വിജയ്‌യുടെ ജനനായകന് തിയേറ്ററുകളിലെത്താന്‍ സാധിക്കാതെ പോയതോടെ അക്ഷരാര്‍ത്ഥത്തില്‍ ഉറങ്ങിപ്പോയ തമിഴ് സിനിമയ്ക്ക് പുതുജീവനേകിക്കൊണ്ടായിരുന്നു സൂര്യ നായകനായ കറുപ്പ് തിയേറ്ററുകളിലേക്കെത്തിയത്. 13 വര്‍ഷത്തിലധികമായി തിയേറ്ററുകളില്‍ നിന്നും പരാജയം മാത്രം രുചിച്ചിരുന്ന സൂര്യയ്ക്ക് വിജയത്തിന്റെ മധുരം സമ്മാനിച്ചായിരുന്നു കറുപ്പ് തിയേറ്ററുകളില്‍ തേരോട്ടം നടത്തിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 300 കോടിയിലധികം നേടി വമ്പന്‍ തിരിച്ചുവരവാണ് താരം കാഴ്ചവെച്ചത്.
ഒട്ടനവധി പ്രതിസന്ധികള്‍ നേരിട്ടായിരുന്നു മെയ് 15ന് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. മെയ് 14 നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നതെങ്കിലും അവസാന നിമിഷം നിര്‍മാതാവിനുണ്ടായ സാമ്പത്തിക പ്രതിസന്ധകളില്‍ പെട്ട് ഷോകള്‍ ക്യാന്‍സലാക്കുകയായിരുന്നു. അവസാന നിമിഷം സൂര്യ തന്നെ ഇടപെട്ട് ബാധ്യതകള്‍ തീര്‍ക്കുകയും അടുത്ത ദിവസം കറുപ്പ് റിലീസ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.ജെ.ബാലാജിയുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളിലെ ചര്‍ച്ചാ വിഷയം. കറുപ്പ് എന്ന ചിത്രം സൂര്യയ്ക്ക് വേണ്ടി മാത്രം എഴുതിയതായിരുന്നുവെന്നും അദ്ദേഹത്തെ മനസില്‍ വെച്ച് എഴുതി താരത്തിന്റെ അടുത്ത് പോയി കഥ പറയുകയായിരുന്നുവെന്നും ബാലാജി പറയുന്നു. കഥ പറഞ്ഞ് നാല്‍പത് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ സൂര്യയ്ക്ക് കഥ ഇഷ്ടപ്പെടുകയായിരുന്നുവെന്നും ഒരുമാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ആളുകള്‍ പറയുന്ന കഥകളെല്ലാം ഇന്റര്‍നെറ്റില്‍ അടിച്ചിറക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലെ വീഡിയോസ് വൈറലായതോടെ ആര്‍.ജെ.ബാലാജിയുടെ അവകാശവാദം കള്ളമാണെന്ന് തെളിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ പ്രേക്ഷകര്‍. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കറുപ്പ് താന്‍ വിജയ്ക്ക് വേണ്ടി എഴുതിയതായിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. കറുപ്പിന്റെ കഥ വിജയ്ക്ക് ഒരുപാട് ഇഷ്ടമാകുകയും ചെയ്തിരുന്നെങ്കിലും തന്റെ കരിയറിലെ അവസാന ഒരു പൊളിറ്റിക്‌സുമായി ബന്ധമുള്ളതായിരിക്കണം എന്നതിനാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്നായിരുന്നു ബാലാജി അന്ന് അഭിമുഖത്തില്‍ പറഞ്ഞത്.
സംഭവം ചര്‍ച്ചയായതോടെ രണ്ട് വീഡിയോസും പങ്കുവെച്ചുകൊണ്ട് ആര്‍.ജെ ബാലാജിയുടെ ഇരട്ടത്താപ്പ് പൊളിക്കുന്ന കാഴ്ച്ചയ്ക്കാണ് ഇപ്പോള്‍ സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇത്രയും ആളുകളെയും തമിഴിലെ രണ്ട് വലിയ താരങ്ങളെയും മണ്ടന്മാരാക്കി കൊണ്ടുള്ള സംവിധായകന്റെ വാക്കുകള്‍ക്കെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന മലയാള ചിത്രത്തിലെ വൈറലായ ‘നീ എവിടെയെങ്കിലും ഒന്ന് ഉറച്ച് നില്‍ക്കെടാ’ എന്ന ഡയലോഗാണ് ഈ സാഹചര്യത്തിന് യോജിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Criticism for RJ Balaji for his word about Vijay and Suriya regarding Karuppu Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.