ഉറപ്പാക്കും എല്‍.ഡി.എഫിന്റെ തുടര്‍മരണം
DISCOURSE
ഉറപ്പാക്കും എല്‍.ഡി.എഫിന്റെ തുടര്‍മരണം
ജെ. രഘു
Friday, 2nd April 2021, 5:50 pm

കേരള സംസ്ഥാന ഗവണ്‍മെന്റ് കക്ഷി ഭേദമന്യേ സ്ഥാപിച്ചുറപ്പിച്ചതാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു ആശുപത്രികളും പൊതുവിതരണ കേന്ദ്രങ്ങളും. ഒരു നൂറ്റാണ്ടുവരെയും കേരള ജനസംഖ്യയിലെ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും, ന്യൂനപക്ഷം മാത്രമായിരുന്ന സവര്‍ണ്ണ മനുഷ്യര്‍ക്ക് ലഭ്യമായിരുന്ന മനുഷ്യവകാശങ്ങളോ പൗരസ്വാതന്ത്ര്യങ്ങളോ ലഭ്യമായിരുന്നില്ലെന്ന് മാത്രമല്ല, അവയ്ക്ക് വേണ്ടിയുള്ള ശബ്ദങ്ങളെപ്പോലും അടിച്ചമര്‍ത്തിയിരുന്നു.

എന്നാല്‍ ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും അയ്യന്‍കാളിയും മറ്റും നേതൃത്വം നല്‍കിയ മര്‍ദ്ദിതരും നിന്ദിതരുമായ ജാതി മനുഷ്യരുടെ പലവിധ അവകാശ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് എല്ലാവര്‍ക്കും പഠിക്കാവുന്ന പൊതുവിദ്യാലയങ്ങളും എല്ലാവര്‍ക്കും സഞ്ചരിക്കാവുന്ന പൊതുനിരത്തുകളും എല്ലാവര്‍ക്കും ചികിത്സ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളും നിലവില്‍ വന്നത്.

ഇത് ഏതെങ്കിലും രാജാക്കന്‍മാരുടെയോ സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ പാര്‍ട്ടികളുടെയോ സൗജന്യമോ ഔദാര്യമോ ആയിരുന്നില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സമാഹരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ അര്‍ഹമായവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നത് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയും തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ധൃതിപിടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഔദ്യോഗിക സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് അവ സംഭരിക്കുകയും എന്നിട്ട് പാര്‍ട്ടി നല്‍കുന്ന സഹായം എന്ന് സാധാരണ മനുഷ്യരെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് കുറേ മാസങ്ങളായി ഭക്ഷ്യകിറ്റിന്റെയും പെന്‍ഷന്റെയും വിതരണം നടന്നുകൊണ്ടിരിക്കുന്നത്.

സ്വന്തം പാര്‍ട്ടിക്കുള്ളിലെ തന്നെ ദുര്‍ബലമെങ്കിലുമായ വിമത സ്വരങ്ങളെയും തിരുത്തല്‍ ശക്തികളെയും പൂര്‍ണ്ണമായും തുടച്ചുനീക്കിയ പിണറായി വിജയന്‍, ഒരു ഏകാധിപതിയിലേക്കുള്ള വളര്‍ച്ച പൂര്‍ത്തിയായിരിക്കുകയാണ്.

കൊവിഡ് കാലത്തെ ചികിത്സ, അതിനുമുമ്പത്തെ പ്രളയകാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഇപ്പോഴത്തെ വാക്സിനേഷന്‍, ജനങ്ങള്‍ സ്വയം മാസ്‌ക് ധരിക്കുകയും കൂട്ടം കൂടാതെയും നടത്തുന്ന സ്വയം നിയന്ത്രണങ്ങള്‍ എന്നിവയൊക്കെ കൊണ്ടാണ് ഒരു പരിധിവരെ കേരളത്തില്‍ കൊവിഡിന്റെ അതിവ്യാപനത്തെ തടയാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞത്. ഓഖിയേയും പ്രളയത്തേയും കൊവിഡിനേയും ജനങ്ങള്‍ക്ക് സ്വയം നേരിടാനാവാത്ത മഹാമാരിയായി അതിശയോക്തികള്‍കൊണ്ട് ചിത്രീകരിക്കുമ്പോള്‍, നാം സാധാരണ മനുഷ്യര്‍ ഭയക്കുന്നു.

