അനുശോചനത്തിന് പകരം മോട്ടിവേഷന്‍; നവാസിന്റെ മരണത്തെ കുറിച്ചുള്ള ആസിഫലിയുടെ വാക്കുകള്‍ക്ക് വിമര്‍ശനം
Asif Ali
അനുശോചനത്തിന് പകരം മോട്ടിവേഷന്‍; നവാസിന്റെ മരണത്തെ കുറിച്ചുള്ള ആസിഫലിയുടെ വാക്കുകള്‍ക്ക് വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd August 2025, 6:04 pm

നടന്‍ നവാസിന്റെ മരണത്തെ കുറിച്ചുള്ള ആസിഫലിയുടെ വാക്കുകളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ഒരു ഉദ്ഘാടന ചടങ്ങിനിടെ കാണികള്‍ക്ക് മോട്ടിവേഷന്‍ നല്‍കാനായി നവാസിന്റെ മരണം സംബന്ധിച്ച പരാമര്‍ശം നടത്തിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ആസിഫലി സംസാരിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ പങ്കുവെച്ച് കൊണ്ടാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

തന്റെ സഹപ്രവര്‍ത്തകനായ നവാസിന്റെ പെട്ടെന്നുള്ള മരണം ഞെട്ടിച്ചെന്നും ജീവിതം ഇത്രയേയുള്ളൂ എന്നും അതിനാല്‍ ഉള്ള സമയം അടിപൊളിയാക്കുക എന്നുമാണ് ആസിഫലി പറഞ്ഞത്. ആസിഫലി ഇത് പറഞ്ഞ രീതിയാണ് വിമര്‍ശനത്തിന് കാരണമായിട്ടുള്ളത്. അനുശോചനം അറിയിക്കുന്നതിന് പകരം നവാസിന്റെ മരണം ആസഫലി മോട്ടിവേഷന്‍ നല്‍കാനായി ഉപയോഗപ്പെടുത്തി എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

‘ഇക്കാര്യം ഈ വേദിയില്‍ പറയാന്‍ പാടുണ്ടോ എന്ന് അറിയില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ആസിഫലി ഇത് പറഞ്ഞ് തുടങ്ങിയത്. ഏവര്‍ക്കും പ്രിയപ്പെട്ട കലാഭവന്‍ നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടെന്നും തങ്ങള്‍ ഒരുമിച്ച് കുറെ ദിവസങ്ങള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ഒരുമിച്ചുണ്ടായിരുന്നു എന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനി കാണാനാകില്ലെന്ന് കരുതിയതല്ലെന്നും ആസിഫലി പറഞ്ഞു.

ശേഷമാണ് നമ്മുടെയൊക്കെ ജീവിതം ഇത്രയയേയുള്ളൂ എന്നും അവിചാരിതമായ കാര്യങ്ങളാണ് ജീവിതത്തില്‍ നടക്കുന്നതെന്നും അതിനാല്‍ ഉള്ള സമയം അടിപൊളിയാക്കണമെന്നും ആസിഫലി പറഞ്ഞത്. വളരെ ശബ്ദമുയര്‍ത്തിയാണ് ആസിഫലി ഈ ഭാഗം പറഞ്ഞത്. ഇത് പറഞ്ഞവസാനിപ്പിച്ചതിന് ശേഷം ജനങ്ങള്‍ക്കിടയില്‍ നിന്ന് ആര്‍പ്പുവിളികളും കേള്‍ക്കാമായിരുന്നു. ഈ രീതിയില്‍ സംസാരിച്ചതാണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമായത്.

ഈ സംസാരത്തിന്റെ വീഡിയോ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായും പുതിയ പോസ്റ്റുകളായുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വരുന്നുണ്ട്. ആദരാഞ്ജലി പറഞ്ഞില്ലെങ്കിലും ഇത്തരം മരണ വാര്‍ത്തകള്‍ പറഞ്ഞുകൊണ്ട് മോട്ടിവേഷന്‍ നല്‍കേണ്ടിയിരുന്നില്ല എന്നാണ് വിമര്‍ശനങ്ങളുടെ പൊതു സ്വഭാവം. ഈ അവസരത്തില്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നവരുമുണ്ട്.

ആസിഫലിയോടുണ്ടായിരുന്ന ഇഷ്ടം ഇതോടു കൂടി ഇല്ലാതായി എന്ന് പറയുന്ന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാം. നവാസിന് വേണ്ടി പ്രാര്‍ത്ഥിക്കാം എന്ന് പറയുന്നതിന് പകരം അടിപൊളിയായി ജീവിക്കാനാണ് പറയുന്നത്, ഇത് വേണ്ടായിരുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. പക്വതയില്ലാത്ത സംസാരമാണ് ആസിഫലിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

CONTENT HIGHLIGHTS: Criticism for Asifali’s words on kalabhavan Nawas’s death