തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഗ്രൂപ്പ് പോരുകളും മുറുകുന്നതിനിടെ, ഷാഫി പറമ്പില്‍ എം.പിക്കെതിരെ ഒളിയമ്പുമായി ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് അറബി.
വി.ഡി. സതീശനെ പിന്തുണച്ചും ഷാഫി പറമ്പില്‍ എം.പിക്കെതിരെ ഒളിയമ്പുകള്‍ എയ്തുമാണ് ഹാരിസ് അറബിയുടെ പോസ്റ്റ്. പിണറായി വിജയനെ ഭരണത്തില്‍ നിന്നും താഴെയിറക്കി വീട്ടിലിരുത്താന്‍ കരുനീക്കം നടത്തിയ നേതാവാണ് വി.ഡി സതീശനെന്നും കോഴിക്കോടന്‍ താടി ഗ്രൂപ്പുകാര്‍ അതോര്‍ത്താല്‍ നന്നെന്നും പോസ്റ്റില്‍ പറയുന്നു.
പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ കാലത്തെ ആഡംബരങ്ങളെയും സുരക്ഷാ സജ്ജീകരണങ്ങളെയും വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് കോഴിക്കോട് ആസ്ഥാനമാക്കി ഗ്രൂപ്പ് കളിക്കുന്ന നേതാക്കളെ അദ്ദേഹം വിമര്‍ശിച്ചത്.
‘ഓ എന്തൊക്കെ ആയിരുന്നു.. തൊഴുത്ത്.. ചുറ്റുമതില്‍, തോക്ക്ധാരികളുടെ കാവല്‍, നാല്പത് വണ്ടി, ആംബുലന്‍സ്.. അവസാന വര്‍ഷം കുറേ ഗിമ്മിക്കുകള്‍ കാട്ടിയാല്‍ ജനം വെറുതെ വിടും എന്നായിരുന്നു പിണറായിയുടെ ധാരണ. പക്ഷെ ജനം ഓര്‍ത്തു വച്ചു പ്രതികാരം ചെയ്തു.’
ജനം ഭരിക്കാന്‍ തെരഞ്ഞെടുത്തതാണ്. പക്ഷെ ക്ലിഫ് ഹൗസിന്റെ സുഖം പിടിച്ചപ്പോള്‍ ആശാന്‍ അതങ്ങു മറന്നു പോയി. ജനം ഓര്‍ത്തുവെച്ചു പണിതു.
ഈ ജനങ്ങള്‍ ഏതാനും മാസം കഴിഞ്ഞാല്‍ എല്ലാം മറക്കും എന്നൊരു പ്രതീക്ഷയാണ് ചിലര്‍ക്ക്. പ്രത്യേകിച്ചും കോഴിക്കോട് മലബാറിന്റെ പേരില്‍ ഉള്ള ഹോട്ടലില്‍ താമസിച്ചു പ്രത്യേക ആക്ഷന്‍ ഗ്രൂപ്പ് കളി കളിക്കുന്നവര്‍ക്ക്.
പിണറായി വിജയനെ വീട്ടില്‍ ഇരുത്താന്‍ പലരും നോക്കിയതാണ്. നടന്നില്ല. ആ പിണറായി വിജയനെ വീട്ടില്‍ ഇരുത്തിയ മുതലാണ് വി.ഡി സതീശന്‍. കോഴിക്കോടന്‍ താടി ഗ്രൂപ്പുകാര്‍ അത് ഓര്‍ക്കുന്നത് നല്ലതാണ്. വടി വെട്ടിയിട്ടേ ഉള്ളൂ,’ എന്നാണ് ഹാരിസ് അറബിയുടെ പോസ്റ്റ്.
നിലവില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന ചില നീക്കങ്ങളെ മറ്റൊരു പോസ്റ്റിലും ഹാരിസ് അറബി ശക്തമായി വിമര്‍ശിക്കുന്നുണ്ട്.
കോഴിക്കോട് മലബാറിന്റെ പേരില്‍ ഉള്ള ഹോട്ടലില്‍ താമസിച്ച് പ്രത്യേക ആക്ഷന്‍ ഗ്രൂപ്പ് കളി കളിക്കുന്നവര്‍ക്ക് ജനം എല്ലാം മറക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ജനഹിതം അട്ടിമറിക്കാന്‍ നിരന്തരം ഗ്രൂപ്പ് യോഗം നടത്തുന്ന ‘മാസ്സ് ലീഡര്‍’ പുറത്തിറങ്ങിയാലും നേരിടാന്‍ പോകുന്നത് ചോദ്യശരങ്ങള്‍ തന്നെയായിരിക്കുമെന്നും പോസ്റ്റ് വിമര്‍ശിക്കുന്നു.
കേരളത്തില്‍ ജനങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് ഒരാള്‍ക്കും ചില നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്നും പോസ്റ്റ് പറയുന്നു.
‘ഒരു എം.എല്‍.എക്ക് പോലും പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ ആഹ്‌ളാദ പ്രകടനം നടത്താനോ സാധിക്കുന്നില്ല എന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് പറഞ്ഞു. ലീഗിന്റെ അജയ്യമായ ശക്തിയുള്ള മലപ്പുറത്തെ അവസ്ഥയാണിത്!
കെ.എം അഭിജിത്, വി.പി സജീന്ദ്രന്‍, സേനാപതി വേണു എന്നിവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പരസ്യമായി ചോദ്യം ചെയ്തു.
കോഴിക്കോട് കേന്ദ്രമാക്കി ജനഹിതം അട്ടി മറിക്കാന്‍ നിരന്തരം ഗ്രൂപ്പ് യോഗം നടത്തുന്ന ‘മാസ്സ് ലീഡര്‍’ പുറത്ത് ഇറങ്ങിയാലും നേരിടാന്‍ പോകുന്നത് ചോദ്യ ശരങ്ങള്‍ തന്നെ ആയിരിക്കും.
അതായത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പ് വരെ ജനം ചുമ്മാ കാഴ്ചക്കക്കാര്‍ ആയി ഇരിക്കുന്ന പഴയ കാലം ഒക്കെ പോയി എന്നര്‍ത്ഥം,’ പോസ്റ്റില്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നതിനിടെ, ഷാഫി പറമ്പില്‍ എം.പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ യു.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
കെ.സി. വേണുഗോപാലിന് വേണ്ടി ഷാഫി പറമ്പില്‍ വി.ഡി സതീശനെ ഒറ്റുകൊടുക്കുകയാണെന്ന വിമര്‍ശനമാണ് സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
ഷാഫിയുടെ നീക്കം യു.ഡി.എഫ് പ്രവര്‍ത്തകരേയും അനുഭാവികളേയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്. കെ.സിക്ക് വേണ്ടിയുള്ള ഷാഫിയുടെ പ്രചരണം തങ്ങള്‍ കാണുന്നില്ല എന്ന് വിചാരിക്കരുതെന്നും കെ.സിക്കായി ഷാഫി എം.എല്‍.എമാരെ വിളിക്കുന്നതുള്‍പ്പെടെ തങ്ങള്‍ അറിയുന്നുണ്ടെന്നും നിലപാടില്‍ വെള്ളം ചേര്‍ത്താല്‍ വലിച്ചു പുറത്തിടുമെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Content Highlight: Kozhikode ‘Beard Group’ Criticism against Shafi Parambil