കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന്റെ പേരില്‍ ‘നന്ദഗോവിന്ദം ഭജന്‍സി’നെതിരെ വിമര്‍ശനം.
കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഘം ക്രിസ്തീയ ഗാനം ആലപിച്ചത്. ഇതിനെതിരെ ഹൃദയവിദ്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി രംഗത്തെത്തിയതോടെയാണ് വിഷയം വലിയ ചര്‍ച്ചയായി മാറിയത്.
ക്ഷേത്രവേദികളെ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കാന്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഫെയ്സ്ബുക്കില്‍ എഴുതി.
നന്ദഗോവിന്ദം ഭജന്‍സിനെ ‘നന്ദകുന്തിരിക്കം ഭജന്‍സ്’ എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ‘ഹാലേലൂയ്യ’ പാടുന്നത് വലിയ തെറ്റാണെന്നും ‘ക്ഷേത്രവേദികള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടാന്‍ ഉപയോഗിക്കരുത്’ എന്നും ഇദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ കെ.ജെ. യേശുദാസ് ആലപിച്ച ‘ഈ പരദേവനഹോ’ എന്ന ഹിറ്റ് ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്.
‘ക്ഷേത്രവും സമീപത്തെ ക്രിസ്തീയ പള്ളിയും തമ്മിലുള്ള ദൃഢമായ ബന്ധം എടുത്തുപറഞ്ഞ ശേഷമാണ് നന്ദഗോവിന്ദം ഭജന്‍സ് അംഗങ്ങള്‍ ഗാനം ആരംഭിച്ചത്.
ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയില്‍ വിളക്ക് തെളിയിക്കാറുണ്ടെന്നും, ഉത്സവത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പള്ളി സൗകര്യം ഒരുക്കാറുണ്ടെന്നും സംഘം വേദിയില്‍ ഓര്‍മ്മിപ്പിച്ചു. ഈ മതസൗഹാര്‍ദത്തിന്റെ പ്രതീകമായാണ് പള്ളിയോട് ചേര്‍ന്നുള്ള വേദിയില്‍ തങ്ങള്‍ ഈ ഗാനം ആലപിക്കുന്നതെന്ന് ഭജനസംഘം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും, നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി വലിയൊരു വിഭാഗംരംഗത്തെത്തിയിട്ടുണ്ട്.
മതസൗഹാര്‍ദത്തിന്റെ ഉദാത്തമായ മാതൃകയാണ് നന്ദഗോവിന്ദം ഭജന്‍സിന്റേതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഭക്തിക്ക് അതിര്‍വരമ്പുകളില്ലെന്നും, കലയിലൂടെ മനുഷ്യരെ ഒന്നിപ്പിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2000-ല്‍ കോട്ടയം നട്ടാശേരി വേമ്പിന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒരു ചെറിയ ഭജന സംഘമായാണ് നന്ദഗോവിന്ദം ഭജന്‍സിന്റെ തുടക്കം. കാഴ്ചശക്തി നഷ്ടപ്പെട്ട ഇളങ്ങൂര്‍ രാജേന്ദ്രപ്പണിക്കര്‍ക്ക് ആശ്വാസമേകാനായി രൂപംകൊണ്ട ഈ സംഘം, പിന്നീട് കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികള്‍ കീഴടക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ വിദേശ മലയാളി പ്രൊഫഷണലുകള്‍ വരെ ഈ സംഘത്തിന്റെ ഭാഗമാണ്.
സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച വമ്പിച്ച സ്വീകാര്യതയാണ് ഇവരെ ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കുള്ള ഭജനസംഘങ്ങളില്‍ ഒന്നായി മാറ്റിയത്.
Content Highlight: Criticism Against Nandagovindam Bhajans for Singing Christian Devotional Songs in Temple