2026 ഫിഫ ലോകകപ്പില്‍ ആദ്യ കിരീടമെന്ന സ്വപ്നം ബാക്കിയാക്കി പോര്‍ച്ചുഗല്‍ മടങ്ങിയിരിക്കുകയാണ്. ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്തായത്.
ഈ തോല്‍വിയോടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പെന്ന സ്വപ്നവും അവസാനിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് കണ്ണീരോടെയാണ് അവസാനിച്ചത്.
ഈ തോല്‍വിയോടെ ഒരു താരവും ആഗ്രഹിക്കാത്ത ഒരു റെക്കോഡാണ് റൊണാള്‍ഡോയെ തേടിയെത്തിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെടുന്ന താരമായാണ് റൊണാള്‍ഡോ മാറിയത്. ലോകകപ്പിലെ തന്റെ എട്ടാം തോല്‍വിയാണ് സ്‌പെയ്‌നിനെതിരെ റൊണാള്‍ഡോ ഏറ്റുവാങ്ങിയത്.
ഇത്ര മത്സരങ്ങള്‍ പരാജയപ്പെട്ട മൂന്ന് താരങ്ങള്‍ക്കൊപ്പമാണ് റൊണാള്‍ഡോ. മാത്യു ലക്കി(ഓസ്‌ട്രേലിയ), ഹോംഗ് ബ്യു ബോങ്, സണ്‍ ഹ്യൂങ് മിന്‍(സൗത്ത് കൊറിയ), അന്റോണിയോ കാര്‍ബജല്‍(മെക്‌സിക്കോ) എന്നിവരാണ് ഇതിന് മുമ്പ് എട്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടത്.
അതേസമയം പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമില്‍ (90+1 മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറീനോയാണ് വിജയഗോള്‍ നേടിയത്. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് സ്പെയിന്റെ വിജയ ഗോള്‍ പിറന്നത്.
ഫാബിയന്‍ റൂയിസ് നല്‍കിയ പാസ് സ്വീകരിച്ച പഫെറാന്‍ ടോറസ് മെറിനോയ്യുടെ മുന്നിലെത്തിക്കുകയായിരുന്നു. മെറിനോ പന്ത് പോര്‍ച്ചുഗല്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിക്കുകയായിരുന്നു.
അതേസമയം മത്സരത്തില്‍ പോര്‍ച്ചുഗല്‍ മികച്ച നീക്കങ്ങള്‍ നടത്തിയിരുന്നു. മത്സരത്തിന്റെ 11ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഐമെറിക് ലപ്പോര്‍ട്ടെയെ വെട്ടിച്ച് ശക്തമായ ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും സ്പാനിഷ് ഗോളി ഉനൈ സിമോണ്‍ മികച്ച രീതിയില്‍ സേവ് ചെയ്യുകയായിരുന്നു.