ഭാവിയില്‍ മനോരമ സ്വന്തം ചാനലിനെ തള്ളിപ്പറയും; ചാനല്‍ നടത്തി 19 വര്‍ഷം പിന്നിട്ടപ്പോഴാണ് സത്യമറിയാന്‍ രാവിലെ വരെ കാത്തിരിക്കണമെന്ന് മുതലാളിക്ക് തോന്നിയത്; വിമര്‍ശനം
കോഴിക്കോട്: മലയാള മനോരമ ദിനപത്രത്തിന്റെ പരസ്യത്തിനെതിരെ വ്യാപക വിമര്‍ശനം. ഇന്നത്തെ (19.05.25) മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജില്‍ നല്‍കിയ സ്വന്തം പരസ്യത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
പത്രങ്ങള്‍ മാത്രമാണ് വിശ്വാസ യോഗ്യമെന്നും ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ടെലിവിഷന്‍ ചാനലുകളുമൊന്നും വിശ്വാസ്യ യോഗ്യമല്ലെന്നുമുള്ള തരത്തിലാണ് പരസ്യം കൊടുത്തിരിക്കുന്നത്.
‘മുന്നില്‍ വന്നു മിന്നുന്നത് ഊഹാപോഹങ്ങളാവാം, കേട്ടുകേള്‍വികളാകാം.
എന്തായാലും സംഗതി ക്ലിക്കായാല്‍ മതി എന്നാണ് നിലപാട്.
പത്രത്തിനുള്ള ക്ലിക്ക് വേറെയാണ്. ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ സത്യത്തിനു നേരെ തുരുതുരെ ക്ലിക്ക് ചെയ്യും. ഞങ്ങളുടെ റിപ്പോട്ടര്‍മാര്‍ സംഭവസ്ഥലത്ത് നേരിട്ടെത്തും. കിട്ടുന്ന വിവരങ്ങള്‍ വാര്‍ത്തമേശയില്‍ സൂക്ഷ്മമായി വിശകലനം ചെയ്യും, വിലയിരുത്തും. ധാര്‍മികതയുടെ ഉരകല്ലിലും അത് പരിശോധിക്കപ്പെടും.
ഡിലീറ്റ് ബട്ടണ്‍ ഞെക്കിയാല്‍ മാറുന്നതല്ല അച്ചടിയുടെ മഷിക്കൂട്ട്. അന്വേഷണങ്ങളും പരിശോധനകളും പഠനങ്ങളും നടത്തി ഒരു നീണ്ട ദിവസത്തിന്റെ പ്രയത്‌നമാണ് രാവിലെ വന്നു മുട്ടി വിളിക്കുന്നത്. ഉണരൂ സത്യമറിയൂ. മലയാള മനോരമ. സത്യം രാവിലെ അറിയാം.’ ഇതാണ് മനോരമയുടെ പരസ്യം.
ഇത്തരമൊരു പരസ്യത്തിലൂടെ മനോരമയുടെ തന്നെ ഉടമസ്ഥതയിലുള്ള വെബ്‌പോര്‍ട്ടലും ടെലിവിഷന്‍ ചാനലുമൊന്നും വിശ്വാസിക്കാന്‍ കഴിയില്ലെന്നാണോ മനോരമ ഉദ്ദേശിക്കുന്നതെന്നിങ്ങനെയാണ് വിമര്‍ശനമുയരുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം.പി ബഷീര്‍ അടക്കമുള്ളവര്‍ മനോരമയുടെ പരസ്യത്തിനെതിരെ വിമര്‍ശനമുന്നയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. അടുത്ത് തന്നെ മനോരമ കുടുംബം മനോരമ ന്യൂസ് ചാനലിനെ തള്ളിപ്പറയുമെന്നും അതല്ലാതെ മറ്റെന്താണ് ഈ പരസ്യം കൊണ്ട് മനോരമ കമ്പനി അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നത്.
2003ല്‍ ഇന്ത്യാവിഷന്‍ വന്നപ്പോള്‍ മനോരമക്ക് പുച്ഛമായിരുന്നുവെന്നും പുച്ഛം മാറി പരിഭ്രാന്തി പടരാന്‍ ഒരു വര്‍ഷമേ വേണ്ടിവന്നുള്ളൂവെന്നും എം.പി ബഷീര്‍ പറയുന്നു. മനോരമ പത്രമാണ് കേരളത്തിന്റെ ഒരേയൊരു ചാനലെന്ന് ദേശീയ മാധ്യമങ്ങളില്‍ വന്‍ പരസ്യങ്ങള്‍ ചെയ്തു നോക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് ഇന്ത്യാവിഷന്‍ തൂക്കിയപ്പോള്‍ ധൃതിപ്പെട്ട് മനോരമ ചാനല്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
2006ന്റെ രണ്ടാം പകുതിയില്‍ ചാനല്‍ വരുമ്പോള്‍, ടുട്ടൂസ് ടവറിലെ ദാരിദ്ര്യം വിട്ടു പകുതി പേര്‍ അരൂരിലെത്തിയെന്നും പ്രമോദ് രാമന്‍, ഷിബു ജോസഫ്, രാജീവ് ദേവരാജ്, ഷാനി പ്രഭാകര്‍, ജയമോഹന്‍, അങ്ങനെ ചാനല്‍ നടത്തി പരിചയമുള്ള പ്രൊഫഷണലുകളെയെല്ലാം വലവീശി പിടിച്ചെങ്കിലും, നടത്തിപ്പിന്റെ നേതൃത്വം ഏല്‍പിച്ചത് സ്വന്തം തോട്ടക്കാരെയാണെന്നും അതാണ് അച്ചായന്റെ ഒരു രീതിയെന്നും എം.പി ബഷീര്‍ വിമര്‍ശിച്ചു.
തോട്ടക്കാരും തൊമ്മിമാരും ചേര്‍ന്ന് രണ്ടു പതിറ്റാണ്ട് ഒരു ചാനല്‍ നടത്തിയെന്നും ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവര്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ നടത്തി 19 വര്‍ഷം പിന്നിടുമ്പോഴാണ് സത്യമറിയാന്‍ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കണമെന്ന് മുതലാളിക്ക് തോന്നുന്നതെന്നും എം.പി ബഷീര്‍ പറഞ്ഞു.
എം.പി ബഷീറിന്റെ പോസ്റ്റിന് മാധ്യമപ്രവര്‍ത്തകനും മനോരമ ന്യൂസിന്റെ മുന്‍ റിപ്പോര്‍ട്ടറും നിലവില്‍ എഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടറുമായ കെ.സി ബിപിന്‍ ലൈക്ക് ചെയ്യുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എം.പി ബഷീറിന്റെ പോസ്റ്റിലെ ചില കാര്യങ്ങളില്‍ യോജിപ്പില്ലെങ്കിലും അവസാന പാരഗ്രാഫിനാണ് ലൈക്കെന്നുമാണ് അദ്ദേഹം പറയുന്നത്.
Content Highlight: Criticism against malayala manorama daily advertisement