Administrator
Administrator
തകര്‍ന്നത് നക്‌സലുകളല്ല; കരുണാകരനാണ്
Administrator
Thursday 29th December 2011 9:12am

എസ്സേയ്‌സ്  / ആര്‍.കെ.ബിജുരാജ്

ചരിത്രം പലപ്പോഴും ജനമര്‍ദ്ദകര്‍ക്ക് ചില സൗഭാഗ്യങ്ങള്‍ വച്ചുനീട്ടും. മരണത്തോടെ ജനനായകരായി വാഴ്ത്തപ്പെടും. അവര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചര്‍മത്തലുകളും മറവിയിലേക്ക് അമരും. അവര്‍ക്കായി നാടുനീളെ സ്മാരകങ്ങള്‍ ഉയരും. കെ.കരുണാകരന് ലഭിച്ചത് അത്തരമൊരു സൗജന്യമാണ്. മരണത്തോടെ വാഴ്ത്തപ്പെട്ടവനായി. ഇപ്പോള്‍, മരിച്ചയാളുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ വീണ്ടും കരുണാകര സ്തുതികളുടെ ആര്‍ഭാടം. നാടു നിറയുന്ന ഈ വാഴ്ത്തലുകള്‍ ഗുരുതരമായ രീതിയില്‍ നമ്മുടെ ചരിത്രത്തെയും യാഥാര്‍ത്ഥ്യങ്ങളെയും ആക്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരുവട്ടംകൂടി കെ. കരുണാകരനെ പുനര്‍വായിക്കാം.

Ads By Google

മുമ്പ്, കരുണാകരന്‍ മരിച്ച ഉടനെ സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്യൂണിറ്റിയായ ഫേസ് ബുക്കില്‍ എഴുത്തുകാരന്‍ സി.ആര്‍. പരമേശ്വരന്‍ ഒരു വരി കുറിച്ചിരുന്നു: ”മരണമുണ്ടാക്കുന്ന ഒരു തരം പൊതുബോധം സമീപകാല ചരിത്രത്തെക്കൂടി സൗജന്യപൂര്‍വം തെറ്റി വായിക്കാന്‍ ഇടവരുത്തും”. അത്തരം സൗജന്യം കരുണാകരന്‍ അര്‍ഹിക്കുന്നില്ല. കരുണാകരന്‍ എന്ന വ്യക്തി/മുന്‍മുഖ്യമന്ത്രി/ രാഷ്ട്രീയക്കാരന്‍ പലതരത്തിലും നിഷേധാത്മക ഗുരുനാഥനാണ് (നെഗറ്റീവ് ടീ്ച്ചര്‍).

കരുണാകരന്റെ മരണവേളയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത് നക്‌സലൈറ്റുകളാണ്. കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തെ അടിച്ചര്‍മത്തിയത് കരുണാകരനാണെന്നും അങ്ങനെ കേരളത്തെ ഒരു ആന്ധ്രയോ ഛത്തീസ്ഗഢോ ആക്കാതെ രക്ഷിച്ചുവെന്നുമാണ് മാധ്യമങ്ങളും കരുണാകരനെ സ്തുതിച്ചവരും ആവര്‍ത്തിച്ചത്. ഒന്നാം ചരമവാര്‍ഷികവേളയിലും അതേ ആവര്‍ത്തനം. കരുണാകരനാണോ നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയത്? അല്ലെങ്കില്‍ നക്‌സലൈറ്റുകള്‍ എങ്ങനെയാണ് ഇല്ലാതായത്? കരുണാകരനും നക്‌സലൈറ്റുകളെയും എങ്ങനെയാണ് ചരിത്രം പരിഗണിക്കേണ്ടത്? നമുക്കാദ്യം കരുണാകരനില്‍ നിന്ന് തുടങ്ങാം.

കരുണാകരന്റെ സംഭാവനകള്‍

പ്രതിയോഗികളെ ശാരീരികമായി കടന്നാക്രമിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കരുണാകരന്‍ കടന്നുവരുന്നത്. കമ്യൂണിസ്റ്റ് യോഗങ്ങള്‍ കലക്കിക്കൊണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചുംകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശം. പിന്നീട് തൃശൂരില്‍ സീതറാം മില്ലിലുള്‍പ്പെടെ തൊഴിലാളികളെ വഞ്ചിച്ച് കരിങ്കാലിപ്പണിയും മുതലാളി പാദസേവയും.

