കോഴിക്കോട്: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനി വിജയിച്ചതിന് പിന്നാലെ ജനം ടി.വി നല്‍കിയ വാര്‍ത്തക്കെതിരെ വിമര്‍ശനം. വാര്‍ത്തയുടെ തലക്കെട്ടിനെതിരെയാണ് വ്യാപകമായി വിമര്‍ശനം ഉയരുന്നത്.
‘ഇന്ത്യാ വിരുദ്ധന്‍, പാക് പ്രേമി, ഹമാസ് നല്‍കിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം; ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്‌ലിം മേയര്‍; ആരാണ് സൊഹ്റാന്‍ മംദാനി?,’ എന്ന തലക്കെട്ടിലായിരുന്നു ജനം ടി.വിയുടെ വാര്‍ത്ത.
മംദാനിയുടെ വിജയം കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ ജനം ടി.വി പരസ്യമായി വിദ്വേഷം വിളമ്പുകയാണ് ചെയ്തതെന്ന് സോഷ്യല്‍ പറയുന്നു.
ഈ ആഴ്ച സംഘപരിവാറിന് അത്ര ശരിയല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മംദാനിയുടെ വിജയവും സംഘികളുടെ മാനസികനില തെറ്റിച്ചെന്നാണ് ചിലര്‍ പറയുന്നത്.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മഹാഗഡ്ബന്ധന് അനുകൂലമാണെങ്കില്‍ രാജ്യത്തുടനീളമുള്ള സംഘികളുടെ മാനസികനില തെറ്റുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവരില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളാണെന്നായിരുന്നു സംഘപരിവാറിന്റെ ഈ ആഴ്ചയിലെ ആദ്യപ്രചരണം. പിന്നാലെ മംദാനിയുടെ വിജയത്തിലും സംഘപരിവാര്‍ ഇത് ആവര്‍ത്തിച്ചു.
ഏതെങ്കിലും ഖാനെ മുംബൈ മേയറാകാന്‍ സമ്മതിക്കില്ലെന്ന ബി.ജെ.പി എം.എല്‍.എ അമിത് സതത്തിന്റെ പരാമര്‍ശം വലിയ വിവാദത്തിനാണ് വഴിവെച്ചത്. ഇതിനിടെയാണ് ജനത്തിന്റെ തലക്കെട്ടും ചര്‍ച്ചയായത്.
‘സൊഹ്റാന്‍ മംദാനി മീര നായരുടെ മകനാണ്. അമൃത് ലാല്‍ നായരുടേയും പ്രവീണ നായരുടെയും ചെറുമകനാണ്. പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല,’ എന്നാണ് ട്രൂത്ത് സീക്കര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ജനം ടി.വിയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.
മീര നായര്‍ ഗുജറാത്തിയാണെന്ന കാര്യം ജനം ടി.വി മറന്നുകാണുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാത്ത ഹമാസാണോ മംദാനിയ്ക്ക് പ്രചരണത്തിന് പണം നല്‍കുന്നതെന്നാണ് ഒരാളുടെ ചോദ്യം. ഇവറ്റകളുടെ കരച്ചില്‍ കാണാന്‍ എന്ത് രസമാണെന്നും ചിലര്‍ പരിഹസിച്ചു.
‘ന്യൂയോര്‍ക്കില്‍ ഭൂരിപക്ഷം ക്രിസ്ത്യന്‍ ജൂതന്മാര്‍ ആണ്. നല്ല വിദ്യാഭ്യാസവും ലോകവിവരവും കൂടിയ അവര്‍ അവരുടെ നേതാവിനെ തിരഞ്ഞെടുത്തു. ഇവിടെയുള്ള ചാണകങ്ങളെ ആര് വിലവെക്കുന്നു,’ എന്നാണ് ഒരാള്‍ പ്രതികരിച്ചത്.
Content Highlight: Criticism against the news of Mamdani’s victory given by Janam TV