നാം ഇത്രകാലത്തെ ജീവിതാനുഭവങ്ങള്‍ കൊണ്ടും വിദ്യാഭ്യാസം കൊണ്ടും നേടിയ അനുഭവസമ്പത്തിനോ, അറിവിനോ യാതൊരു പ്രസക്തിയുമില്ലാത്ത ഒരു ‘മഹാമാരി’യാണ് കൊവിഡ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന്‍, ജനങ്ങളുടെ അരക്ഷിതബോധത്തെ ചൂഷണം ചെയ്യുകയും ക്രമേണ സുരക്ഷിത താവളങ്ങളിലേക്ക് പിന്‍വാങ്ങുകയാണ് നല്ലത് എന്ന് ചിന്തിക്കാന്‍ തുടങ്ങുന്ന ജനക്കൂട്ടത്തിനു മുന്നിലേക്ക് മഹാമാരിയെ തളയ്ക്കാന്‍ കഴിയുന്ന ഒരു ‘മഹാമാന്ത്രിക’ന്റെ പര്യവേഷത്തോടെ പ്രത്യക്ഷപ്പെടുകയുമാണുണ്ടായത്.

സ്വന്തം ജീവന്‍ പണയംവെച്ച് കൊവിഡ് രോഗികളെ പരിചരിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, തുടങ്ങിയ പലതരത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍- അവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്- പിന്‍നിരയിലേക്ക് പിന്തള്ളപ്പെടുകയും പിണറായി വിജയന്‍ എന്ന മഹാമാന്ത്രികന്റെ ചെപ്പടിവിദ്യകളാണ് കൊവിഡിന്റെ മാരകമായ പ്രഹരത്തില്‍ നിന്ന് നമ്മെ രക്ഷിച്ചത് എന്ന ഒരു പ്രതീതി നിര്‍മ്മിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളുടെ സുരക്ഷിത കേന്ദ്രമാക്കിയ മുഖ്യമന്ത്രി തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട് പാദസേവകരും വിശ്വസ്തരുമായ കുറെ ആളുകളെക്കൊണ്ട് കള്ളപ്പണമായും കമ്മീഷനായും ശതകോടികള്‍ സമ്പാദിച്ചുകൂട്ടുകയായിരുന്നു. കേരളത്തിന്റെ ഖജനാവിലേക്ക് പോകേണ്ട ശതകോടികള്‍ ഉപയോഗിച്ചുകൊണ്ടാണ്, കേരളത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റ് പരസ്യകമ്പനികളെയും അച്ചടി-ദൃശ്യമാധ്യമങ്ങളെയുമെല്ലാം വിലയ്ക്കു വാങ്ങാന്‍ പിണറായിക്ക് കഴിഞ്ഞത്. അഖിലേന്ത്യ തലത്തില്‍ മോദി ചെയ്തുകൊണ്ടിരിക്കുത് അതേ തന്ത്രം.

വഴങ്ങുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുകയും വഴങ്ങാത്തവയെ റെയ്ഡ് നടത്തിയും കള്ളക്കേസില്‍ കുടുക്കിയും നിര്‍വീര്യമാക്കുന്നു. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റു കൂടി പങ്കാളിയായിട്ടുള്ള പലവിധ ഉടമ്പടികളുടെയും നയതന്ത്ര സമ്മര്‍ദ്ദങ്ങളുടെയും നിയന്ത്രണങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറിനില്‍ക്കാന്‍ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് മോദിയ്ക്ക് പോലും ചില പരിമിതികളുണ്ട്.

