സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ പരജായപ്പെട്ടിരുന്നു. റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അല്‍ ഖ്വാദിസിയയോടായിരുന്നു അല്‍ നസറിന്റെ പരാജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് അല്‍ ഖ്വാദിസിയ അല്‍ അലാമിയെ പരാജയപ്പെടുത്തിയത്.
ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം 51ാം മിനിട്ടില്‍ ജൂലിയന്‍ ക്വിനോണ്‍സിലൂടെയാണ് ഖ്വാദിസിയ ലീഡ് നേടിയത്. 15 മിനിട്ടിന് ശേഷം നാഹിതന്‍ നാന്‍ഡെസ് ടീമിന്റെ ലീഡ് ഇരട്ടിയാക്കി.
മത്സരത്തിന്റെ 81ാം മിനട്ടില്‍ റൊണാള്‍ഡോ അല്‍ നസറിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. പെനാല്‍ട്ടിയിലൂടെയായിരുന്നു ഗോള്‍ നേട്ടം. ഈ ഗോളോടെ തന്റെ പ്രൊഫഷണല്‍ കരിയറിലെ ഗോള്‍ നേട്ടം 958 ആയി ഉയര്‍ത്താനും റൊണാള്‍ഡോയ്ക്ക് സാധിച്ചു. ആയിരം കരിയര്‍ ഗോളെന്ന നേട്ടത്തിലേക്ക് വെറും 42 ഗോളിന്റെ ദൂരം മാത്രമാണ് റോണോയ്ക്കുള്ളത്.
പരാജയപ്പെട്ടെങ്കിലും മത്സരത്തിലെ ഗോള്‍നേട്ടത്തോടെ ഒരു ഐതിഹാസിക നേട്ടം സ്വന്തമാക്കാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു. തുടര്‍ച്ചയായ 25 വര്‍ഷങ്ങളില്‍ ഗോള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 2002ല്‍ തുടങ്ങിവെച്ച ഗോളടി 2026ലും എല്‍ ബിച്ചോ തുടരുകയാണ്.
പോര്‍ച്ചുഗല്‍ ദേശീയ ടീമിന് പുറമെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസര്‍ ടീമുകള്‍ക്ക് വേണ്ടിയാണ് താരം ഗോള്‍ കണ്ടെത്തിയത്.
കരിയറില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് താരം ഏറ്റവുമധികം ഗോള്‍ സ്വന്തമാക്കിയത്. 450 തവണയാണ് ലോസ് ബ്ലാങ്കോസ് ജേഴ്‌സിയില്‍ ഇതിഹാസ താരം എതിരാളികളുടെ ഗോള്‍വല കുലുക്കിയത്. ഒപ്പം പോര്‍ച്ചുഗല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, അല്‍ നസര്‍ ടീമുകള്‍ക്കായി നൂറിലേറെ ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, അല്‍ ഖ്വാദിസിയയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സൗദിയിലെ മഞ്ഞപ്പട. 13 മത്സരത്തില്‍ നിന്നും പത്ത് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 31 പോയിന്റാണ് ടീമിനുള്ളത്. 35 പോയിന്റുമായി ചിരവൈരികളായ അല്‍ ഹിലാലാണ് ഒന്നാമത്.
ലീഗില്‍ അല്‍ ഹിലാലിനെയാണ് അല്‍ നസറിന് നേരിടാനുള്ളത്. ജനുവരി 12ന് കിങ്ഡം അരീനയാണ് സൗദി എല്‍ ക്ലാസിക്കോയ്ക്ക് വേദിയാകുന്നത്.
Content Highlight: Cristiano Ronaldo scored goal in 25 consecutive years