കെ.പി.മാധവന്‍നായരും, സി.കെ. ഗോവിന്ദന്‍നായരും പനമ്പള്ളിയും ആര്‍.ശങ്കറും നിറഞ്ഞുനിന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവര്‍ക്കിടയിലെ ഗ്രൂപ്പുകളിയില്‍ ഇടപെട്ട് തരാതരംപോലെ കളിച്ചുവളര്‍ന്നു. വൈകാതെ അധികാരത്തിലേക്കും.

കരുണാകരന്‍ കേരളത്തിന്റെ ‘ഹൈ എന്‍ഡ്’ മോഹങ്ങളെ (സ്‌റ്റേഡിയം, വിമാനത്താവളം പോലുള്ളത്) ഉണര്‍ത്തുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ, അദ്ദേഹം കേരളത്തിനു നല്‍കിയ ‘സംഭാവനകള്‍’ ഒന്നുമില്ലെന്ന് തന്നെ പറയേണ്ടിവരും. അഥവാ ഉണ്ടെങ്കില്‍ അത് ഇതാണ്:

O കോണ്‍ഗ്രസിലുടെ ഗ്രൂപ്പുകളിയെയും ഉപജാപക പ്രവര്‍ത്തനത്തെയും രാഷ്ട്രീയകലയാക്കി മാറ്റി.

O അഴിമതിയെ കേരള രാഷട്രീയത്തില്‍ വ്യവസ്ഥാപിതമാക്കി (തട്ടില്‍ എസ്‌റ്റേ്, പാമൊയില്‍ ഇടപാടുകള്‍). ഒപ്പം അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ സംരക്ഷിച്ചൂ.

O തന്റെ ആശ്രിതരായ പോലീസ് ഗൂഢ/നരഭോജി സംഘത്തിലൂടെ കേരളത്തെ പോലീസ് രാജാക്കിമാറ്റി. പോലീസിനെ ആദ്യമായി ക്രിമിനല്‍വല്‍ക്കരിച്ചു. പോലീസ് സേനയുടെ സ്വാഭാവിക ചലന സംവിധാനത്തെ താറുമാറാക്കി. പോലീസിനെ രാഷ്ട്രീയക്കാരുടെ പാദസേവക്കാരാക്കി.

വാഴ്ത്തലുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ട ഒന്നാണ് കരുണാകരന്‍ നക്‌സലൈറ്റുകളെ അടിച്ചമര്‍ത്തിയെന്നത്. ചരിത്രതെളിവുകളുടെ പിന്‍ബലമില്ലാത്തതാണ് ഈ അവകാശവാദം

O കേരളത്തില്‍ ആദ്യമായി ജനാധിപത്യത്തെയും നിയമസഭയെയും നിര്‍വീര്യമാക്കി. കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രിപോലും അപ്രസക്തനായിരുന്നു. ഭയമാണ് അന്ന് മുഖ്യന്ത്രിയെയും നയിച്ചത്.

O എല്ലാ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും ഹനിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം എന്ന മിതമായ ആവശ്യങ്ങള്‍ ഉന്നയിച്ച എല്ലാവരെയും മര്‍ദിച്ചൊതുക്കി. അതിന് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നു. അവിടെ ആണും പെണ്ണും പീഡിപ്പിക്കപ്പെട്ടു (കക്കയത്ത് നടന്ന ബലാല്‍സംഗങ്ങളും മാനഭംഗങ്ങളും ചരിത്രത്തില്‍ എവിടെയോ മുങ്ങിപ്പോയത് കരുണാകരന് തുണയായി). ഒരു തലമുറയെ രോഗത്തിലേക്കും അകാലജരാനരകളിലേക്കും നയിച്ചു.

O നിര്‍ബന്ധിത വന്ധികരണത്തിന് ആയിരക്കണക്കിന് ചെറുപ്പക്കാരെ വിധേയരാക്കി. സഞ്ജയ് ഗാന്ധിയുടെ ഈ മനുഷ്യാവകാശ ലംഘനത്തിന് എല്ലാ ഒത്താശകളും ചെയ്തു.