എന്നാല്‍, ഇത്തരം അന്താരാഷ്ട്ര കണ്‍വെഷനുകള്‍, നയതന്ത്ര മര്യാദകള്‍ തുടങ്ങിയവയുടെ സമ്മര്‍ദ്ദങ്ങളേതുമില്ലാത്ത ഒരു ചെറിയ ‘ നാട്ടുരാജ്യമാക്കി പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുന്നു. ഭരണഘടനയും നിയമവാഴ്ചയും ഉള്‍ക്കൊള്ളുന്ന ആശയങ്ങളോടും മൂല്യങ്ങളോടും പുല്ലുവില പോലും കല്‍പ്പിക്കാത്ത ഒരു നാട്ടുരാജാവിനെപ്പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നത്. ഭരണഘടനാപരമായി, ഇന്ത്യന്‍ യൂണിയന്റെ ഭാഗമായതും ഭരണഘടനയനുസരിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ടതുമായ ഒരു ഭൂപ്രദേശത്തെയാണ് നമ്മുടെ ഭരണഘടന ‘സംസ്ഥാനം’ എന്നു വിശേഷിപ്പിക്കുന്നത്. ഇങ്ങനെയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു ‘നാടുവാഴി’ അവരോധിക്കപ്പെട്ടാല്‍ നാടിനും സംസ്ഥാനത്തിനും എന്തായിരിക്കും സംഭവിക്കുക?

2016ല്‍ കേരളം എന്ന നാട്ടുരാജ്യത്തിന്റെ സിംഹാസനത്തില്‍ അവരോധിതനായ നാടുവാഴിയുടെ അനുഭവസമ്പത്ത് എന്നത് കണ്ണൂര്‍ ജില്ലയിലെ ചില കൊലപാതകങ്ങളും 51 വെട്ടുകളുമൊക്കെയായിരുന്നു. പക്ഷെ നാടുവാഴിയുടെ സ്വര്‍ണ്ണസിംഹാസനത്തിലേറുന്നതിന് മുമ്പ് ഒരു പത്തുപതിനാറു വര്‍ഷക്കാലം അദ്ദേഹത്തിന്റെ വിഹാരഭൂമി എ.കെ.ജി സെന്ററിലെ പാര്‍ട്ടി സെക്രട്ടറിയെന്ന ‘പാര്‍ട്ടി രാജ്യം’ ആയിരുന്നു. 16 വര്‍ഷത്തെ പാര്‍ട്ടി രാജഭരണക്കാലത്ത് പിണറായി വിമര്‍ശകരുടെ നാവരിഞ്ഞു. എഴുത്തുകാരുടെ പേനപിടിക്കുന്ന കൈവിരലുകള്‍ തല്ലിച്ചതച്ചു. വായിക്കുന്നവരുടെ ഗ്രന്ഥപ്പുരകള്‍ക്ക് തീവെച്ചു. പാര്‍ട്ടിപത്രങ്ങളിലും ചാനലിലും സ്വന്തം ആജ്ഞാനുവര്‍ത്തികളെ കൊണ്ട് നിറഞ്ഞു.

സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനങ്ങള്‍ എന്നത് ഫലത്തില്‍, പാര്‍ട്ടി സെക്രട്ടറിയെന്ന പാര്‍ട്ടി രാജാവിന്റെ കല്‍പ്പനകള്‍ മാത്രമായി മാറി. പാര്‍ട്ടി രാജാവ് എന്ന നിലയ്ക്കുള്ള സാമാന്യം ദീര്‍ഘമായ കാലത്തെ അടിതടയും പൂഴിക്കടകനുമൊക്കെ പരിശീലിച്ചതിന് ശേഷമാണ്, കേരളം എന്ന, നാട്ടുരാജ്യത്തിന്റെ ‘നാടുവാഴി’യിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. പാര്‍ട്ടി രാജാവായി ഭരിച്ചനാളുകളില്‍ സഹപ്രവര്‍ത്തകരെ മെരുക്കാന്‍ അല്ലറ ചില്ലറ വെരട്ടും, കണ്ണുരുട്ടും പാരവെപ്പും ഒക്കെ മതിയായിരുന്നു.

