2026 ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് പോര്‍ച്ചുഗലും സ്പെയ്നും കളത്തിലിറങ്ങാനൊരുങ്ങുകയാണ്. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധ രാത്രികഴിഞ്ഞ് 12.30നാണ് മത്സരം. ഡാലസ് സ്റ്റേഡിയത്തിലാണ് ഈ ആവേശകമരമായ മത്സരം നടക്കുന്നത്.
റൗണ്ട് ഓഫ് 32ല്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പറങ്കിപ്പട പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. മറുഭാഗത്ത് ഓസ്‌ട്രേലിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് സ്പാനിഷ് പടയുടെ വരവ്.
ഈ മത്സരത്തിന് മുന്നോടിയായി തന്റെ ഭാവിയെക്കുറിച്ച് ഒരു വമ്പന്‍ പ്രസ്താവന നടത്തിയിരിക്കുകയാണ് റൊണാള്‍ഡോ. ഇത് തന്റെ അവസാന ലോകകപ്പ് ആണെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. താന്‍ എപ്പോള്‍ കളി നിര്‍ത്തണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങള്‍ അല്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.
‘ഞാന്‍ എപ്പോഴാണ് കളി നിര്‍ത്തേണ്ടത് എന്ന് തീരുമാനിക്കുന്നത് അവരല്ല (മാധ്യമങ്ങള്‍), ഞാനാണ്. ഇത് എന്റെ അവസാന ലോകകപ്പ് ആണ്. ദൈവം നല്‍കിയ കാര്യങ്ങളിലെല്ലാം ഞാന്‍ നന്ദിയുള്ളവനാണ്. ജയിച്ചാലും തോറ്റാലും ഞാന്‍ എപ്പോഴും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരിക്കും,’ റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിയാണ് റൊണാള്‍ഡോ കുതിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്ബെകിസ്ഥാനെതിരെ ഇരട്ട ഗോള്‍ നേടി തിളങ്ങിയ റൊണാള്‍ഡോ ക്രൊയേഷ്യക്കെതിരെ ഒരു ഗോളും സ്വന്തമാക്കി. ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും റൊണാള്‍ഡോ മാറിയിരുന്നു. 41 വയസും 147 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.
അതേസമയം ഗ്രൂപ്പ് കെ-യില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ ഡി.ആര്‍ കോംഗോയോട് സമനിലയില്‍ കുടുങ്ങിയ പറങ്കിപ്പട രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് തിരിച്ചു വന്ന എന്നാല്‍ അവസാന മത്സരത്തില്‍ കൊളംബിയയോട് പോര്‍ച്ചുഗല്‍ സമനില വഴങ്ങി. റൗണ്ട് ഓഫ് 32ല്‍ ക്രൊയേഷ്യയെ മറികടന്ന് റൊണാള്‍ഡോ പ്രീക്വാര്‍ട്ടറിലേക്കും കടന്നു.
Content Highlight: Cristiano Ronaldo talks about his retirement in football