ഒരു പതിറ്റാണ്ടിലേറെ കാലം നേര്‍ക്കുനേര്‍ മത്സരിച്ചാണ് ഇരുവരും ഫുട്‌ബോള്‍ ലോകത്തെ അടക്കി വാണതും ആരാധകരുടെ മനസ് കീഴടക്കിയതും. ഒപ്പം ആരാധകരെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ളവരുമാണ് ഈ രണ്ടുപേരുകള്‍.
ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.
മെസിയും റൊണാള്‍ഡോയോ നേര്‍ക്കുനേര്‍ വന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇവരില്‍ മികച്ച താരമാര് എന്നതായിരുന്നു ഇക്കാലത്ത് ഫുട്‌ബോളില്‍ ഏറെ ചൂടുപിടിച്ച ചര്‍ച്ചാവിഷയം.
വലിയൊരു ഒരു കൂട്ടം ആരാധകരുടെ ഉത്തരം മെസിയാണെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അത് എന്നും റൊണാള്‍ഡോയാണ്. ഇരുവരുടെയും മികവിനെയും ഒരുപോലെ അംഗീകരിക്കുന്നവരുമുണ്ട്.
മെസി – റൊണാള്‍ഡോ റൈവല്‍റിയുടെ പ്രൈം ഘട്ടം 2009 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തിലായിരുന്നു. മെസി ബാഴ്സലോണയ്ക്കും ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിനും വേണ്ടി ബൂട്ട് കെട്ടിയ കാലമായിരുന്നുവത്.
ബാലണ്‍ ഡി ഓറും ലീഗ് ടൈറ്റിലുകളും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി ഇരുവരും പരസ്പരം മത്സരിച്ച് മുന്നേറിയ ആ വര്‍ഷങ്ങള്‍ ആരാധകര്‍ക്ക് വലിയ ആഘോഷമായിരുന്നു. ഈ കാലഘട്ടിലാണ് ഇരുവരും തമ്മില്‍ മികച്ചത് ആരാണെന്ന ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടത്.
ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.
2019ല്‍ DAZN-ന് നല്‍കിയ അഭിമുഖത്തില്‍ മെസിയും താനും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് റൊണാള്‍ഡോ സംസാരിച്ചിരുന്നു. താന്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളത്തിലിറങ്ങി ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ടെന്നും എന്നാല്‍ മെസിക്കത് സാധിച്ചിട്ടില്ല എന്നുമായിരുന്നു പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ വാക്കുകള്‍.
‘മെസിയെ കുറിച്ച് പറയുമ്പോള്‍ അവന്‍ തീര്‍ച്ചയായും മികച്ച താരമാണ്. അവന്‍ സ്വന്തമാക്കിയ ബാലണ്‍ ഡി ഓറുകളെ മാത്രം കുറിച്ച് മാത്രമല്ല, എന്നെപ്പോലെ തന്നെ ഓരോ വര്‍ഷം പിന്നിടുമ്പോഴും ഈ ഗെയ്മിന്റെ തലപ്പത്ത് തുടരുന്നതിനെ കുറിച്ചും കൂടിയുമാണിത്.
ഞാന്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട് എന്നതാണ് ഞങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. വിവിധ ടീമുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും ഞാന്‍ സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ ആറ് വര്‍ഷം ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനം എനിക്കായിരുന്നു,’ റൊണാള്‍ഡോ പറഞ്ഞു.
Content Highlight: Cristiano Ronaldo talks about the difference between him Lionel Messi