പക്ഷെ, പുതിയ നാട്ടുരാജ്യത്തിലെ നാടുവാഴിയായി ചെങ്കോലും കിരീടവും ഏന്തിയെങ്കിലും അദ്ദേഹത്തിന് നേരിടേണ്ടിവന്നത്, ജീവിതത്തില്‍ കേട്ടിട്ടുപോലുമില്ലാത്ത ഭരണഘടന, ജനപ്രാതിനിധ്യനിയമം, ഇലക്ഷന്‍ കമ്മീഷന്‍, പെരുമാറ്റച്ചട്ടം, സി.എ.ജി, ഇ.ഡി, കസ്റ്റംസ്, ഇന്‍കംടാക്സ്, സി.ബി.ഐ, ബജറ്റ്, കിഫ്ബി, എന്‍.ഐ.എ, കോടതി, പൊലീസ് തുടങ്ങിയ ബൂര്‍ഷ്വാസ്ഥാപനങ്ങളും ബൂര്‍ഷ്വാസംവിധാനങ്ങളുമാണ്. അതിനാല്‍, അവയൊക്കെ നോക്കിനടത്താന്‍ നാട്ടുരാജാവിന്റെ ഓഫീസില്‍ കുറേ വിശ്വസ്തരെ ഉപദേശക പദവിയില്‍ നിയമിച്ചു.

തെരഞ്ഞെടുക്കപ്പെട്ടുവന്ന മന്ത്രിമാരെ കൊണ്ട് വലിയ കാര്യമില്ലെന്ന്, കേരളമെന്ന നാട്ടുരാജ്യത്തിന്റെ നാട്ടുരാജാവ് സിംഹാസനത്തില്‍ ഉപവിഷ്ടനായ പിണറായി വിജയന് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി. ആഴ്ചയിലൊരിക്കല്‍ ക്യാബിനറ്റ് കൂടി ചായ കുടിച്ച് പിരിയാറുണ്ടായിരുന്നു. പക്ഷെ, നാട്ടുരാജ്യത്ത് നാട്ടുനടപ്പ് രീതി തീരുമാനിച്ചിരുന്നതും നടപ്പാക്കിയിരുന്നതും സ്ഥിരമായി നിയമിക്കപ്പെട്ട ഉപദേശകരും ഉപദേശകരെ ഉപദേശിക്കാന്‍ നിയമിച്ച ഉപദേശിമാരുമായിരുന്നു.

ഈ ഉപദേശിമാരെയും കൂട്ടി അതിവേഗത്തിലും അതീവരഹസ്യമായും നാട്ടുരാജ്യത്തിന്റെ സിരാകേന്ദ്രമായ ‘മുഖ്യമന്ത്രിയുടെ ഓഫീസി’നെ സ്വര്‍ണ്ണക്കടത്തിന്റെയും കള്ളനോട്ട് വെള്ളനോട്ടാകുന്നതിന്റെയും പലതരം കോര്‍പ്പറേറ്റ് ധാരണാപത്രകൈമാറ്റങ്ങളുടെയും ശതകോടികളുടെ കമ്മീഷന്‍ ഇടപാടുകളുടെയും ഒക്കെയായ, അധോലോകമായി മാറുകയും നാട്ടുരാജാവ് ക്രമേണ അധോലോക ചക്രവര്‍ത്തിപ്പട്ടം അണിയുകയും ചെയ്തു. ഈ അധോലോകത്ത് ഭരണകൂടം, നീതിന്യായസംവിധാനം, സി.എ.ജി, തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്നൊക്കെ കേള്‍ക്കുന്നതുപോലെ ജാമ്യമില്ലാ കുറ്റങ്ങളാണ്.

