ആ ത്രില്ലങ് പോയി, എന്തിന് ബി.ടി.എസ് വീഡിയോ പുറത്ത് വിട്ടു; മലയന്‍കുഞ്ഞിനെതിരെ വിമര്‍ശനം
Film News
ആ ത്രില്ലങ് പോയി, എന്തിന് ബി.ടി.എസ് വീഡിയോ പുറത്ത് വിട്ടു; മലയന്‍കുഞ്ഞിനെതിരെ വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th July 2022, 9:32 pm

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞ്. പല ഘടകങ്ങളാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിച്ചത്. ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഫഹദിന്റെ മലയാളം ചിത്രം, എ.ആര്‍. റഹ്മാന്റെ മ്യൂസിക്, സര്‍വൈവല്‍ ത്രില്ലര്‍ എന്നീ നിലകളിലെല്ലാം ചിത്രം ശ്രദ്ധിക്കപ്പെട്ടു.

റിലീസ് ദിവസത്തില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഫഹദിന്റെ പ്രകടനമാണ് പ്രേക്ഷകരെല്ലാം എടുത്ത് പറഞ്ഞത്. മണ്ണിനടിയില്‍ പെട്ട് പോകുമ്പോഴുള്ള ഭീകരത എല്ലാം അദ്ദേഹം ഗംഭീരമായി തന്നെ പ്രതിഫലിപ്പിച്ചെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചിത്രത്തിന്റെ ഇമോഷനുമായി കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ലന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടു. റിലീസിന് മുമ്പേ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്ത് വിട്ടതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.

മണ്ണിടിച്ചിലിനായി ഉപയോഗിച്ച സെറ്റിലെ വീഡിയോ ആണ് പുറത്ത് വിട്ടിരുന്നത്. കൃത്രിമമായി നിര്‍മിച്ച കല്ലും പാറയും വാഹനങ്ങളും മൃഗങ്ങളും ഒപ്പം ഫഹദ് ഇതിനിടക്ക് അഭിനയിക്കുന്നതിന്റെയും വീഡിയോ ആണ് പുറത്ത് വന്നത്. ബി.ടി.എസ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിന് വന്‍ ഹൈപ്പാണ് ലഭിച്ചത്.

എന്നാല്‍ ബി.ടി.എസ് വീഡിയോ തിയേറ്ററിലെ കാഴ്ചയുടെ തീവ്രത കുറച്ചു എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വലിയ കല്ലുകളും, വാഹനങ്ങളും, മൃഗങ്ങളേയും കാണുമ്പോള്‍ ഇതെല്ലാം കൃത്രിമമാണല്ലോ എന്ന ചിന്തയാണ് വന്നതെന്നും ഫഹദിന്റെ അവസ്ഥയെ പറ്റി ഭയമോ ദുഖമോ വരുന്നതില്‍ ഇത് തടസമായെന്നും പലരും പറയുന്നു.

പ്രൊമോഷന്റെ ഭാഗമായി നല്‍കിയ പല അഭിമുഖങ്ങളിലും ഫഹദ് കഥയുടെ 70 ശതമാനവും വെളിപ്പെടുത്തിയതും രംഗങ്ങളെ പ്രഡിക്റ്റബിളാക്കിയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

അതേസമയം ചിത്രം നന്നായി കണക്റ്റായെന്നും ഹൃദയത്തില്‍ തട്ടിയെന്നും അഭിപ്രായപ്പെടുന്ന പ്രേക്ഷകരുമുണ്ട്. ആദ്യദിവസത്തെ മികച്ച പ്രതികരണത്തിന് ശേഷം മലയന്‍കുഞ്ഞിനെ പറ്റിയുള്ള സജീവ ചര്‍ച്ചയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

Content Highlight: criticism against malayankunju for releasing the bts video before release