Administrator
Administrator
എങ്കില്‍ രാജാവ് മടങ്ങിവരട്ടെ!
Administrator
Monday 22nd August 2011 6:52pm

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സംബന്ധിച്ച വാര്‍ത്തകള്‍ വന്നതുമുതല്‍ വ്യാജ ഭക്തന്മാര്‍ നാടിനെ വിറപ്പിക്കുകയാണ്. നിധിയില്‍ തൊട്ടാല്‍ തട്ടും എന്ന മട്ടില്‍, ന്യായം പറയുന്നവരെ ആക്രമിക്കുകയാണവര്‍. (യഥാര്‍ഥ ഭക്തന്മാരായിരുന്നെങ്കില്‍, പത്മനാഭ സന്നിധിയില്‍നിന്ന് കിട്ടിയേക്കാവുന്ന ശാന്തിയില്‍ മാത്രമായിരിക്കും താല്‍പര്യം).

തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ലളിത സാത്വിക ജീവിതത്തെക്കുറിച്ച് ഉപന്യസിച്ച് വിങ്ങിപ്പൊട്ടുകയാണവര്‍. എങ്കില്‍ ഒരു ചോദ്യമുണ്ട്: ഇങ്ങനെ ഒറ്റമുണ്ടും കഞ്ഞിയും ചമ്മന്തിയുമായി ഉപജീവനം കഴിച്ചവരായിരുന്നെങ്കില്‍, എന്തിനാണ് നമ്മുടെ മുന്‍തലമുറ ആ രാജവാഴ്ച അവസാനിപ്പിക്കാന്‍ ജീവന്‍ കൊടുത്തും പൊരുതിയത്?

ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ വാഴ്ചയുടെ രജത ജൂബിലിക്കുശേഷം അദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച്, സര്‍ക്കാറിനുവേണ്ടി ഉന്നത ഉദ്യോഗസ്ഥനായ ഉള്ളൂര്‍ തയാറാക്കിയ ചരിത്ര ഗ്രന്ഥത്തില്‍ (PROGRESS OF TRAVANCORE UNDER H.H. SREEMOOLAM TIRUNAL, Dept. of Cultural Publications, Govt. of Kerala, 1998, pp. 204-5) ഒരു പട്ടികയുണ്ട്: ഏതാനും അംഗങ്ങളുള്ള രാജകുടുംബത്തിനുവേണ്ടി ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് 1091ല്‍ ചെലവഴിച്ചത് 8,12,564 രൂപയാണ്! അക്കൊല്ലം തിരുവിതാംകൂറിലെ 40 ലക്ഷത്തില്‍ താഴെയുള്ള പൗരജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ചെലവഴിച്ചത് 1,08,97,424 രൂപയാണ്. (അന്ന് ഒരു സ്‌കൂള്‍ അധ്യാപകന്റെ മാസശമ്പളം ഏഴുരൂപ മാത്രമായിരുന്നു).

Ads By Google

ഇതേ മഹാരാജാവിന്റെ മകളുടെ താലികെട്ട് കല്യാണത്തിന് ഒരു ലക്ഷം രൂപ ധൂര്‍ത്തടിച്ചതിനെയാണ് കെ. രാമകൃഷ്ണപിള്ള തന്റെ ‘സ്വദേശാഭിമാനി’ പത്രത്തില്‍ (18.4.1910) ചോദ്യംചെയ്തത്. ധൂര്‍ത്തിന്റെയും ജനദ്രോഹത്തിന്റെയും പര്യായംകൂടിയായിരുന്ന തിരുവിതാംകൂര്‍ രാജഭരണത്തെ മറ്റുപത്രങ്ങളും അതതു കാലത്ത് തുറന്നുകാട്ടിയിട്ടുണ്ട്.

സര്‍ക്കാറിനുവേണ്ടി ദിവാന്‍ പെയ്ഷ്‌കാര്‍ പി. ശങ്കുണ്ണി മേനോന്‍ 1878ല്‍ തയാറാക്കിയ ഗ്രന്ഥത്തില്‍ (തിരുവിതാംകൂര്‍ ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, 1988, പേ. 3634) സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ധൂര്‍ത്ത് കണ്ട് നാം ഞെട്ടും: ‘ഒരവസരത്തില്‍ ശ്രീപത്മനാഭ സ്വാമി പ്രതിഷ്ഠയുടെ മുമ്പില്‍ സമര്‍പ്പിച്ചത് ഒരുലക്ഷം സൂറത്ത് രൂപയായിരുന്നു… ഇക്കാലത്ത് പണം മണ്ണുപോലെയേ മഹാരാജാവ് കരുതിയുള്ളൂ. കൊട്ടാരത്തിലെ ചെലവ് ഏറെ ധൂര്‍ത്തോടുകൂടിയാണ് നടത്തിയിരുന്നത്.

സില്‍ക്ക്, വെല്‍വെറ്റ്, വീരാളിപ്പട്ട് തുടങ്ങിയ തുണിയിനങ്ങള്‍ക്കുവേണ്ടി മാത്രം മൂന്നുലക്ഷത്തില്‍പ്പരം രൂപ ഓരോ വര്‍ഷവും ചെലവഴിച്ചിരുന്നു. വിലപ്പെട്ട ആഭരണങ്ങള്‍ വില്‍പനക്കെത്തിയാല്‍ അവ വാങ്ങി ശ്രീപത്മനാഭന് കാണിക്ക വെക്കുക സാധാരണയായിരുന്നു’.

ബ്രാഹ്മണ പ്രീതിക്കായി നടത്തിയിരുന്ന മുറജപം, ഹിരണ്യഗര്‍ഭം തുടങ്ങിയ ഭീകര ധൂര്‍ത്താഘോഷങ്ങള്‍ക്കുള്ള പണം, നികുതിയിനത്തിലും മറ്റും പൗരജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കിയതാണ്. ഊട്ടുപുര, ദക്ഷിണ, ദാനം തുടങ്ങിയ മറ്റു ജാത്യധിഷ്ഠിത ധൂര്‍ത്തുകളുടെ കണക്ക് വേറെ കിടക്കുന്നു.

വാഴ്ച കഴിഞ്ഞു രണ്ട് ദശകമായപ്പോള്‍ സായിപ്പിന്റെ ‘ആസ്പിന്‍വാള്‍’ കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി രാജകുടുംബം (Cochin Chronicle newsletter, Cochin Chamber of Commerce and Industry, Oct-Nov. 2008, pp2-3). ഇടപ്പള്ളി ആസ്ഥാനമായ കമ്പനിയുടെ ചെയര്‍മാന്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ്. ഷിപ്പിങ്, കയര്‍, റബര്‍, കാപ്പി, ടൂറിസം തുടങ്ങിയ രംഗങ്ങളിലാണ് ഈ കമ്പനി വഴി പത്മനാഭ ദാസന്മാര്‍ വ്യാപരിക്കുന്നത്.

പണ്ഡിതമ്മന്യന്മാര്‍ ഉള്‍പ്പെടെയുള്ള രാജസ്തുതിഗായകരുടെ ഭീഷണിക്കു വഴങ്ങി നമ്മുടെ ജനകീയ സര്‍ക്കാര്‍ രാജവാഴ്ച പുനഃസ്ഥാപിച്ചുകളയുമോ! നടുങ്ങിപ്പോകുന്നു അതോര്‍ക്കുമ്പോള്‍.


ലേഖകന്‍ എഴുത്തുകാരനും ഗവേഷകനുമാണ്.

ലേഖകന്റെ മെയില്‍ ഐ.ഡി: crdaas@gmail.com,


Advertisement