O പത്ര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തി. (‘നവാബ്’ പത്രവും അതിന്റെ പത്രാധിപരും തന്നെ എറ്റവും മികച്ച ഉദാഹരണങ്ങള്‍)

O അഴിമതി ആരോപണം പുറത്തുവരുന്ന ഘട്ടത്തില്‍ ഒരു രാഷ്ട്രീയ നേതാവ് (അഴിക്കോടന്‍ രാഘവന്‍) കൊലപ്പെട്ടതിന്റെ പല സാധ്യതകളും കരുണാകരനിലെത്തി നില്‍ക്കുന്നു. അതിനെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും കരുണാകരന്‍ ഇല്ലാതാക്കി. വെള്ളാനിക്കര എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകങ്ങളും മറവിയിലമര്‍ന്നു.

Oദളിതുകളെയും സ്ത്രീകളെയും അടിച്ചമര്‍ത്തി. സ്ത്രീര്‍മദ്ദനം അതിന്റെ എല്ലാ ശക്തമത്തായ ഭാവത്തോടെയും അടിച്ചേല്‍പ്പിച്ചു (തങ്കമണി സംഭവം, കക്കയത്തെ സ്ത്രീ പീഡനങ്ങള്‍). ബലാല്‍സംഗം ചെയ്യപ്പെടുന്ന ദളിത് സ്ത്രീക്ക് 500 രൂപ നഷ്ടപരിഹാരം എന്ന കുപ്രസിദ്ധ ചട്ടത്തിനായി വാദിച്ചു. കരുണാകരന്റെ നിലപാടുകള്‍ രാഷ്ട്രീയം ദളിതര്‍-സ്ത്രീകള്‍-ദരിദ്രര്‍- ആദിവാസികള്‍ എന്നിവര്‍ക്ക് എതിരായിരുന്നു.

O എല്ലാ ധാര്‍ഷ്ട്യത്തോടെയും ജനങ്ങള്‍ക്കുനേരെ പെരുമാറി (‘ഏത് ഈച്ചരവാര്യര്‍’ എന്ന കുപ്രശസ്തമായ ധാര്‍ഷ്ട്യം തന്നെ ഓര്‍ക്കുക). ജനങ്ങളോട് നുണ പലവട്ടം പറഞ്ഞു.

O സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസ- ആരോഗ്യരംഗം കച്ചവടവല്‍ക്കരിച്ചു.

O കോടതിയിയെ നിഷ്പ്രഭമാക്കി. തനിക്കെതിരെ വിധി പ്രസ്താവിച്ച ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയെ നാടുകടത്തി. കോടതിയോട് പലവട്ടം കള്ളം പറഞ്ഞു.

O ഏതൊരു ജനകീയ സമരത്തെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി.

O ഹിന്ദുസവര്‍ണ്ണതയെ തെളിഞ്ഞും മറഞ്ഞും ഊട്ടിയുറപ്പിച്ചു. പിതൃദായക മൂല്യങ്ങളെ പരിപാലിച്ചു. കേരളത്തിലെ സവര്‍ണ്ണാധിപത്യത്തിന്റെ നടത്തിപ്പ് നല്ല രീതിയില്‍ നിര്‍വഹിച്ചു.

O പരിസ്ഥിതി നശീകരണത്തിന് എല്ലാ ഒത്താശകളും ചെയ്തു.

O ജനങ്ങളുടെ പേരില്‍ എല്ലാ ആഡംബരങ്ങളുമായി കാലം കഴിച്ചു. തന്റെ സ്വകാര്യ ആവശ്യങ്ങള്‍പോലും ഭരണത്തിന്റെ കണക്കിലെഴുതി. മാസംതോറുമുള്ള പതിവ് ഗുരുവായൂര്‍ സന്ദര്‍ശനം പോലും.

ഇതല്ലാതെ, കരുണാകരനെ പരിശോധിക്കുമ്പോള്‍ മറ്റൊന്നും നമുക്ക് നല്ലതായി എടുത്തുകാണിക്കാനാവില്ല. നിശ്ചയാദാര്‍ഢ്യം, വേഗത, ധീരത തുടങ്ങിയ ചില സവിശേഷതകള്‍ സ്തുതിപാഠകര്‍ കരുണാകരനില്‍ ചാര്‍ത്തുമെങ്കിലും. അദ്ദേഹത്തിന്റെ ആത്മകഥയിലും (‘പതറാതെ മുന്നോട്ട്’) നമുക്ക് അദ്ദേഹം ചെയ്ത നല്ല സംഭാവനകള്‍ കണ്ടെടുക്കാനാവുന്നില്ലെന്നത് ഖേദകരമാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement