്യതയുണ്ട്. അങ്ങനെ പറയരുത്. നമ്മള്‍ പഠിച്ചുവെച്ചിട്ടുള്ള കുറെ കാര്യങ്ങളുണ്ട്. സൗന്ദര്യം ഇങ്ങനെയായിരിക്കണം, വെളുത്ത് മെലിഞ്ഞ് സുന്ദരി എന്നൊരു സങ്കല്‍പമാണ്. വെളുത്ത് മെലിഞ്ഞാല്‍ സുന്ദരിയാണ്, ആ ചിന്തയാണ് ആദ്യം നമ്മള്‍ മാറ്റേണ്ടത്.

കറുത്ത് തടിച്ച സുന്ദരികളുണ്ടാവും. സൗന്ദര്യം എന്ന് പറയുന്നത് പേഴ്‌സെപ്ഷനാണ്. കാഴ്ചക്കാരന്റെ കണ്ണിലാണ് സൗന്ദര്യം. പല മീഡിയത്തിലൂടെ വന്ന സ്റ്റീരിയോടിപ്പിക്കല്‍ ബോധ്യങ്ങളാണ് നമ്മുടെ മൈന്‍ഡിലുള്ളത്,’ എന്നാണ് സയനോര മറുപടി പറഞ്ഞത്.

വീഡിയോയുടെ കമന്റില്‍ തന്നെ അവതാരകയുടെ ചോദ്യത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീയെ അപമാനിച്ചിട്ട് അത് മറക്കാന്‍ ശ്രമിക്കുന്നു. ഈ ചോദ്യത്തെ ഒന്നുകൊണ്ടും ന്യായീകരിക്കാന്‍ പറ്റില്ല, സായ വളരെ സുന്ദരിയും ആത്മവിശ്വാസമുള്ള ആളുമാണ്, സൗന്ദര്യത്തെ പറ്റിയുള്ള ഈ ചോദ്യത്തിന്റെ തന്നെ ആവശ്യമില്ല, ഇത് അപമാനകരമാണ്, മെലിഞ്ഞ് വെളുത്തിരിക്കുന്നതാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനമെന്നാണോ ഇപ്പോഴും കരുതുന്നത്, സിനിമാ മേഖലയില്‍ ,ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്, അതെന്തുകൊണ്ടാണ് ഉയര്‍ത്തിക്കൊണ്ടുവരാത്തത്, ഇതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനുള്ള ബുദ്ധിയെങ്കിലും അവതാരക കാണിക്കണം, വെളുത്ത് മെലിഞ്ഞിരിക്കുന്നവര്‍ക്ക് മാത്രമാണോ സൗന്ദര്യം, അവതാരകക്ക് മിനിമം കോമണ്‍സെന്‍സ് ഉണ്ടോ,’ എന്നൊക്കെയാണ് ഇന്റര്‍വ്യൂവിന് എതിരെയുള്ള കമന്റുകള്‍.

ചോദ്യത്തെ വളരെ പക്വതയോടെ നേരിട്ട സയനോരയുടെ ഉത്തരത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇന്‍ഫ്‌ളുവേഴ്‌സില്‍ നിന്നും ചോദ്യത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ കഴിഞ്ഞ നവംബര്‍ 18നാണ് റിലീസ് ചെയ്തത്. സയനോരയേയും അര്‍ച്ചനയേയും കൂടാതെ പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, പത്മ പ്രിയ, നദിയ മൊയ്തു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Contnet Highlight: Criticism of body shaming question in an interview with Sayanora Philip and Archana Padmini