കോര്‍പ്പറേറ്റ് കൊള്ളകളിലൂടെയും കിഫ്ബിയുടെ അമിത ലാഭത്തില്‍ നിന്നു ലഭിക്കുന്ന കമ്മീഷനും എല്ലാം ചേര്‍ന്ന് പിണറായിയുടെ നാട്ടുരാജ്യം ഒരു വറുതിക്കാലത്തെ സ്വപ്നം കണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഓഖിയും പ്രളയവും കൊവിഡും ഉണ്ടായത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഭക്ഷ്യക്കിറ്റുകള്‍ റെഡി. പക്ഷെ, പുതിയ നാട്ടുരാജ്യത്തിനും നാട്ടുരാജാവിനും ഒരു പുതിയ സാമ്പത്തിക വിനിമയ സിദ്ധാന്തമുണ്ടായിരുന്നു. ഈ മാര്‍കിസ്റ്റു വിനിമയ സിദ്ധാന്തമാണ് ഇപ്പോള്‍ പുതിയ നാട്ടുരാജ്യത്തില്‍ പ്രയോഗിക്കുന്നത്.

1) ലൈഫ് മിഷനിലെ വീടിനുപകരം-വോട്ട്
2) ലോക്ഡൗണ്‍ കാലത്തേയും ഇപ്പോഴത്തേയും കിറ്റിന് പകരം- വോട്ട്
3) ശമ്പള പെന്‍ഷന്‍ വര്‍ധനവിന് പകരം- വോട്ട്

കൂടാതെ ജനങ്ങളുടെ നികുതിപ്പണമെടുത്ത് കുറേ റോഡുകളും പാലങ്ങളും സ്‌കൂള്‍ കെട്ടിടങ്ങളും കെട്ടിത്തരും. പക്ഷെ നന്ദികേട് കാണിക്കരുത്, വോട്ട് തരണം. പിന്നെ, ഈ സ്ഥാപനങ്ങളില്‍ തങ്ങളുടെ ഭാര്യമാരെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയുമൊക്കെ പിന്‍വാതിലിലൂടെ നിയമിക്കും. ജോലിക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ ഇല്ലെങ്കിലെന്താ, മുന്‍ എം.പിയുടെ ഭാര്യയെന്ന ‘യോഗ്യത’യ്ക്ക് മുന്നില്‍ നൂറു പി.എച്ച്.ഡിയ്ക്കു പോലും പിടിച്ചുനില്‍ക്കാനാകില്ല.

ശ്രീനാരായണ ഗുരു- അയ്യന്‍കാളി-സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരുടെ കാലം തൊട്ടാരംഭിച്ച മര്‍ദ്ദിത ജനതയുടെ സംഘടിത മുന്നേറ്റങ്ങളുടെ സൃഷ്ടിയാണ് ക്ഷേമസംസ്ഥാനം എന്ന നിലയിലേക്കുള്ള കേരളത്തിന്റെ ഉയര്‍ച്ച. 1956ല്‍ കേരളസംസ്ഥാനം നിലവില്‍ വന്നതിനു ശേഷം ഇവിടെ ആര് ഭരിച്ചാലും ഈ ക്ഷേമ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നയരൂപീകരണം നടത്തുകയും ലോകത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ക്ഷേമരാഷ്ട്രമായ കേരളത്തിന്റെ സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ മേഖലകളെ കാലോചിതമായി നവീകരിക്കുകയും ആഗോളനിലയുമായുള്ള വിടവുകള്‍ പരിഷ്‌കരിക്കുകയാണ് ചെയ്യുന്നത്.

ഒരു നൂറോ നൂറ്റമ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നവോത്ഥാന നേതാക്കള്‍ ഭാവന ചെയ്ത ക്ഷേമരാഷ്ട്രാധിഷ്ഠിത സംസ്ഥാനത്തെ നിരന്തരം നവീകരിക്കുകയും ലോകത്തുണ്ടാകുന്ന മാറ്റങ്ങളെ വലിയ ആഘാതങ്ങളില്ലാതെ സ്വാംശീകരിക്കാനും കഴിവുള്ള സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-ഇന്‍ഫ്രാസ്ട്രെക്ചര്‍ വികസിപ്പിക്കുന്നതില്‍ 2016 മുതല്‍ കേരളം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ചൈനയെപ്പോലെ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന കടത്തിന്റെ വലിയൊരു സോപ്പുകുമിളയായി കേരളത്തിന്റെ സമ്പദ്ഘടനയെ മാറ്റുകയും ചെയ്തു.

വോട്ട് അടുത്തതോടെ, ഈ മാര്‍ക്സിസ്റ്റ് നാടുവാഴികളുടെ ക്ഷേമകാര്യ-ജീവകാരൂണ്യ പ്രവര്‍ത്തനങ്ങള്‍ അണപ്പൊട്ടി ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു! പക്ഷെ, ഇവയൊക്കെ പിണറായി എന്ന പ്രജാവത്സലനായ നാടുവാഴിയുടെ ദാനങ്ങളാണെന്നു ജനങ്ങളെ വിശ്വസിപ്പിക്കുന്നു. വിഷുവിനും ഈസ്റ്ററിനും വീട്ടിലെ കാരണവര്‍ കൊടുക്കുന്ന കൈനീട്ടം പോലെയാണ്, പിണറായി നല്‍കുന്ന പെന്‍ഷനും കിറ്റും! വോട്ടര്‍മാരും ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം ഫ്യൂഡല്‍ കാലത്തെ രാജാവും പ്രജകളും തമ്മിലുള്ള അടിയായ്മ ബന്ധമായി ജീര്‍ണ്ണിച്ചിരിക്കുന്നു. രാജാവ് എത്രകൂടുതല്‍ പ്രജാക്ഷേമ വത്സലനാകുന്നുവോ, പ്രജകള്‍ അത്രത്തോളം രാജഭക്തരും വിനീത വിധേയരുമാകുന്നു. രാജദാസ്യത്തിന്റെയും ഭയഭക്തിയുടെയും ഉന്‍മാദത്തില്‍ പ്രജകള്‍ രാജാവിനെ പൊന്നു തമ്പുരാനെന്നും രക്ഷകനെന്നും വിളിക്കാനും പിതൃബിംബവും, മിഷിഹയായും, ഇടയനും നാവികനും ഒക്കെയായി പൂജിക്കാനും പഠിക്കുന്നു.

കൊവിഡ് കാലത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ഏതുസര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉത്തരവാദിത്തമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും ഇത് വളരെ സ്തുത്യര്‍ഹമായി നിര്‍വഹിച്ചിട്ടുണ്ട്. ആ സംസ്ഥാനങ്ങളില്‍ നടക്കാത്ത അദ്ഭുതങ്ങളൊന്നും ഇവിടെ ആരും ചെയ്തിട്ടില്ല. പക്ഷെ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ അവരുടെ ജോലികളില്‍ വ്യാപരിച്ചപ്പോള്‍ നമ്മുടെ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പുരസ്‌കാരങ്ങളും കീര്‍ത്തിപത്രങ്ങളും സ്തുതികാവ്യങ്ങളും തേടി നടക്കുകയായിരുന്നു.

