രണ്ട് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ചേക്കേറാനുള്ള ശ്രമം വിഫലം; ഏജന്റിനെ ഭീഷണിപ്പെടുത്തി റൊണാള്‍ഡോ; റിപ്പോര്‍ട്ട്
Football
രണ്ട് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ചേക്കേറാനുള്ള ശ്രമം വിഫലം; ഏജന്റിനെ ഭീഷണിപ്പെടുത്തി റൊണാള്‍ഡോ; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th January 2023, 9:02 am

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ ക്ലബ്ബുകളിലൊന്നില്‍ ചേക്കേറാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

യുണൈറ്റഡിലെ പടിയിറക്കത്തിന് ശേഷം ബയേണ്‍ മ്യൂണിക്കുമായോ ചെല്‍സിയുമായോ സൈന്‍ ചെയ്യാനുള്ള റോണോയുടെ ആഗ്രഹം നടക്കാതെ വന്നപ്പോള്‍ താരം തന്റെ ഏജന്റായ ജോര്‍ജ് മെന്‍ഡസിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്.

സ്പാനിഷ് മാധ്യമമായ എല്‍ മുണ്ടോയുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് ക്ലബ്ബുകളിലൊന്ന് സൈന്‍ ചെയ്യിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബന്ധം വിച്ഛേദിക്കുമെന്ന് റോണോ ഏജന്റിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

മെന്‍ഡസ് നിരവധി തവണ ശ്രമങ്ങള്‍ നടത്തിയെങ്കിലും ചെല്‍സിയോ ബയേണ്‍ മ്യൂണിക്കോ റൊണാള്‍ഡോയെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെല്‍സിയുടെ ഉടമ ടോഡ് ബോലി ആദ്യം റൊണാള്‍ഡോയെ സൈന്‍ ചെയ്യിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് താരത്തിന്റെ പ്രായവും ഓള്‍ഡ് ട്രാഫോഡിലെ അച്ചടക്ക പ്രശ്‌നങ്ങളും മുന്‍ നിര്‍ത്തി തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഗ്രഹാം പോര്‍ട്ടറിന്റെ വ്യവസ്ഥകളുമായി റൊണാള്‍ഡോ ഒത്തുപോകുമോ എന്ന ആശങ്കയും തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ ചെല്‍സി ഉടമയെ പ്രേരിപ്പിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ റൊണാള്‍ഡോയെ സൈന്‍ ചെയ്യിക്കില്ലെന്ന് ബയേണ്‍ മ്യൂണിക്ക് തീരുമാനിക്കുകയായിരുന്നു. റൊണാള്‍ഡോയെ തങ്ങള്‍ക്ക് ഇഷ്ടമാണെന്നും എന്നാല്‍ ക്ലബ്ബിന്റെ ചട്ടങ്ങള്‍ പ്രകാരം അദ്ദേഹത്തെ സൈന്‍ ചെയ്യിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ബയേണിന്റെ സി.ഇ.ഒ ഒലിവര്‍ ഖാന്‍ പറഞ്ഞത്.

തന്റെ ആഗ്രഹ പ്രകാരം യൂറോപ്പില്‍ തുടരാന്‍ കഴിയാതെ വന്നപ്പോഴാണ് റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്.

ലോകത്ത് ഒരു ഫുട്‌ബോളര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ വേതനം നല്‍കി രണ്ട് വര്‍ഷത്തെ കരാറിലാണ് അല്‍ നസര്‍ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.

Content Highlights: Cristiano Ronaldo threatened Jorge Mendes over failure to secure transfer to 2 clubs