രോഗപ്രതിരോധത്തിനുപയോഗിക്കേണ്ട ഒരുപാട് പണം ഇതൊക്കെ സംഘടിപ്പിച്ചുകൊടുക്കുന്ന ചില പി.ആര്‍ ഏജന്‍സികളും അടിച്ചുകൊണ്ടുപോയിക്കാണും. മറ്റുള്ള സംസ്ഥാന മുഖ്യമന്ത്രിമാരാരും തങ്ങളുടെ പ്രവര്‍ത്തനങ്ങളുപയോഗിച്ച് അരക്ഷിതകാലത്തും ശക്തനായ ഒരു രക്ഷക പരിവേഷ നിര്‍മ്മിതിയ്ക്ക് ശ്രമിച്ചില്ല. 2018ലെ പ്രളയകാലത്തെ പിണറായി വിജയന്‍ ഇതുപോലെ സ്വന്തം പ്രതിഛായാപോഷണത്തിനുള്ള ഉപകരണമാക്കുകയാണുണ്ടായത്!

കൊവിഡ് അദ്ദേഹത്തിന് കിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു. ഒരു ക്ലാര്‍ക്കിന് പറയാവുന്ന കണക്കുകള്‍ വൈകിട്ട് 6-7 മണി വരെ വലിച്ച് നീട്ടി പ്രേക്ഷകരില്‍ വലിയ നെഞ്ചിടിപ്പുണ്ടാക്കുന്ന വിധത്തില്‍ വിസ്തരിക്കുകയും ഒടുവില്‍ എല്ലാറ്റിനും രക്ഷയായി ഞാനുണ്ട്, എല്ലാവരും എന്നില്‍ അഭയം കണ്ടെത്തുവിന്‍ എന്ന് സാധാരണക്കാരായ പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യുന്ന വളരെ ആസൂത്രിതമായ ഒരു പ്രതിച്ഛായ നിര്‍മിതിയായിരുന്നു ആ ക്ഷേത്രസമ്മേളനങ്ങള്‍.

കിറ്റിന്റേയും പെന്‍ഷന്റേയും ശമ്പളവര്‍ധനവിന്റേയും പേരില്‍ വോട്ടുചോദിക്കുന്നവര്‍ രാജാക്കന്മാരായി സ്വയം അവരോധിക്കുകയും വോട്ട് ചെയ്യുന്നവര്‍ ആത്മാഭിമാനമില്ലാത്ത പ്രജകളായി ചുരുങ്ങുകയുമാണ് ചെയ്യുന്നത്. കേരളത്തിലെ മുഖ്യമന്ത്രി സ്വയം മാര്‍ക്കറ്റ് ചെയ്യുന്നത് ‘ധിഷണാശാലി’, ‘ചിന്തകന്‍’, ‘എഴുത്തുകാരന്‍’, ‘നയതന്ത്രജ്ഞന്‍’, ‘ഭരണനിര്‍വഹണവിദഗ്ധന്‍’,’ഭാവനാസമ്പന്നന്‍’, എന്നൊന്നും പറഞ്ഞല്ല മറിച്ച്, ഊരിപ്പിടിച്ചവടിവാളുകള്‍ക്കും കത്തികള്‍ക്കും നടുവിലൂടെ നടന്നിട്ടുള്ള ആള്‍ എന്ന് പറഞ്ഞാണ് അദ്ദേഹം സ്വന്തം യോഗ്യത വ്യക്തമാക്കിയിട്ടുള്ളത്.

ഇതൊക്കെ നമ്മുടെ നാട്ടിലെ മിക്ക കവലച്ചട്ടമ്പിമാര്‍ക്കുമുള്ള ലക്ഷണങ്ങളാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഇ.എം.എസിനേയും സി. അച്യുതമേനോനേയും കേരള സമൂഹം വിലയിരുത്തുന്നത് എന്തിന്റെ പേരിലാണ്? അവരില്‍ നിന്നെല്ലാം പിണറായി വിജയനെ വ്യത്യസ്തനാക്കുന്നത് എന്താണ്? തന്റെ മുന്‍ഗാമികള്‍ സ്വന്തം വിദ്യാഭ്യാസത്തേയും അറിവിനേയും നിസ്വാര്‍ത്ഥതയേയും ത്യാഗസന്നദ്ധതയേയുമാണ് ആയുധമാക്കിയതെങ്കില്‍ അത്തരം ആധുനിക ജനാധിപത്യ കൈമുതലുകളെയെല്ലാം പിണറായി വിജയന്‍ അറബിക്കടലിലെറിഞ്ഞു.

‘ഊരിപിടിച്ച വടിവാളുകള്‍ക്ക് നടുവിലൂടെ നടക്കുന്ന കവലച്ചട്ടമ്പി ‘സംസ്‌കാര’ത്തെ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയുടെ അടയാള മുദ്രാവാക്യമാക്കി. പാര്‍ട്ടി കമ്മിറ്റികളിലും മന്ത്രിസഭയിലും എതിര്‍പ്പിന്റെ ഞരക്കങ്ങള്‍പോലും ഉയരാത്ത വിധം സഹപ്രവര്‍ത്തകരേയും സഹമന്ത്രിമാരേയും വിജയന്‍ അസാമാന്യപാടവത്തോടെ മെരുക്കി. സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകക്ഷി നേതാക്കന്മാരുപോലും യജമാനനായ വിജയനെ കാണുമ്പോള്‍ അനുസരണയോടെ വാലാട്ടുന്നവരായി ‘വളര്‍ന്നു.’

പിണറായി വിജയന്റെ അടുത്തലക്ഷ്യം കേരളമെന്ന സാക്ഷര-പ്രബുദ്ധ സംസ്ഥാനത്തെ തന്റെ സ്വന്തം കൈപ്പിടിയിലൊതുങ്ങുന്ന ഒരു ‘പാര്‍ട്ടി സംസ്ഥാനമാക്കി’ മാറ്റുകയെന്നതാണ്. തുടര്‍ഭരണം കിട്ടുകയും കേരളം ഒരു പാര്‍ട്ടി സംസ്ഥാനമായി മാറുകയും ചെയ്താല്‍ വാദിയും പ്രതിയും പൊലീസും കോടതിയും വിചാരണയും ആരാച്ചാരും ചികിത്സകനും അധ്യാപകനും മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടിയും സെക്രട്ടറിയുമെല്ലാം ഒരൊറ്റയാള്‍ മാത്രമായിരിക്കും, പിണറായി വിജയന്‍ എന്ന സ്വേച്ഛാധിപതി!

നമ്മുടെ ഭാവിതലമുറകളെ, ടി.പി ചന്ദ്രശേഖരന്റെ ചോരക്കറകള്‍ ഉണങ്ങിയിട്ടില്ലാത്ത ഈ സ്വേച്ഛാധിപതിയുടെ ദുര്‍ഭരണത്തിന്റെ മഹാന്ധകാരത്തിലേക്ക് തള്ളിവിടണോ? അതോ ഇരുട്ട് കയറിക്കൊണ്ടിരിക്കുന്ന തുറന്ന സ്ഥലങ്ങളേയും തുറന്ന ആകാശത്തേയും അനീതികള്‍ക്കെതിരെ വിരല്‍ചൂണ്ടിയാല്‍ ആ വിരല്‍ മുറിച്ചെടുക്കാത്ത സ്വാതന്ത്ര്യത്തേയും സംരക്ഷിക്കണോ? നമ്മുടെ ഭാവിതലമുറകളോട് അല്പമെങ്കിലും കരുണയും പ്രതിബദ്ധതയുമുള്ള മുഴുവന്‍ മലയാളികളും ഏകസ്വരത്തില്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറ് ഗര്‍ജിക്കേണ്ടിയിരിക്കുന്നു ‘എല്‍.ഡി.എഫിന് തുടര്‍ഭരണമല്ല, തുടര്‍മരണം ഉറപ്പാണ്’ എന്ന്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Criticism against Pinarayi Vijayan written by J Raghu

 

ജെ. രഘു
എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